കൊച്ചി: 1999ലെ കാർഗിൽ പോരാട്ടത്തിൽ മൂന്ന് പാക് ബങ്കറുകൾ തകർത്ത് നാല് പാക് സൈനികരെ വകവരുത്തി ടൈഗർ ഹിൽ തിരിച്ചുപിടിക്കാൻ നിർണായക സംഭാവന നൽകിയ യോഗേന്ദ്ര സിങ് യാദവ്. പത്തൊൻപതാം വയസിൽ പരം വീർ ചക്രം നേടിയ ആദ്യ സൈനികൻ. പരം വീരചകം നേടിയ സൈനികരിൽ ജീവിച്ചിരിക്കുന്ന മൂന്നു പേരിൽ ഒരാളും.

പരംവീർ ചക്ര ജേതാക്കളിൽ സൈനിക സേവനം തുടരുന്ന രണ്ടുപേരിൽ ഒരാൾ ആയിരുന്നു യാദവ് അടുത്തകാലം വരെ. അടുത്തിടെയാണു സൈന്യത്തിൽനിന്നു വിരമിച്ചത്. നയിബ് സുബേദാർ സഞ്ജയ് കുമാർ ആണു രണ്ടാമൻ. യാദവിന് പരംവീർ ചക്ര പുരസ്‌കാരം പ്രഖ്യാപിച്ചത് മരണാനന്തര ബഹുമതിയായാണ് എന്ന പ്രത്യേകതയും ഉണ്ട്. കാർഗിലിൽ വീരമൃത്യു വരിച്ചവരുടെ പട്ടികയിൽ യോഗേന്ദ്ര സിങ് യാദവ് എന്ന പേരിൽ മറ്റൊരു സൈനികൻ കൂടിയുണ്ടായിരുന്നു എന്നതാണു പിശകിനു കാരണമായത്. തെറ്റ് തിരിച്ചറിഞ്ഞയുടൻ തിരുത്തി. കാർഗിൽ യുദ്ധം കഴിഞ്ഞ് 22 വർഷം പിന്നിട്ടെങ്കിലും 17 വെടിയുണ്ടകളേറ്റതിന്റെ ബുദ്ധിമുട്ടുകൾ ഇന്നും യാദവിനുണ്ട്. കൈകൾ ഉയർത്തുമ്പോൾ പേശീവേദന അനുഭവപ്പെടും. വെടിയേറ്റ ഭാഗത്തു ചിലപ്പോഴൊക്കെ കടച്ചിലും വേദനയും തോന്നും.

പ്രോട്ടോക്കോളും റാങ്കും നോക്കിയാൽ ഇന്ത്യൻ സൈന്യാധിപനേക്കാൾ എത്രയോ താഴെയാണ് ഒരു ഓണററി ക്യാപ്റ്റന്റെ സ്ഥാനം. പക്ഷേ, യോഗേന്ദ്ര സിങ് യാദവ് എന്ന ക്യാപ്റ്റനെ കണ്ടാൽ ഇന്ത്യയുടെ കരസേനാധിപൻ സല്യൂട്ട് നൽകും. കാർഗിൽ യുദ്ധനായകനെന്നു രാജ്യം വിശേഷിപ്പിക്കുന്ന യോഗേന്ദ്ര സിങ് യാദവ്, ഇന്ത്യയുടെ പരമോന്നത സൈനിക ബഹുമതിയായ പരംവീർ ചക്ര നേടിയയാളാണ്. പരംവീർ ചക്ര ലഭിച്ച സൈനികൻ ഏതു റാങ്കിൽപ്പെട്ടയാളാണെങ്കിലും ഫീൽഡ് മാർഷൽ അടക്കമുള്ളവർ സല്യൂട്ട് നൽകി ആദരിക്കണമെന്നാണു ചട്ടം. ഈ സൈനികനാണ് കഴിഞ്ഞ ദിവസങ്ങളിൽ ഗുരുവായൂരുപ്പന്റെ മുമ്പിലെത്തി അനുഗ്രഹം വാങ്ങി മടങ്ങിയത്.

