വാഷിങ്ടൻ: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു കൊണ്ട് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പ്രചരണ പരിപാടികൾ തുടങ്ങി. കോൺഗ്രസിനെ ബാധിച്ച തെറ്റുകൾ ഏറ്റുപറഞ്ഞു കൊണ്ടും നരേന്ദ്ര മോദി സർക്കാറിന്റെ ജനദ്രോഹ നിലപാടുകളെ വിമർശിച്ചും, പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ സന്നദ്ധത അറിയിച്ചു കൊണ്ടും അമേരിക്കയിൽ വെച്ച് രാഹുൽ ഗാന്ധി അഭിമുഖം നൽകി. നിലപാടിലെ വ്യക്തത കൊണ്ട് ശ്രദ്ധേയമായ അഭിമുഖം ദേശീയ തലത്തിൽ കോൺഗ്രസിന് തിരിച്ചുവരവിന്റെ ഊർജ്ജം പകരുന്നകതായി. രണ്ടാഴ്ച നീളുന്ന യുഎസ് പര്യടനത്തിനായി എത്തിയ രാഹുൽ, കലിഫോർണിയ സർവകലാശാലയിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യവെയാണ് തന്റെ നിലപാടുകൾ അടിവരയിട്ട് വ്യക്തമാക്കിയത്.

2012ഓടെ പാർട്ടിക്കുള്ളിലേക്കു നുഴഞ്ഞുകയറിയ ധാർഷ്ഠ്യ മനോഭാവമാണ് കോൺഗ്രസിനെ ജനങ്ങളിൽനിന്ന് അകറ്റിയതെന്ന് രാഹുൽ അഭിപ്രായപ്പെട്ടു. നരേന്ദ്ര മോദി സർക്കാരിനു കീഴിൽ അക്രമസംഭവങ്ങൾ ഇന്ത്യൻ ദേശീയതയുടെ മുഖ്യധാരയിലേക്കു കടന്നുവരുന്നതിൽ കടുത്ത ആശങ്കയും രാഹുൽ രേഖപ്പെടുത്തി. മോദി ഭരണത്തിന് കീഴിൽ രാജ്യത്ത് വിദ്വേഷം അനുദിനം വളരുകയാണെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘർഷം ഇന്ത്യയുടെ മുഖ്യധാരയിലേക്കു വരുന്ന കാഴ്ചയാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ഇത് തീർത്തും അപകടകരമായ പ്രവണതയാണ്. സംഘർഷത്തിന്റെ ഫലമായി മുത്തശ്ശിയെയും പിതാവിനെയും നഷ്ടമായ ആളാണ് ഞാൻ എന്നകാര്യം ചൂണ്ടിക്കാട്ടിയും രാഹുൽ വികാരാധീനനായി: 'എനിക്ക് മുത്തച്ഛനെ നഷ്ടപ്പെട്ടു. പിതാവിനെ നഷ്ടപ്പെട്ടു. എനിക്ക് ഹിംസയെക്കുറിച്ച് മനസ്സിലാവില്ലെങ്കിൽ മറ്റാർക്ക് അത് മനസ്സിലാകും. ഇന്ദിരയ്ക്ക് നേരെ 32 തവണ നിറയൊഴിച്ചവർ എന്റെ സുഹൃത്തുക്കളായിരുന്നു. അവരോടൊപ്പം ഞാൻ ബാഡ്മിന്റൺ കളിച്ചിട്ടുണ്ട്. അങ്ങനെ ഒരു ദിവസം ഞാൻ കാണുന്നത് മുത്തശ്ശി വെടിയേറ്റ് മരിച്ചതാണ്. ആർക്കെതിരായിട്ടുള്ളതായാലും ഹിംസ തെറ്റാണ്. അതിനെ ഞാൻ അപലപിക്കുന്നു. സിഖ് വംശജരെ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു. അവർക്ക് നീതികിട്ടാനായി എന്തെങ്കിലും ചെയ്യാനാകുമെങ്കിൽ അത് ചെയ്യുന്ന ആദ്യത്തെ ആൾ ഞാനായിരിക്കും. - രാഹുൽ പറഞ്ഞു.

ധ്രുവീകരണ രാഷ്ട്രീയം വളരെ അപകടം പിടിച്ച ഒന്നാണ്. വിദ്വേഷം, കോപം, ഹിംസ എന്നിവയ്‌ക്കെല്ലാം നമ്മെ വേരോടെ പിഴുതെറിയാൻ സാധിക്കും. സ്വതന്ത്ര പത്രപ്രവർത്തനം നടത്തുന്നവർ കൊല്ലപ്പെടുന്നു. ബീഫ് കൊണ്ടുപോകുന്നതിന്റെ പേരിൽ പൗരന്മാർ മർദ്ദനത്തിന് ഇരയാവുകയും ദലിത് വിഭാഗക്കാർ കൊല്ലപ്പെടുകയും ചെയ്യുന്നു. ബീഫ് കഴിക്കുന്നതിന്റെ പേരിൽ മുസ്‌ലിംകളും വധിക്കപ്പെടുന്നു. ഇതെല്ലാം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പുതിയ കാഴ്ചകളാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.

