ലക്‌നൗ: വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഞാൻ എല്ലായ്‌പ്പോഴും തെരഞ്ഞടുപ്പിൽ മത്സരിക്കാറുണ്ട്. പാർട്ടി ആവശ്യപ്പെട്ടാൽ, പാർട്ടി പറയുന്ന മണ്ഡലത്തിൽ നിന്ന് ഞാൻ ഇത്തവണയും മത്സരിക്കും,' യോഗി പറഞ്ഞു.

പാർട്ടിക്ക് ഒരു പാർലമെന്ററി സമിതിയുണ്ടെന്നും, ആ സമിതിയാണ് ആരൊക്കെ എവിടെ നിന്ന് മത്സരിക്കുന്നത് എന്ന് തീരുമാനിക്കുന്നതെന്നും യോഗി കൂട്ടിച്ചേർത്തു. 2017ൽ തെരഞ്ഞെടുപ്പിന് മുൻപ് നൽകിയ വാഗ്ദാനങ്ങൾ മുഴുവൻ നിറവേറ്റിയാണ് ബിജെപി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് യോഗി പറഞ്ഞു.

സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥിതിയും പൊലീസ് സേനയും കഴിഞ്ഞ നാല് വർഷം കൊണ്ട് കൃത്യമായ ഒരു മാതൃക ഇവിടെ സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, സംസ്ഥാനത്ത് ഒരു തരത്തിലുള്ള കലാപങ്ങളും ഉണ്ടായിട്ടില്ലെന്നും, ദീപാവലിയടക്കമുള്ള ആഘോഷങ്ങൾ സമാധാനപരമായി നടത്തിയെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു.

'ദീപാവലി ഇതാദ്യമായല്ല ഇവിടെ ആഘോഷിക്കുന്നത്, കുംഭമേളയും ഇതിന് മുൻപ് ഇവിടെ നടത്തിയിരുന്നു. എന്നിട്ടും, ഉത്തർപ്രദേശിന്റെ പ്രതിച്ഛായ പരിതാപകരമായിരുന്നു. എന്നാൽ 2017ന് ശേഷം ആ അവസ്ഥയ്ക്ക് മാറ്റം വന്നിരിക്കുകയാണ്. ഇപ്പോൾ സംസ്ഥാനത്തിന്റെ പ്രതിച്ഛായക്ക് യാതൊരു വിധത്തിലുമുള്ള കോട്ടവുമില്ല. സർക്കാരിന്റെ ഓരോ പദ്ധതിയുടെയും ഗുണം സാധാരണക്കാരായ ഓരോ പൗരനും നേരിട്ട് ലഭ്യമായി,' യോഗി പറയുന്നു.

രാജ്യത്തെ മറ്റേത് സംസ്ഥാനങ്ങളെക്കാളും വിദേശ നിക്ഷേപങ്ങൾക്ക് അനുകൂല സാഹചര്യമാണ് യു.പിയിൽ ഉള്ളതെന്നും, മികച്ച സുരക്ഷയും ഗതാഗത സൗകര്യവും ഇവിടെയുണ്ടെന്നും യോഗി കൂട്ടിച്ചേർത്തു.