ദേവസ്വം സെക്യൂരിറ്റി സൂപ്പർ വൈസർ വി.ഹരിദാസിന്റെ നേതൃത്വത്തിൽ ഡ്യൂട്ടിയിലുള്ള വിമുക്ത ഭടന്മാർ ഗാർഡ് ഓഫ് ഓണർ നൽകിയാണ് യോഗേന്ദ്ര സിങ് യാദവിനെ ആദരിച്ചത്. ശ്രീവൽസം അതിഥി മന്ദിരത്തിലെത്തിയ യോഗേന്ദ്ര സിങ് യാദവിനെ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി.മോഹൻദാസ്, ഭരണ സമിതി അംഗം കെ.വി.ഷാജി, അഡ്‌മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ആറേമുക്കാലോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം ശീവേലി കണ്ടശേഷമാണ് ഗുരുവായൂരപ്പനെ ദർശിച്ചത്. ശ്രീകോവിലിന് മുന്നിൽ ഭഗവാനെ കണ്ട് വണങ്ങി കാണിക്കയർപ്പിച്ച് കളഭം ഏറ്റുവാങ്ങി.

ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി.മോഹൻദാസ് യാദവിന് ഭഗവാന്റെ പ്രസാദ കിറ്റ് നൽകി പൊന്നാട ചാർത്തി ഉപഹാരം സമ്മാനിച്ചു. കേരളത്തിൽ രണ്ടാം തവണയാണ് വരുന്നതെങ്കിലും ഗുരുവായൂരപ്പനെ ജീവിതത്തിലാദ്യമായി കണ്ട് തൊഴാനായതിന്റെ സംതൃപ്തി അദ്ദേഹം രേഖപ്പെടുത്തി. തുടർന്ന് മമ്മിയൂർ ക്ഷേത്രത്തിലും ദർശനം നടത്തി. അതിരുദ്രമഹായജ്ഞ ചടങ്ങിലും പങ്കാളിയായി. പിന്നീട് ആനത്താവളവും സന്ദർശിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത നടയിരുത്തിയ കൃഷ്ണ എന്ന ആനക്കും കൊമ്പൻ നന്ദനും ഒപ്പം നിന്ന് ചിത്രമെടുത്തു. ആനകളെപറ്റി പാപ്പാനോട് ചോദിച്ചറിഞ്ഞു.

അരമണിക്കൂറോളം ആനത്താവളം ചുറ്റിനടന്ന് കണ്ട ശേഷം ശ്രീവൽസത്തിലെത്തി ദേവസ്വത്തിന്റെ പ്രസാദ ഊട്ടും കഴിച്ചാണ് അദ്ദേഹം മടങ്ങിയത്. മടങ്ങുന്നതിന് മുൻപ് തനിക്ക് ദേവസ്വം നൽകിയ സ്വീകരണത്തിനും ആദരവിനും ഹൃദയത്തിന്റെ ഭാഷയിൽ അദ്ദേഹം നന്ദി അറിയിച്ചു. ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ് ദേവസ്വം നൽകിയ ആതിഥേയത്വമെന്നും ഭാരത സൈനികർക്ക് നൽകുന്ന ആദരവിന് നന്ദിയുണ്ടെന്നും അദ്ദേഹം സന്ദർശക ഡയറിയിൽ കുറിച്ചു.

പരംവീർ ചക്ര പതിച്ച യൂണിഫോം ധരിച്ചു കൊണ്ടുതന്നെയായിരുന്നു യോഗേന്ദ്ര സിങ് യാദവ് കഴിഞ്ഞ ദിവസം കേരളത്തിലെത്തിയത്. ഗുരുവായൂർ ക്ഷേത്ര ദർശനത്തിനൊപ്പം തൃശൂരിലെ അമർ ജവാൻ സ്മാരകത്തിന്റെ സമർപ്പണവും അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ ഉദ്ദേശ്യമായിരുന്നു.

