- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യെമനിൽ ബോംബ് സ്ഫോടനത്തിൽ ചണ്ഡീഗഢ് സ്വദേശി കൊല്ലപ്പെട്ടു; ഹൂദികളുടെ നിയന്ത്രണത്തിലുള്ള ആശുപത്രിയിൽ കുടുങ്ങി മലയാളി നഴ്സുമാരും; എംബസി അടച്ചുപൂട്ടുന്നതോടെ ആശങ്ക വർധിച്ചു; കാര്യങ്ങൾ ഗൗരവതരമെന്ന് മന്ത്രി കെ സി ജോസഫും; പക്ഷം പിടിച്ച് അമേരിക്കയും ഇറാനും എത്തിയതോടെ യുദ്ധം ശക്തമാകും
സനാ: യെമനിൽ സംഘർഷത്തിനിടെ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ചണ്ഡീഗഢ് സ്വദേശി മഞ്ജീത് സിങ്ങാണ് മരിച്ചത്. ഏദനിൽ ബോംബു സ്‌ഫോടനത്തിലാണ് മഞ്ജീത് സിങ് കൊല്ലപ്പെട്ടത്. മഞ്ജിത്തിന്റെ മൃതദേഹം ജിബൂട്ടിയിൽ എത്തിച്ചു. നാവിക സേന കപ്പലായ ഐഎൻഎസ് ടർക്കാഷിൽ മൃതദേഹം മുംബൈയിൽ എത്തിക്കും. ഇന്ത്യൻ സർക്കാരിന്റെ ശ്രമഫലമായി വിദേശികൾ ഉൾപ്പെടെ നിരവധി പേരെ യ
സനാ: യെമനിൽ സംഘർഷത്തിനിടെ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ചണ്ഡീഗഢ് സ്വദേശി മഞ്ജീത് സിങ്ങാണ് മരിച്ചത്. ഏദനിൽ ബോംബു സ്‌ഫോടനത്തിലാണ് മഞ്ജീത് സിങ് കൊല്ലപ്പെട്ടത്. മഞ്ജിത്തിന്റെ മൃതദേഹം ജിബൂട്ടിയിൽ എത്തിച്ചു. നാവിക സേന കപ്പലായ ഐഎൻഎസ് ടർക്കാഷിൽ മൃതദേഹം മുംബൈയിൽ എത്തിക്കും.
ഇന്ത്യൻ സർക്കാരിന്റെ ശ്രമഫലമായി വിദേശികൾ ഉൾപ്പെടെ നിരവധി പേരെ യെമനിൽ നിന്നു സ്വദേശങ്ങളിൽ എത്തിക്കാൻ കഴിഞ്ഞെങ്കിലും മടങ്ങിവരാനാകാതെ തളയ്ക്കപ്പെട്ടവരും അനവധിയാണ്. നാട്ടിലേക്കു മടങ്ങിവരാൻ ആഗ്രഹിച്ചിട്ടും അതിനു കഴിയാതെ നിരവധി പേരാണ് യെമനിൽ കുടുങ്ങിക്കിടക്കുന്നത്. ഒപ്പമുള്ളവർ ഈ യുദ്ധഭൂമിയിൽ നിന്ന് മോചിതരായെങ്കിലും ഒന്നും ചെയ്യാനാകാതെ തങ്ങൾക്കായി ഇനിയൊരു രക്ഷകൻ വരുമോ എന്നറിയാതെ നിസഹായരായി കഴിയുകയാണ് കുറെ ഇന്ത്യക്കാർ. അതിനിടെയാണ് സംഘർഷത്തിൽ യെമനിലെ ഏദനിൽ ഇന്ത്യക്കാരൻ മരിച്ചതായി റിപ്പോർട്ടു പുറത്തുവന്നത്.
എംബസി കൂടി അടച്ചുപൂട്ടുന്നതോടെ ഇനിയെന്ത് എന്നറിയാത്ത അവസ്ഥയിലാണ് ഇവിടെയുള്ള മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ. കാര്യങ്ങളെല്ലാം ഗൗരവമേറിയതാണെന്നു മന്ത്രി കെ സി ജോസഫ് പറയുമ്പോഴും ഇവരെ നാട്ടിലെത്തിക്കാൻ എന്താണ് ഇനി മാർഗമെന്ന കാര്യത്തിൽ മാത്രം ഒരു രൂപവും ആർക്കുമില്ല. അമേരിക്കയും ഇറാനും കൂടി പങ്കുചേരുമെന്ന സ്ഥിതി വന്നതോടെ യുദ്ധം കൊടുമ്പിരിക്കൊള്ളുമെന്നുറപ്പായി. യുഎൻ ഇടപെടലിൽ മാത്രമാണ് ഇനി എന്തെങ്കിലും പ്രതീക്ഷയുള്ളത്. ഇതെല്ലാം എന്തുമാത്രം ഫലപ്രദമാകുമെന്ന് കണ്ടറിയേണ്ടി വരും.
യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന യമനിലെ സദാം നഗരത്തിലെ അൽസലാല ആശുപത്രിയിലാണ് മലയാളികൾ അടക്കമുള്ള നിരവധി പേർ മോചനമില്ലാതെ കഴിയുന്നത്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള ആശുപത്രിയിലാണ് ഇവരെല്ലാം കുടുങ്ങിയിരിക്കുന്നത്. ഇവിടെ നഴ്‌സുമാരുൾപ്പെടെ ഭൂരിപക്ഷം പേരും മലയാളികളാണ്. അപകടംപിടിച്ച ഈ സ്ഥലത്തുനിന്ന് എങ്ങനെയെങ്കിലും നാട്ടിലെത്തിയാൽ മതിയെന്നാണ് എല്ലാവരുടെയും അഭിപ്രായം. എയർപോർട്ടിൽ എത്താൻ കഴിഞ്ഞാൽ സഹായിക്കാമെന്ന് മന്ത്രിമാരൊക്കെ പറയുന്നുണ്ട്. പക്ഷേ, ആശുപത്രി വിട്ടുപോകാൻ ഇവിടെത്തെ കലാപകാരികളായ ഹൂദികൾ സമ്മതിക്കുന്നില്ല. അവരെ എതിർത്തുകൊണ്ടുള്ള യാത്രയും അപകടം നിറഞ്ഞതാണ്. തങ്ങൾ ശരിക്കും അവരുടെ 'തടവി'ലാണെന്നാണ് നഴ്‌സുമാരടക്കമുള്ളവർ നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്.
യുദ്ധത്തിൽ മരിച്ചവരുടെ ചലനമറ്റശരീരങ്ങളാണ് ദിവസവും എത്തുന്നത്. പിന്നെ സ്‌ഫോടനത്തിലും വെടിയേറ്റും ശരീരം തകർന്ന് മൃതപ്രായരായെത്തുന്ന സിവിലിയന്മാരും പട്ടാളക്കാരും. ഈ ആശുപത്രിയിൽനിന്ന് നിങ്ങൾ പോകരുത്. എല്ലാ സംരക്ഷണവും ഞങ്ങൾ തരുമെന്നാണ് തോക്കേന്തിയ ഹൂദികൾ മലയാളി നഴ്‌സുമാരോട് പറയുന്നത്. പേടിച്ചരണ്ട് ഒന്നും പറയാൻ പോലും വയ്യാത്ത അവസ്ഥയിലാണ് ഇവരെല്ലാം.
രണ്ടു കിലോമീറ്റർ അടുത്തുനിന്നുപോലും വെടിയൊച്ചയാണ്. രാത്രി കുഞ്ഞുങ്ങൾ ഞെട്ടിയുണർന്ന് കരയുന്നു. ആകെ ഭീതിദമായ അവസ്ഥ. ജോലി ചെയ്യുന്നതിനേക്കാൾ ആശുപത്രിക്ക് നേരേ തിരിച്ചടി ഉണ്ടാവുമോ എന്ന ഭയത്തിലാണ് ജീവനക്കാർ. സഹായം അഭ്യർത്ഥിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഇവരുടെ പ്രതിനിധികൾ മന്ത്രി കെ സി ജോസഫിനെ വിളിച്ചിരുന്നു. തൊട്ടടുത്ത എയർപോർട്ടിൽ എങ്ങനെയെങ്കിലും എത്താനാണ് മന്ത്രി പറഞ്ഞത്. അവിടെയെത്താൻ ആറുമണിക്കൂർ എങ്കിലും യാത്രചെയ്യണം. ആറ് ചെക്‌പോസ്റ്റും കടക്കണം. അതുകൊണ്ടുതന്നെ പുറമെനിന്നുള്ള സഹായം ഇല്ലാതെ യാത്ര ചെയ്യുന്നത് ജീവനുതന്നെ അപകടമാണെന്നാണ് ആശുപത്രിയിൽ കുടുങ്ങിയവർ പറയുന്നത്.
