ലഖ്‌നൗ: ബുലന്ദ്ശഹറിലെ കലാപാത്തിനിടെ പൊലീസ് ഇൻസ്‌പെക്ടറുടെ കൊലപാതകത്തിൽ പ്രതികരണവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗിയുടെ പ്രതികരണം കൊലപാതകം നടന്ന് നാലു ദിവസങ്ങൾക്കൊടുവിൽ നിരവധി പ്രതിഷേധങ്ങൾക്ക് ശേഷം. അതൊരു ആൾക്കൂട്ട കൊലപാതകമല്ലെന്നും ആകസ്മിക സംഭവമാണെന്നുമായിരുന്നു യോഗിയുടെ പ്രതികരണം.സംഭവത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുമെന്നും ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും ആദിത്യനാഥ് പറഞ്ഞതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

ഡൽഹിയിൽ ഒരു ചടങ്ങിൽ പങ്കെടുക്കവേ ആയിരുന്നു ആദിത്യനാഥിന്റെ പരാമർശമെന്നാണ് വിവരം. തിങ്കളാഴ്ചയാണ് ബുലന്ദ്ശഹറിൽ ഗോവധവുമായി ബന്ധപ്പെട്ട ആൾക്കൂട്ട ആക്രമണം തടയുന്നതിനിടെ സുബോധ് കുമാർ സിങ് എന്ന പൊലീസ് സബ് ഇൻസ്‌പെക്ടർ വെടിയേറ്റ് മരിച്ചത്. പ്രദേശവാസിയായ ഇരുപതുവയസ്സുകാരനും ആക്രമണത്തിൽ മരിച്ചിരുന്നു. ആൾക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് 90 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പൊലീസ് ഇൻസ്‌പെക്ടർ സുബോധ് കുമാർ സിങ്ങിനെ കൊലപ്പെടുത്തിയ സംഘത്തിൽ ശ്രീനഗറിൽ സേവനം ചെയ്യുന്ന സൈനികൻ ജീത്തു ഫൗജി ൾപ്പെട്ടിട്ടുണ്ടോ എന്നു പൊലീസ് അന്വേഷിക്കുന്നതായി റിപ്പോർട്ട്. ജീത്തുവിനെ കണ്ടെത്താൻ രണ്ടു പൊലീസ് സംഘങ്ങൾ ജമ്മു കശ്മീരിലേക്കു പോയിട്ടുണ്ട്.ബുലന്ദ്ശഹറിലെ ആൾക്കൂട്ട ആക്രമണത്തിന്റെ വിവിധ വിഡിയോ ദൃശ്യങ്ങളിൽ ജീത്തു ഉൾപ്പെട്ടിട്ടുണ്ട്. അതിനാൽതന്നെ കൊലപാതകത്തിനു പിന്നിൽ ഇയാളുടെ കൈയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ തയാറായില്ലെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

സംഭവം നടന്ന് നാലുദിവസങ്ങൾക്കു ശേഷമാണ് ആദിത്യനാഥിന്റെ പ്രതികരണം. സുബോധ് കുമാറിന്റെ കൊലപാതകത്തിലെ മുഖ്യപ്രതിയും ബജ്‌റംഗ് ദൾ നേതാവുമായ യോഗേഷ് കുമാറിനെ വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗോമാംസം കൈവശം വച്ചുവെന്ന് ആരോപിച്ച് ദാദ്രിയിൽ അഖ്‌ലാക്ക് എന്നയാളെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവം ആദ്യം അന്വേഷിച്ചത് സുബോധ് കുമാറായിരുന്നു.അതേസമയം സുബോധിന്റെ കൊലപാതകത്തിനു പിന്നിലുള്ളവരെ കണ്ടെത്തുന്നതിന് പകരം പശുവിനെ കൊന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ആദ്യം പശുവിനെ കൊന്നവരെ കണ്ടുപിടിക്കട്ടെ, എന്നിട്ടാകാം പൊലീസ് ഓഫിസറുടെ കൊലപാതകികളെ എന്ന നിലപാടിലാണ് യുപി പൊലീസ്.

