അസംഗഢ്: ഉത്തർപ്രദേശിലെ എല്ലാ പാവപ്പെട്ടവർക്കും 2022 ഓടെ സ്വന്തം വീട് ഉറപ്പാക്കുമെന്നും ജാതിയുടെയും മതത്തിന്റെയും പേരിൽ സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരക്കാരുടെ യഥാർഥമുഖം വെളിച്ചത്തു കൊണ്ടു വരും. സംസ്ഥാനത്തെ 22 കോടി ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അസംഗഢിൽ 552 കോടി ചെലവിൽ വിവിധ പദ്ധതികളുടെ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസംഗഢിൽ ജാതീയതയും വർഗീയതയും ഭീകരവാദവും പടർന്നിരിക്കുകയായിരുന്നു. മുൻ സർക്കാരുകളുടെ പിടിപ്പുകേടു കൊണ്ടാണ് ഇത്തരം വിഷം പടർന്നുപിടിച്ചത്. സംസ്ഥാനത്തെ ഇത്തരം അവസ്ഥകൾ ഇല്ലാതാക്കാനായിരുന്നു കഴിഞ്ഞ ഒൻപതു മാസമായി സർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ കർഷകർക്കും യുവാക്കൾക്കും അനുയോജ്യമായ പദ്ധതികളും സർക്കാർ ലക്ഷ്യമിടുന്നു.

ഇനി വർഗീതയതയും ജാതീയതയുമല്ല വികസനവുമായി ചേർന്നായിരിക്കും അസംഗഢിന്റെ പേര് ലോകം മുഴുവൻ അറിയപ്പെടാൻ പോകുന്നതെന്നും ആദിത്യനാഥ് പറഞ്ഞു. മുൻ സർക്കാരുകളുടെ നയവൈകല്യങ്ങൾ കാരണം ഒട്ടേറെ വികസനഫണ്ടുകൾ പാഴായിപ്പോയിട്ടുണ്ട്. ആ അഴിമതിക്കും കുറ്റകൃത്യങ്ങൾക്കും കാരണക്കാരാകുന്നവർ ജയിലഴികൾക്കുള്ളിലാകും.

യുവാക്കൾക്കായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഉത്തർപ്രദേശിലെ എല്ലാ പാവപ്പെട്ടവർക്കും 2022ഓടെ സ്വന്തം വീട് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.