ലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ ഗാനഗന്ധർവൻ യേശുദാസിനും മലയാളിയല്ലാഞ്ഞിട്ട് കൂടി മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ഗായിക ശ്രേയ ഘോഷാലിനും സംസ്ഥാന സർക്കാരിന്റെ മികച്ച ഗായികർക്കുള്ള അവാർഡ് തേടിയെത്തുന്നത് ആദ്യമല്ല. ഇത് ഇരുപത്തിനാലാം വട്ടമാണ് ഗാനഗന്ധർവ്വനെ തേടി കേരള സർക്കാരിന്റെ അവാർഡെത്തുന്നത്. മലയാളിയല്ലെങ്കിലും തന്റെ പാട്ടുകളിലെ മലയാളിത്തം കൊണ്ട് ശ്രേയ ഘോഷാൽ അവാർഡ് കരസ്ഥമാക്കുന്നത് ഇത് രണ്ടാം തവണയാണ്.

യേശുദാസിനെ തേടിയെത്തിയ അംഗീകാരങ്ങൾ എണ്ണത്തിൽ ഏറെയാണ്. മികച്ച ഗായകനുള്ള ദേശീയപുരസ്‌കാരവും സംസ്ഥാന സർക്കാർ പുരസ്‌കാരവും ഏറ്റവും കൂടുതൽ തവണ ലഭിച്ചത് എന്ന നേട്ടം യേശുദാസിനു അവകാശപ്പെട്ടതാണ്.

ഏഴു വട്ടം മികച്ച ചലച്ചിത്ര പിന്നണി ഗായകനുള്ള ദേശീയ പുരസ്‌ക്കാരം , ഇരുപത്തിമൂന്നു തവണ കേരള സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ, എട്ടു തവണ തമിഴ് നാട് സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ, അഞ്ചു തവണ കർണാടക സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ, ആറു തവണ ആന്ധ്രപ്രദേശ് സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ, ഒരു തവണ പശ്ചിമ ബംഗാൾ സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ എന്നീ ബഹുമതികൾ യേശുദാസിന് ലഭിച്ചിട്ടുണ്ട്.

കേരളത്തിന്റെ ആസ്ഥാന ഗായകൻ എന്ന വിശേഷണത്തിനു അർഹനായ യേശുദാസിന് ഉഡുപ്പി, ശ്രിംഗേരി, രാഘവേന്ദ്ര മഠങ്ങളിൽ ആസ്ഥാന വിദ്വാൻ സ്ഥാനവും ലഭിച്ചിട്ടുണ്ട്. 1992 ൽ സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ചു. 1973ൽ പത്മശ്രീയും 2002ൽ പത്മവിഭൂഷനും നൽകി രാഷ്ട്രം ഈ അനുഗ്രഹീത ഗായകനെ അനുഗ്രഹിച്ചു. 2003ൽ കേരളാ സർവകലാശാല ഡി.ലിറ്റ് നൽകി ആദരിച്ചു.

യേശുദാസിലെ പിന്നണി ഗായകനെ തിരിച്ചറിഞ്ഞത് സംഗീത സംവിധായകനായ എം ബി ശ്രീനിവാസാണ് .1961 നവംബർ 16 ന് 'കാൽപാടുകൾ' എന്ന ചിത്രത്തിനു വേണ്ടി 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് 'എന്ന നാലുവരി ഗുരുദേവ ശ്ലോകം ചൊല്ലിയാണ് യേശുദാസ് മലയാളിചലച്ചിത്ര ഗാന രംഗത്തേക്ക് കാലുറപ്പിച്ചത്.

മലയാള സിനിമാ ഗാനരംഗത്തെ ഒരു പുതു യുഗപ്പിറവിയായിരുന്നു അത് .തുടർന്ന് ആ സ്വരമാധുരിയിൽ വിടര്ന്നത് മലയാളത്തിലെ നിത്യ ഭാസുരങ്ങളായ ഒരു പിടി മധുര ഗാനങ്ങളായിരുന്നു .ദക്ഷിണാമൂർത്തി, എം എസ് ബാബുരാജ്, ദേവരാജൻ, രവീന്ദ്രൻ മാസ്റ്റർ തുടങ്ങിയ പ്രതിഭാധനരായ സംഗീതസംവിധായകർക്കും വയലാർ, പി ഭാസ്‌കരൻ, ഒ എൻ വി തുടങ്ങിയ ഗാനരചയിതാക്കൾക്കുമൊപ്പം യേശുദാസിന്റെ സ്വരമാധുര്യം കൂടി ചേർന്നപ്പോൾ മലയാള സിനിമാഗാന മേഖലയ്ക്കു അതു സുവർണ്ണ കാലഘട്ടമായിരുന്നു.