ആരാണ് യോഗേന്ദ്ര സിങ് യാദവ്?

കാർഗിൽ യുദ്ധത്തിൽ 17,000 അടി ഉയരെ ടൈഗർഹിൽ പിടിച്ചെടുത്ത പാക്ക് സൈനികരെ തുരത്താൻ യോഗേന്ദ്ര യാദവ് നടത്തിയ ഐതിഹാസിക പോരാട്ടമാണ് അദ്ദേഹത്തിനു പരംവീർ ചക്ര നേടിക്കൊടുത്തത്. 17 വെടിയുണ്ടകളേറ്റിട്ടും യാദവ് വീഴാതെ പാക്ക് സൈനികരെ തുരത്തിയതാണു ഇന്ത്യയുടെ യുദ്ധവിജയം വേഗത്തിലാക്കിയത്. 1999ൽ കാർഗിൽ യുദ്ധം നടക്കുമ്പോൾ കരസേനയിലെ റാങ്ക് ക്രമത്തിൽ ഏറ്റവും താഴെയുള്ള ശിപായി തസ്തികയിലായിരുന്നു യാദവ്. വയസ്സ് 19 മാത്രം.

വിവാഹം കഴിഞ്ഞ് പതിനഞ്ചാം ദിവസം അവധി റദ്ദാക്കി യുദ്ധമുഖത്തേക്കു പോകേണ്ടിവന്നു. 30 സൈനികർ ഉൾപ്പെട്ട ഘതക് പ്ലറ്റൂൺ ടീമിൽ ഗ്രനേഡിയർ ആയിരുന്നു യാദവ്. ടൈഗർഹിൽ പിടിച്ചെടുത്ത പാക്ക് സൈനികർ ബങ്കറുകൾ സ്ഥാപിച്ച് ഇന്ത്യൻ സൈനികർക്കുമേൽ വെടിയുതിർത്തു കൊണ്ടിരുന്ന സമയം. മെഷീൻ ഗൺ ഫയറിൽ 9 ഇന്ത്യൻ സൈനികർ വെടിയേറ്റു വീണു. മുന്നിലൊരു കൂറ്റൻ മഞ്ഞുമതിൽ താണ്ടിയാലേ പാക്ക് ബങ്കറുകൾക്കു സമീപം എത്താൻ കഴിയൂ എന്ന ഘട്ടത്തിൽ യാദവ് സ്വയം സന്നദ്ധനായി മുന്നോട്ടുവന്നു.

ഐസ് ആക്‌സ് ഉപയോഗിച്ചു മഞ്ഞുമതിലിൽ അള്ളിപ്പിടിച്ചു കയറി. ഏതാനും അടി കയറിയപ്പോൾതന്നെ കയ്യിലും കാലിലുമായി 5 വെടിയുണ്ടകളേറ്റു. ഒരുവിധം മുകളിലെത്തിയപ്പോൾ 17 വെടിയുണ്ടകൾ ശരീരത്തിൽ പതിച്ചിരുന്നു. നിലത്തുകൂടി ഉരുണ്ട് യാദവ് ശത്രുക്കൾക്കു നേരെ വെടിയുതിർത്തു. 2 ഗ്രനേഡുകളെറിഞ്ഞു ബങ്കർ തകർത്തു. ഈ സമയത്തിനകം സഹസൈനികർ മുകളിലെത്തിയിരുന്നു. വൈകാതെ ടൈഗർഹിൽ ഇന്ത്യൻ സൈന്യം പിടിച്ചെടുത്തു, കാർഗിലിൽ യുദ്ധം വിജയിച്ചു. യാദവിന്റെ പിതാവും സൈനികനാണ്. 1965, 1971 യുദ്ധങ്ങളിൽ കുമയൂൺ റജിമെന്റിനു വേണ്ടി അച്ഛനും യുദ്ധമുഖത്ത് നിറഞ്ഞിരുന്നു.

യാദവിന്റെ ജീവിതം ആധാരമാക്കി 2 സിനിമകളിറങ്ങി. കാർഗിലിലെ ടൈഗർഹിൽ മോചിപ്പിക്കാൻ നടത്തിയ സൈനിക നടപടിയെക്കുറിച്ച് ഋത്വിക് റോഷനെ നായകനാക്കി ലക്ഷ്യ എന്ന ചിത്രവും ഘതക് പ്ലറ്റൂണിനെക്കുറിച്ച് എൽഒസി കാർഗിൽ എന്ന ചിത്രവും. ഇതിൽ യാദവിന്റെ വേഷം അഭിനയിച്ചത് മനോജ് ബാജ്‌പേയി ആണ്.

പരംവീർചക്ര ആദ്യം കിട്ടിയത് മരണാനന്തരം, പിന്നീട് തിരുത്തി

യോഗേന്ദ്ര സിങ് യാദവിന് പരംവീർചക്ര ബഹുമതി നൽകിയതിലുമുണ്ട് വലിയൊരു അവിശ്വസനീയമായ സംഭവകഥ. കാർഗിൽ യുദ്ധത്തിൽ 17 വെടിയുണ്ടകളേറ്റ നിലയിലായിരുന്നു യാദവിനെ ജമ്മുവിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന വാർത്ത ഇതിനിടെ പരന്നു.

അതിനിടെയാണ് ഇന്ത്യ കാർഗിൽ യുദ്ധം ജയിക്കുന്നത്. ഇതിനുമുന്നേ തന്നെ യാദവിന് പരംവീർചക്ര ബഹുമതി നൽകണമെന്ന ശുപാർശ പോയിരുന്നു. പരംവീർചക്ര ബഹുമതി പ്രഖ്യാപിക്കാനിരിക്കേയാണ് കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികനായ മറ്റൊരു യോഗേന്ദ്ര സിങ് യാദവ് മരിച്ചത്. രണ്ട് ആളുടേയും പേരിലെ സമാനത പ്രശ്‌നമായി.

ടൈഗർ ഹിൽസിൽ അസാമാന്യ പ്രകടനം കാഴ്ചവെച്ചതിന് പരംവീർചക്രയ്ക്ക് ശുപാർശ ചെയ്യപ്പെട്ടയാളാണ് മരിച്ചതെന്ന് കരുതി ബഹുമതി മരണാനന്തരമായി പ്രഖ്യാപിക്കുകയായിരുന്നു. പിന്നീടാണ് തെറ്റ് മനസ്സിലാക്കി തിരുത്തിയത്.

സിനിമപോലെ ജീവിതം

പത്താം ക്ലാസ് കഴിഞ്ഞപ്പോൾ അച്ഛനോട് പട്ടാളത്തിൽ ചേരാനുള്ള ആഗ്രഹമറിയിച്ചു. പട്ടാളക്കാരനായ അച്ഛൻ കരൺസിങ് യാദവിന് അത് നൂറു ശതമാനം ഇഷ്ടമായിരുന്നു. 16 തികഞ്ഞയുടൻ യാദവ് പട്ടാളത്തിൽ ചേർന്നു.

രാജ്യം ഇതേവരെ പരംവീർ ചക്ര നൽകി ആദരിച്ചത് 21 പേരെ മാത്രം. അതിൽ 12 പേർക്ക് മരണാനന്തരം. പരംവീർ ചക്ര നേടിയവരിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നത് മൂന്നുപേർ മാത്രം. കാർഗിൽ യുദ്ധത്തിൽ നാലുപേർക്ക് പരംവീർ ചക്ര നൽകിയിരുന്നു.