നോട്ട് നിരോധനവും വേണ്ടത്ര തയ്യാറെടുപ്പില്ലാതെ ജിഎസ്ടി നടപ്പാക്കിയതും സാമ്പത്തിക രംഗത്തിന് കനത്ത സമ്മർദമുണ്ടാക്കി. നോട്ട് നിരോധനം ഏകപക്ഷീയമായി എടുത്ത തീരുമാനമായിരുന്നു. ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടു. ജിഡിപി വളർച്ചയിൽ രണ്ട് ശതമാനം ഇടിവുണ്ടാക്കി.

കോൺഗ്രസ് ഭരണകാലത്ത് വളരെ സുതാര്യമായിരുന്ന വിവരാവകാശ നിയമം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിൽ വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച പ്രഭാഷകനാണെന്ന് തുറന്നു സമ്മതിക്കാനും രാഹുൽ മനസ്സു കാട്ടി. എന്റെ കൂടി പ്രധാനമന്ത്രിയാണ് അദ്ദേഹം. മികച്ച പ്രഭാഷകനായ അദ്ദേഹത്തിന് ആശയങ്ങൾ ഏറ്റവും കൃത്യമായി ശ്രോതാക്കളിൽ എത്തിക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ, ഭരണം സുതാര്യമാക്കുന്ന കാര്യത്തിൽ അദ്ദേഹത്തിന് വീഴ്ച സംഭവിക്കുന്നുമുണ്ട് രാഹുൽ പറഞ്ഞു.

ഇന്ത്യൻ രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തെക്കുറിച്ചും രാഹുൽ മനസ്സു തുറന്നു. ഇന്ത്യയുടെ ഭൂരിഭാഗവും ഇത്തരത്തിൽ തന്നെയാണ് ഭരിക്കപ്പെടുന്നതെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഒരു പൊതു രീതിയാണിത്. എല്ലാ രാഷ്ട്രീയ പാർട്ടികളിലും തന്നെ ഇത്തരം കുടുംബാധിപത്യം ഒരു പ്രശ്‌നമാണ്. അഖിലേഷ് യാദവ്, എ.കെ. സ്റ്റാലിൻ, നടൻ അഭിഷേക് ബച്ചൻ തുടങ്ങിയവരെല്ലാം ഇത്തരത്തിൽ പിന്തുടർച്ചക്കാരായി എത്തിയവരാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ എന്നെ മാത്രം ലക്ഷ്യമിടുന്നതിൽ കാര്യമില്ല രാഹുൽ പറഞ്ഞു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടി നേതൃത്വം ഏറ്റെടുക്കാനും താൻ തയാറാണെന്ന് രാഹുൽ വ്യക്തമാക്കി.

ലോസാഞ്ചൽസിൽ അസ്‌പെൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രമുഖരുമായും വാഷിങ്ടണിൽ നയരൂപീകരണ വിദഗ്ധരും രാഷ്ട്രീയ നേതാക്കളുമായും രാഹുൽ കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ വംശജരുടെ സമ്മേളനത്തിലും പങ്കെടുക്കും. ജനാധിപത്യവും മതനിരപേക്ഷതയും ഭീഷണി നേരിടുമ്പോൾ ഇന്ത്യയുടെ കരുത്തും മൂല്യങ്ങളും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയാണു രാഹുൽ ഗാന്ധിയുടെ യാത്രാലക്ഷ്യമെന്നു കോൺഗ്രസ് വക്താവ് പറഞ്ഞു.

2019ൽ നടക്കുന്ന ലോക്‌സഭാ തെരിഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിനെ ഉടച്ചുവാർക്കാൻ തന്നെയാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്. ശശി തരൂരിനെ പോലുള്ളവരെ ഒപ്പം നിർത്തിയാണ് രാഹുൽ പരിപാടികൾ ആവിഷ്‌ക്കരിക്കുന്നത്. അടുത്ത തവണ അധികാരത്തിൽ എത്താൻ സാധിച്ചില്ലെങ്കിൽ കൂടി ശക്തമായ പ്രതിപക്ഷമായി കോൺഗ്രസിനെ മാറ്റാൻ രാഹുലിന് സാധിക്കുമോ എന്നതാണ് അറിയേണ്ടത്. രാഹുലിന്റെ നേതൃത്വം അംഗീകരിക്കാതെ മുതിർന്ന നേതാക്കൾ പോലും പാർട്ടി വിടുന്ന സാഹചര്യമാണ് നിലവിലുള്ളത്.