പശ്ചിമബംഗാളിലെ ദുർഗാപൂരിൽ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ശ്രേയയുടെ ജനനം. നാലാമത്തെ വയസു മുതൽ സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ പഠിച്ചു തുടങ്ങി. അമ്മയോടൊപ്പം ഹർമോണിയത്തിലായിരുന്നു തുടക്കം. രാജസ്ഥാനിലെ കോട്ടായിൽ നിന്നാണ് ശ്രേയ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കുന്നത്. കുട്ടിയായിരിക്കുമ്പോൾ തന്നെ സീ ടിവിയിലെ സരിഗമ എന്ന പരിപാടിയിൽ വിജയിയായി. പ്രശസ്ത സംഗിത സംവിധായകനായിരുന്ന കല്യാൺജിയായിരുന്നു ഈ പരിപാടിയുടെ വിധികർത്താവ്. പിന്നീട് മുംബയിലേക്ക് താമസം മാറിയ ശ്രേയ അദ്ദേഹത്തിന്റെ കീഴിലും സംഗീതം അഭ്യസിച്ചു. സരിഗമയിൽ രണ്ടാം തവണ പങ്കെടുക്കുമ്പോഴാണ് ശ്രേയ സംവിധായകനായ സംഞ്ജയ്‌ലീലാ ബൻസാലിയുടെ ശ്രദ്ധയിൽ പെടുന്നത്.

അദ്ദേഹം തന്റെ ചിത്രമായ ദേവദാസിൽ ശ്രേയയ്ക്ക് പാടാൻ അവസരം നൽകി. ഇസ്മയിൽ ദർബാറിന്റെ സംഗീതത്തിൽ ശ്രേയ അഞ്ച് ഗാനങ്ങളാണ് ഈ ചിത്രത്തിൽ ആലപിച്ചത്. ആ വർഷത്തെ മികച്ച പിന്നണി ഗായികക്കുള്ള ഫിലിം ഫെയർ അവാർഡും നവാഗത ഗായികക്കുള്ള അവാർഡും ശ്രേയക്ക് ലഭിച്ചു. ബായിരി പിയാ എന്ന ഗാനത്തിന് ദേശീയ പുരസ്‌കാരവും ലഭിച്ചു. ദേവദാസിന് ശേഷം അവസരങ്ങളുടെ ഘോഷയാത്രയായിരുന്നു ശ്രേയാ ഘോഷാൽ എന്ന ഗായികക്കു പുറകെ. എ.ആർ റഹ്മാൻ, അനുമാലിക്, ഹിമേഷ് റഷ്മാനിയ, മണി ശർമ, നദിം ശ്രവൺ, ഇളയ രാജ, യുവൻ ശങ്കർ രാജ എന്നിവരുടെ സംഗിതത്തിൽ ശ്രേയ നിരവധി ഹിറ്റു ഗാനങ്ങൾ ആലപിച്ചു. ബോളിവുഡിലെ ഏറ്റവും തിരക്കുള്ള ഗായികയെന്ന പദവിയും ഒട്ടും വൈകാതെ തന്നെ ശ്രേയയെ തേടിയെത്തി.

സംഗീത സംവിധായകനായ അൽഫോൻസ് ജോസഫ് സംഗീതം നൽകിയ ബിഗ്‌ബിയിലെ ഗാനങ്ങളിലൂടെയാണ് ശ്രേയ മലയാളത്തിന് ആദ്യമായി ശബ്ദം നൽകുന്നത്. ആ പാട്ടുകൾ പാടിയത് ഒരു മലയാളിപ്പെൺകുട്ടി അല്ലെന്ന് ആരും പറയില്ല.അത്രയ്ക്കും തനിമയോടെയാണു ശ്രേയ ബിഗ് ബീ യിലെ ഗാനങ്ങൾ ആലപിച്ചത്. തുടർന്ന് നീലത്താമര,ആഗതൻ,ബനാറസ്, സാഗർ ഏലിയാസ് ജാക്കി തുടങ്ങിയ ചിത്രങ്ങളിൽ ശ്രേയ തന്റെ സാന്നിദ്ധ്യം അറിയിച്ചു.