ലണ്ടൻ: റിയോ ഒളിമ്പിക്‌സിൽ ഏറെ പ്രതീക്ഷയോടെ പോയ ഇന്ത്യൻ ഗുസ്തി ടീം നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്‌ച്ച വച്ചത്. സാക്ഷി മാലിക്കിന്റെ വെങ്കല മെഡൽ നേട്ടത്തിൽ ഒതുങ്ങുകയായിരുന്നു ഇന്ത്യൻ നേട്ടം. ഏറെ പ്രതീക്ഷയോടെ പോയ യോഗേശ്വർ ദത്താകട്ടെ ആദ്യ റൗണ്ടിൽ പുറത്തായി. ഇങ്ങനെ തീർത്തും നിരാശയോടെ റിയോയിൽ നിന്നും മടങ്ങിയ യോഗേശ്വറിന് ഒരു നല്ലവാർത്ത. ഇന്ത്യയുടെ ഒളിമ്പിക്‌സ് വെള്ളിമെഡൽ നേട്ടത്തിലേക്ക് ദത്തിന്റെ വക ഒരു വെള്ളി കൂട്ടിച്ചേർക്കപ്പെടുകയാണ്. 2012ലെ ലണ്ടൻ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ദത്തിന്റെ മെഡൽ വെള്ളിയായി മാറി. 60 കിലോഗ്രാം ഫ്രീസ്റ്റെയിൽ ഗുസ്തിയിലെ വെള്ളിമെഡൽ ജേതാവ് മരുന്നടിച്ചു എന്ന് തെളിഞ്ഞതോടെയാണ് ദത്തിന് വെള്ളിമെഡലിന് സാധ്യതയായത്.

റഷ്യൻ താരമായ ബിസിക് കിട്‌കോവ് ആയിരുന്നു ഈ ഇനത്തിലെ വെള്ളിമെഡൽ ജേതാവ്. 2013ൽ അപകടത്തിൽ പെട്ട് ഇദ്ദേഹം മരണമടയുകയും ചെയ്തു. എന്നാൽ, റിയോ ഒളിമ്പിക്‌സിന് മുന്നോടിയായി ഇന്റർനാഷണൽ ഒളിമ്പിക്‌സ് കമ്മിറ്റി ഇദ്ദേഹത്തിന്റെ സാമ്പിൾ വീണ്ടും ഡോപ്പ് ടെസ്റ്റ് നടത്തി. ലണ്ടൻ ഒളിമ്പിക്‌സ് വേളയിൽ ശേഖരിച്ച സാമ്പിൾ പരിശോധിച്ചപ്പോൾ കിട്‌ക്കോവ് മരുന്നടിച്ചു എന്ന് വ്യക്തമായി. പത്ത് വർഷം വരെ സൂക്ഷിക്കാവുന്ന വിധത്തിലാണ് സാമ്പിളുകൾ ശേഖരിച്ചിരിക്കുന്നത്. പരിശോധനയിൽ നിരോധിത മരുന്നുകൾ ദത്ത് ഉപയോഗിച്ചു എന്ന് വ്യക്തമായി. ഇതോടെയാണ് ദത്തിന് വെള്ളി ലഭിക്കാൻ സാധ്യത ഏറിയത്.

യുണൈറ്റഡ് വേൾഡ് റസ്ലിങ് സംഘടന ഇക്കാര്യം വ്യക്തമാക്കിയതായി ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്തു. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് താമസിയാതെ ഉണ്ടാകും. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നതോടെ ലണ്ടനിലെ വെള്ളിമെഡൽ ജേതാക്കളായ ഷൂട്ടർ വിജയകുമാർ, സുശീൽകുമാർ എന്നിവർക്കൊപ്പമാകും യോഗേശ്വർ ദത്തും. അതേസമയം ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ യോഗേശ്വർ ദത്ത് തയ്യാറായില്ല. ലണ്ടനിൽ പ്രീക്വാർട്ടറിൽ വച്ച് കിട്‌ക്കോവിനോട് ദത്ത് തോറ്റിരുന്നു. ഇതിന് ശേഷം റെപ്പഷാഗ റൗണ്ടിൽ മത്സരിച്ചാമ് യോഗേശ്വർ വെങ്കലം സ്വന്തമാക്കിയത്. അതേസയം അഞ്ച് ഗുസ്തിക്കാരുടെ സാമ്പിളുകളാണ് വീണ്ടും പരശോധിച്ചിട്ടുള്ളത്.

എന്തായാലും റിയോ ഒളിമ്പിക്‌സിൽ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തി നാട്ടിലെത്തിയ യോഗേശ്വറിന് ആശ്വാസം പകരുന്നതാണ് പുതിയ വാർത്തകൾ.