ഇതിനിടെയാണ് ഇറാനു മുന്നറിയിപ്പുമായി അമേരിക്കയും രംഗത്തെത്തിയിരിക്കുന്നത്. യെമനിൽ ഹൂതികൾക്ക് ഇറാന്റെ സഹായമുണ്ടെന്ന കാര്യം അമേരിക്കയ്ക്ക് അറിയാമെന്നും മേഖലയുടെ സുരക്ഷ അവതാളത്തിലാകുന്നത് കൈയും കെട്ടി നോക്കിനിൽക്കില്ലെന്നും സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി പ്രസ്താവിച്ചു. യെമനിലെ സംഭവവികാസങ്ങളിൽ ആശങ്കയുണ്ട്. അവിടെ ഇറാന്റെ സഹായമുണ്ടെന്ന് വ്യക്തമാണ്. എല്ലാ ആഴ്ചയും ഇറാൻ വിമാനങ്ങൾ യമനിലേക്ക് പലവട്ടം പറക്കുന്നുണ്ട്. മേഖലയിലെ സുഹൃത്തുക്കൾക്കൊപ്പം അമേരിക്ക എന്നും നിലകൊള്ളുമെന്നും അവരുടെ താൽപര്യങ്ങൾക്ക് ഭീഷണി സൃഷ്ടിക്കാൻ ഇറാനെ അനുവദിക്കില്ലെന്നുമാണ് അമേരിക്ക പറയുന്നത്. അന്താരാഷ്ട്ര നിയമങ്ങൾക്കെതിരായും മേഖലയുടെ സുരക്ഷ അപകടത്തിലാക്കിയും ഭീഷണിയുയർത്തുന്നവർക്കെതിരായി ഇടപെടൽ ഉണ്ടാകുമെന്ന അമേരിക്കൻ മുന്നറിയിപ്പ് യുദ്ധം മൂർച്ഛിപ്പിക്കുമെന്ന സൂചന തന്നെയാണ് നൽകുന്നത്.
രാജ്യത്തെ ഏറ്റവും വിലപിടിച്ച ബിൽഹാഫ് ഗ്യാസ് സ്റ്റേഷനും കയറ്റുമതി കേന്ദ്രവും നിയന്ത്രണത്തിലാക്കാമെന്ന ലക്ഷ്യത്തോടെയാണ് ഹൂതികളുടെ നീക്കം. ഹൂതികളുടെ നിയന്ത്രണത്തിലുള്ള തലസ്ഥാനമായ സനായിൽ ഇന്ധനക്ഷാമം രൂക്ഷമായതോടെ ജനം പ്രതിഷേധവുമായി തെരുവിലിറങ്ങി പ്രധാന റോഡുകൾ ഉപരോധിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ഹൂതി സായുധധാരികൾ ആകാശത്തേക്ക് വെടിയുതിർത്തു. സൈനികവേഷത്തിലും മഫ്തിയിലുമെത്തിയ ആയുധധാരികൾ സനായിലെ ശാറ സിത്തീനിലാണ് വെടിവെപ്പ് നടത്തിയത്. തലസ്ഥാനത്തെ പ്രധാന പെട്രോൾ സ്റ്റേഷനുകളിലൊന്നും ഇന്ധനമില്ലാത്ത അവസ്ഥയാണ്. എണ്ണ ഊറ്റിയെടുത്ത് കരിഞ്ചന്തയിലൂടെ വ്യാപകമായി വിൽപന നടത്തുന്നതായാണ് പ്രതിഷേധക്കാരുടെ ആരോപണം.
രണ്ടാഴ്ചയായി തുടരുന്ന ആഭ്യന്തരയുദ്ധത്തിലും വ്യോമാക്രമണത്തിലുമായി ഇതുവരെ 643 പേർ കൊല്ലപ്പെടുകയും 2200 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. പതിനായിരക്കണക്കിനാളുകൾക്കാണ് കിടപ്പാടം നഷ്ടപ്പെട്ടത്. ആക്രമണം മുറുകുന്നതിനിടെ ഏദനിൽ രണ്ടര ടൺ മരുന്നുകൾ ഡോക്ടർ വിതൗട്ട് ബോഡേഴ്‌സ് സംഘടനയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു തുടങ്ങി. അന്താരാഷ്ട്ര റെഡ്‌ക്രോസിന്റെ ഒരു വൈദ്യ ശസ്ത്രക്രിയാ സംഘവും ഏദനിൽ എത്തിയിട്ടുണ്ട്.
യെമനിൽ യുദ്ധം അവസാനിപ്പിക്കാൻ സൗദി സഖ്യസേനയും ഹൂതി വിമതരും തയ്യാറാകണമെന്ന് യുഎൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ ആവശ്യപ്പെട്ടു. ആഭ്യന്തര കലാപം തുടരുന്നത് വൻ പ്രത്യാഘാതം സൃഷ്ടിക്കും. പ്രശ്‌ന പരിഹാരത്തിനായി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ രാഷ്ട്രീയ ചർച്ചകൾ ആവശ്യമാണെന്നും ബാൻ കി മൂൺ പറഞ്ഞു. ദേശീയ താത്പര്യങ്ങൾ മാറ്റിവച്ച് യെമനിലേക്ക് മതിയായ സഹായങ്ങൾ എത്തിക്കാൻ ബാൻ കി മൂൺ ലോക രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു.