പാലക്കാട്: യേശുദാസ് എന്ന അനുഗൃഹീത ഗായകന്റെ ശബ്ദം കേൾക്കാതെ ഒരു ദിവസം പോലും മലയാളിയുടെ ജീവിതം കടന്നുപോകാറില്ല. എന്നാൽ, ഇന്ത്യയിലെ തന്നെ സംഗീത വിസ്മയമായി മാറിയ യേശുദാസിനെ ചലച്ചിത്ര ലോകത്ത് പരിചയപ്പെടുത്തിയ രാമൻ നമ്പിയത്തിനെ അധികമാർക്കുമറിയില്ല.

സ്വന്തം സിനിമ പൊട്ടിയാലും പാടുന്നെങ്കിൽ യേശുദാസ് മതിയെന്ന രാമൻ നമ്പിയത്തിന്റെ നിശ്ചയദാർഢ്യം ഇല്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ യേശുദാസ് എന്ന ഗായകൻ തന്നെയുണ്ടാവില്ലായിരുന്നു എന്ന കാര്യവും പലർക്കും അറിയില്ല. പക്ഷെ രാമൻ നമ്പിയത്തിന്റെ മരണശേഷം സിനിമാ ലോകത്ത് നിന്നോ യേശുദാസിന്റെയോ ഒരു അന്വേഷണവുമുണ്ടായില്ലെന്നു വെളിപ്പെടുത്തൽ.

രാമൻ നമ്പിയത്തിന്റെ മകൻ എൻ ആർ രഞ്ജിത്താണ് യേശുദാസ് എന്ന ഗായകൻ ഒരു ഫോൺ കോളിലൂടെ പോലും ബന്ധപ്പെടാൻ കൂട്ടാക്കിയില്ലെന്നതാണു സത്യമെന്നു പറഞ്ഞത്. മലയാളിക്ക് യേശുദാസിനെ സമ്മാനിച്ച അച്ഛനെ കുറിച്ച് മകൻ എൻ ആർ രഞ്ജിത്ത് മറുനാടൻ മലയാളിയോട് പങ്കുവച്ച വിശേഷങ്ങൾ ഇങ്ങനെ:

1962 ൽ ഇറങ്ങിയ കാൽപ്പാടുകൾ എന്ന ചിത്രത്തിലാണ് കെ ജെ യേശുദാസ് ആദ്യമായി പിന്നണി പാടിയത്. 'ജാതിഭേദം മതദ്വേഷം, ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃക സ്ഥാനമാണിത്' എന്നതായിരുന്നു വരികൾ. ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രമതിലിൽ ഈ വരികൾ കരിക്കട്ട കൊണ്ട് കുറിച്ചിട്ടിരുന്നു.

ആശാന്റേയും പി ഭാസ്‌കരന്റേയും വരികളും ചിത്രത്തിൽ യേശുദാസ് ആലപിച്ചിട്ടുണ്ട്. ശ്രീനാരായണഗുരുവിന്റെ ആശയങ്ങൾ ഉൾക്കൊള്ളുന്ന കാൽപ്പാടുകൾ എന്ന സിനിമയുടെ തിരക്കഥാക്യത്തും നിർമ്മതാവും രാമൻ നമ്പിയത്ത് ആയിരുന്നു. ഈ ചിത്രത്തിൽ ഗായകനായി അവസരം ചോദിച്ച് പലതവണ യേശുദാസ് രാമൻ നമ്പിയത്തിനെ കണ്ടിരുന്നു. വക്കം ചന്ദ്രശേഖര ഭാഗവതരാണ് യേശുദാസിനെ രാമൻ നമ്പിയത്തിന് പരിചയപ്പെടുത്തി കൊടുത്തത്.

തിരുവനന്തപുരം സ്വാതി തിരുനാൾ അക്കാദമിയിൽ ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെ കീഴിൽ യേശുദാസ് സംഗീതം പഠിക്കുന്ന കാലമായിരുന്നു അത്. തൃശൂർ പീച്ചിയിലുള്ള താമസസ്ഥലത്ത് നമ്പിയത്തിനെ കാണാൻ വന്ന യേശുദാസിന്റെ കൂടെ പിതാവ് അഗസ്റ്റിൻ ജോസഫുമുണ്ടായിരുന്നു. 'ഇവനെ കൊണ്ട് പാടിച്ച് പറ്റുമെങ്കിൽ ഇവനെ ഒരു വഴിക്കാക്കി കൊടുക്കണം' എന്ന് കൈകൂപ്പി യേസുദാസിന്റെ പിതാവ് രാമൻ നമ്പിയത്തിനോട് പറഞ്ഞു.