''ആ പശുക്കളെ കൊന്നതാരാണെന്ന് കണ്ടെത്താനാണ് ഞങ്ങളുടെ പ്രധാന ശ്രമം. ഗോവധത്തിനെ തുടർന്നുണ്ടായ പ്രതിഷേധമാണ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങ്ങിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. പശുക്കളെ കൊന്നത് ആരാണെന്ന് കണ്ടെത്തിയാൽ അതിലൂടെ പൊലീസ് ഓഫിസറുടെ കൊലപാതകികളിലേക്കും എത്താനാവുമെന്നാണ് പ്രതീക്ഷ. ഗോവധത്തിന് പിന്നിലുള്ളവരെ കണ്ടെത്തുകയാണ് ഞങ്ങളുടെ പ്രഥമ പരിഗണന,'' ബുലന്ദ്ഷഹർ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് റയീസ് അക്തർ  പറഞ്ഞു.

സുബോധിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പക്ഷേ പ്രധാന പ്രതിയായ ബജ്റംഗ്ദൾ നേതാവ് യോഗേഷ്രാജ് സിങ്ങിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. അതേസമയം, ഗോവധ കേസിൽ നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഗോവധത്തെക്കുറിച്ചുള്ള അന്വേഷണത്തെക്കുറിച്ച് ചോദിച്ചപ്പോൾ അക്തർ പറഞ്ഞത് ഇങ്ങനെ, ''ഗോവധത്തിനു പിന്നിൽ പ്രത്യേക ഗ്രൂപ്പുകളാണോയെന്ന് ഇപ്പോൾ പറയാനാകില്ല. സുബോധിന്റെ കൊലപാതകത്തിൽ പെട്ടവരെല്ലാം പശു സംരക്ഷണ പ്രവർത്തനങ്ങളിൽ ഉള്ളവരാണെന്ന് വ്യക്തമാണ്.

പക്ഷേ പ്രധാന പ്രതികൾ പിടിയിലായാൽ മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകാനാകൂ. ഈ സമയം ഗോഹത്യ കേസിനാണ് ഞങ്ങൾ പ്രാധാന്യം കൊടുക്കുന്നത്.''സുബോദ് സിങ്ങിന്റെ കൊലപാതക കേസിലെ പ്രധാന പ്രതിയായ യോഗേഷ് രാജിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ വഴി പുറത്തുവന്നിരുന്നു. കൊലപാതകത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് ഇയാൾ വീഡിയോയിൽ പറഞ്ഞത്. കേസിലെ ഒൻപതാം പ്രതിയായ ശിഖർ അഗർവാളിന്റെ ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

കൊല്ലപ്പെട്ട സുബോധ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി ഇയാൾ വീഡിയോയിൽ ആരോപിക്കുന്നു. ഗോവധത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സുബോധ് കുമാർ സിങ് നിരസിച്ചതാണ് കാര്യങ്ങൾ കൈവിട്ടു പോകാനും കലാപ സാഹര്യം ഉണ്ടാക്കാനും ഇടയാക്കിയതെന്നാണ് ഇയാൾ വീഡിയോയിൽ ആരോപിക്കുന്നത്.''സ്വയം രക്ഷയ്ക്ക് വേണ്ടി ഒരു പ്രതി എന്തും പറയും, അത് കാര്യമാക്കേണ്ടതില്ല, സുബോധ് സത്യസന്ധനായ ഒരു വ്യക്തിയായിരുന്നു,'' അഗർവാളിന്റെ വീഡിയോയെ കുറിച്ച് ചോദിച്ചപ്പോൾ ബുലന്ദ്ഷഹർ എസ്‌പി പ്രവീൺ രഞ്ജൻ സിങ് പറഞ്ഞത് ഇതാണ്.