തിരുവനന്തപുരം: തികഞ്ഞ അയ്യപ്പ ഭക്തനാണ് യേശുദാസ്. അതിന്റെ കാരണങ്ങൾ അക്കമിട്ട് നിരത്തിയാണ് ഇത്തവണ സൂര്യ ഫെസ്റ്റിവലിൽ യേശുദാസ് പാടിയത്. ശബരിമല അയ്യപ്പന്റെ പേരിൽ ഇപ്പോൾ നടക്കുന്ന കോലാഹലങ്ങളിൽ അസ്വസ്ഥനായിട്ടോ മറ്റോ യേശുദാസ് ഇക്കഴിഞ്ഞ സൂര്യ സംഗീത കച്ചേരി ശബരിമല ശാസ്താവിന് വേണ്ടി സമർപ്പിക്കുകയായിരുന്നു. എന്നാൽ ശബരിമലയിലെ സുപ്രീംകോടതി വിധിയെ സ്വീകരിക്കുയോ എതിർക്കുകയോ ഒന്നും യേശുദാസ് ചെയ്യുന്നില്ല. ഒന്നും പറയാതെ എല്ലാം പറയുകയായിരുന്നു യേശുദാസ്. അതുകൊണ്ട് തന്നെ യേശുദാസിന്റെ ഓഡിയോ വൈറലാക്കുകയാണ് അയ്യപ്പ ഭക്തർ.

ശബരിമലയിലിരിക്കുന്നത് ധർമ്മ ശാസ്താവാണ്, ധർമ്മമെ അവിടെ നടക്കുകയുള്ളുവെന്ന് അദ്ദേഹം സദസിൽ ഓർമ്മിപ്പിച്ചു. കണ്ണടച്ചിരിക്കുന്ന ഭഗവാന്റെ നെറ്റിയിൽ നിന്നും വരുന്ന ഒരു പ്രകാശം മാത്രം മതി ഈ ലോകത്തെ ആട്ടാനും നിലനിർത്താനും. ഒരേ ഒരു പ്രാർത്ഥനയേയുള്ളു. ആർക്കും ആർക്കും ഒരാപത്തും വരാതിരിക്കട്ടെ..സ്വാമിയെ ശരണമയ്യപ്പ എന്ന ശരണം വിളിയോടെ അദ്ദേഹം സദസിനോട് വിശദീകരിച്ചു. സ്വന്തം പിതാവ് രഹസ്യമായി 41ദിവസം കഠിന വൃതമെടുത്ത് ശബരിമലയിൽ പോയ കാര്യവും സ്വന്തമായി അയ്യപ്പസ്വാമിയെ കാണാൻ പോയ കാര്യവും യേശുദാസ് പറഞ്ഞു.

സ്വകുടുംബം അയ്യപ്പന്റെ കാന്തവലയത്തിൽ പെട്ടുകിടക്കുകയാണെന്നും ഹരിവരാസനം പാടാൻ ഇടയായ സാഹചര്യവും ഗാനഗന്ധർവൻ വിവരിച്ചു. അത് എന്തുകൊണ്ടാണെന്നും വിശദീകരിക്കുന്നുണ്ട്.

യേശുദാസിന്റെ വാക്കുകൾ ഇങ്ങനെ

രണ്ട് വർഷം മുമ്പാണ് അച്ഛനെ കുറിച്ച് സുഹൃത്ത് പുസ്തകം എഴുതിയത്. അതിൽ 1947ൽ അച്ഛൻ വൃതം നോക്കി ശബരിമലയിൽ പോയതിനെ കുറിച്ച് പറയുന്നുണ്ട്. അമ്മ പോലും അറിയാതെയായിരുന്നു അത്. പുസ്തകം വായിച്ചപ്പോഴാണ് ഇതേ കുറിച്ച് ഞങ്ങൾ അറിയുന്നത്. പിന്നെ പത്തുകൊല്ലം കഴിഞ്ഞ് പൂർണ്ണത്രയീശ്വര ക്ഷേത്രത്തിൽ ഞാൻ സുഹൃത്തുമൊത്ത് മധുര മണി അയ്യരുടെ കച്ചേരി കേൾക്കാൻ പോയി. അമ്പലത്തിന് അകത്ത് കയറി കേൾക്കാൻ കഴിഞ്ഞില്ല. പുറത്ത് നിന്ന് കേൾക്കുമ്പോൾ മറ്റൊരു ശബ്ദം ഉയർന്നു കേട്ടു. സ്വാമിയേ അയ്യപ്പാ... ഒപ്പമുണ്ടായിരുന്ന സുഹൃത്തിനോട് അതിനേ കുറിച്ച് ചോദിച്ചു.

്അയ്യപ്പക്ഷേത്രത്തിൽ പോയി വരുന്നവരാണ് ഇതെന്ന് കൂട്ടുകാരൻ പറഞ്ഞു. മല ഇറങ്ങി എത്തിയ ശേഷം മാല ഊരുന്നതിന് മുമ്പ് ക്ഷേത്രത്തിൽ വന്നതാണ് അവരെന്നും പറഞ്ഞു. പൂർണ്ണത്രയേശരീക്ഷേത്രത്തിൽ കയറി കച്ചേരി കേൾക്കാനാവാത്ത വേദനയിൽ നിന്ന ഞാൻ എല്ലാ വേദനയും ഉള്ളിലൊതുക്കി ഈ അയ്യപ്പക്ഷേത്രത്തിൽ എനിക്ക് പോകാനാകുമോ എന്ന് ചോദിച്ചു. നമുക്ക് നോക്കാമെന്ന് കൂട്ടുകാരൻ മറുപടിയും നൽകി. അതിന് ശേഷം അന്ന് ദേവസം ബോർഡില്ല. അയ്യപ്പ സേവാ സമാജത്തിന് ദർശനത്തിന് അനുവാദം ചോദിച്ച് കത്ത് നൽകി. ഇരുമുടിയുമായി ഭക്തിയോടെ എത്തുന്ന ആർക്കും ക്ഷേത്രത്തിൽ കയറാമെന്ന മറുപടിയും കിട്ടി. എന്റെ അച്ഛനാണ് സിനിമയിൽ അയ്യപ്പ ഭക്തിഗാനം പാടിയ ആദ്യ വ്യക്തി. പിന്നീട് എന്നെ കൊണ്ട് ഹരിവരാസനവും പാടിച്ചു.

ഇതൊക്കെ സാധിച്ചത് കൈക്കൂലിയൊന്നും കൊടുത്തല്ല. ഏഴ് വർഷമായി അയ്യപ്പന്റെ കാന്തിക വലയത്തിലാണ് കഴിയുന്നത്. എന്ത് സംഭവിച്ചാലും ആ കാന്തവലയത്തിൽ കഴിയും. എന്റെ അച്ഛന്റെ നക്ഷത്രം ഉത്രം. എന്റെ കൊച്ചു മകൾ ഉത്രം. എന്റെ അനിയന്റെ നക്ഷത്രം ഉത്രം.ഇതിൽ അപ്പുറം എന്ത് വേണമെന്നും യേശുദാസ് ചോദിച്ചു.