സംഗീത സംവിധായകൻ എം.ബി.ശ്രീനിവാസൻ യേശുദാസിനെ കൊണ്ടു രണ്ട് കീർത്തനങ്ങൾ പാടിച്ചു. പാട്ടു പാടി കഴിഞ്ഞ ഉടനെ എം.ബി.ശ്രീനിവാസൻ യേശുദാസിനെ കെട്ടിപ്പിടിച്ചു. സൗണ്ട് എഞ്ചിനിയർ സമ്മതിക്കുകയാണെങ്കിൽ ഈ ശബ്ദം തെക്കേ ഇന്ത്യയിലെ വലിയ കണ്ടുപിടിത്തമായിരിക്കും എന്ന് എം.ബി. പറഞ്ഞു.

പക്ഷെ കാൽപ്പാടുകളുടെ റിക്കോർഡിങ്ങിന് രണ്ട് ദിവസം മുമ്പ് യേശുദാസിന് പനി പിടിച്ചു. ഈ അവസ്ഥയിൽ യേശുദാസിനെ കൊണ്ട് പാടിക്കാൻ കഴിയില്ലെന്നായി സംഗീത സംവിധായകൻ എം.ബിശ്രീനിവസൻ വിധിയെഴുതി. എന്നാൽ ദൈവത്തിന്റെ രൂപത്തിൽ യേശുദാസിന് തുണയായത് നമ്പിയത്തിന്റെ നിലപാടായിരുന്നു. താൻ നിർമ്മിക്കുന്ന പടം പൊളിഞ്ഞാലും ഗായകൻ യേശുദാസ് ആയിരിക്കുമെന്ന് തീർത്തു പറഞ്ഞ നമ്പിയത്തിന്റെ വാക്കുകൾ അറംപറ്റി. യേശുദാസിന്റെ ശബ്ദവും ഗാനങ്ങളും ചിത്രത്തിലൂടെ ഹിറ്റ് ആയപ്പോൾ ചിത്രം സമ്പൂർണ പരാജയമാറി. ബാധ്യത വന്നതോടെ തൃശൂരിലെ പറമ്പും വീടും വിറ്റ് ഒറ്റപ്പാലത്തിനടുത്ത് പത്തംകുളം എന്ന ഗ്രാമത്തിലേക്ക് ചേക്കേറി.

കാൽപ്പാടുകളിൽ അഭിനയിച്ചവർ ഉൾപ്പടെയുള്ളവർ പത്തംകുളത്തെ വീട്ടിൽ വന്നിരുന്നു. കുറച്ചു കാലം മുമ്പ് ഒരിക്കൽ യേശുദാസും പത്തംകുളത്തെ വീട്ടിൽ വന്നിരുന്നു. മകന്റെ വിവാഹ ക്ഷണക്കത്തും വാഹനവും തേടിയെത്തിയെങ്കിലും പോകാൻ രാമൻ നമ്പിയത്തിന് സാധിച്ചിരുന്നില്ല.

തന്റെ സിനിമ പൂർണമായി പരാജയപ്പെട്ടപ്പോഴും അതിലൂടെ ലോകത്തിന് ഒരു വലിയ ഗായകനെ സമ്മാനിക്കാൻ കഴിഞ്ഞതിൽ നരാമൻ നമ്പിയത്ത് ആഹ്‌ളാദിച്ചിരുന്നു. ചിത്രത്തിന്റെ പരാജയത്തെ തുടർന്ന് ആദ്യ നാളുകളിൽ ആത്മഹത്യയെ കുറിച്ചു പോലും അദ്ദേഹം ചിന്തിച്ചിരുന്നു. രാമൻ നമ്പിയത്ത് കഴിഞ്ഞ വർഷം ഫെബ്രുവരി പതിനാലിനാണ് മരിച്ചത്. ജീവിതത്തിന്റെ അവസാന നാളുകളിൽ അദ്ദേഹം എഴുത്തിന്റെ ലോകത്തായിരുന്നു.

കോൺഗ്രസുകാരനായിരുന്ന അദ്ദേഹം അനങ്ങനടി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മരിച്ച ശേഷം കെപിസിസി പ്രസിഡന്റ് വി എം.സുധീരൻ കാണാനെത്തിയിരുന്നു. മക്കളായ എൻ.ആർ ബിന്ദുവിന് പുറമെ എൻ ആർ.രഞ്ജിത്തും എൻ.ആർ.ബീനയും സജീവ ഇടതുപക്ഷ രാഷ്ട്രീയത്തിലുള്ളവരാണ്. അതിനാൽ ഇടതുപക്ഷ നേതാക്കളും വന്നിരുന്നു. എന്നാൽ, നമ്പിയത്തിന്റെ മരണശേഷം യേശുദാസ് വിളിച്ചില്ല. മാത്രമല്ല നമ്പിയത്തിന്റെ അടുത്ത് അവസരം ചോദിച്ച് ചെന്ന് ദിവസങ്ങൾ കാത്തു നിന്ന പാടിയ കഥ മാറി യേശുദാസിനെ വിളിച്ചു പാടിച്ച കഥകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.