ലഖ്നൗ: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരേ കടുത്ത വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗാന്ധി കുടുംബത്തിലുള്ള നാലുപേരെ പാർലമെന്റിലേക്ക് അയച്ചത് ഉത്തർപ്രദേശുകാരാണ്. എന്നാൽ കേരളത്തിൽ എത്തുമ്പോൾ പ്രിയങ്കയും രാഹുലും ഉത്തർപ്രദേശിനെ നിശിതമായി വിമർശിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും യോഗി കുറ്റപ്പെടുത്തി.

രാഹുൽ ഗാന്ധിയും പ്രിയങ്കഗാന്ധിയും കേരളത്തിൽ പോയി ഉത്തർപ്രദേശിനെ തള്ളി പറയും. യുപിയിലെ ജനങ്ങളെയും താഴ്‌ത്തിക്കെട്ടും. ഇന്ത്യക്ക് പുറത്ത് പോയാൽ രാജ്യത്തിന് നേരെയും വിരൽ ചൂണ്ടും. ഉത്തർപ്രേദേശിലെ തിരഞ്ഞെടുപ്പ് റാലിയിൽ യോഗി ആദിത്യനാഥ് പറഞ്ഞു.

രാഹുലിനും പ്രിയങ്കയ്ക്കും ഇന്ത്യക്കാരിൽ വിശ്വാസമില്ലാതായി. അതുകൊണ്ടാണ് വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ഇരുവരും സ്വന്തം രാജ്യത്തിനെതിരേ വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നും യോഗി ആരോപിച്ചു.

രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ വാശിയേറിയ മത്സരമാണ് യു.പിയിൽ നടക്കുന്നത്. കോൺഗ്രസിന് സ്വാധീനമുള്ള ചില മേഖലകളിൽ കൂടിയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് ഗാന്ധി കുടുംബത്തിനെതിരായ വിമർശനങ്ങൾ യോഗി ശക്തമാക്കിയത്.

കേരളത്തെക്കുറിച്ചുള്ള വിവാദപ്രസ്താവനയെത്തുടർന്ന് യോഗിക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. രാഹുലും യോഗിക്കെതിരെ രൂക്ഷവിമർശനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ യോഗിയുടെ പ്രസ്താവന.

കേരളത്തെ അക്ഷേപിച്ചുള്ള യോഗി ആദിത്യനാഥിന്റെ വിവാദ പരാമർശത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും ഇന്നലെ ബഹളം ഉണ്ടായിരുന്നു. ലോക്‌സഭയിൽ പ്രതിപക്ഷം വിഷയം ഉയർത്തിയതിനെ ബിജെപി എതിർത്തു. രാജ്യസഭയിൽ വിഷയം ഉന്നയിക്കാൻ അനുവദിക്കാത്തതിനാൽ ഇടതുപക്ഷം ഇറങ്ങിപോയിരുന്നു.

സൂക്ഷിച്ചില്ലെങ്കിൽ യുപി കേരളവും ബംഗാളും കശ്മീരും പോലെയാകുമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്‌ക്കെതിരെ ഇരുസഭകളിലും പ്രതിപക്ഷം നോട്ടീസ് നല്കിയിരുന്നു. അധിർ രഞ്ജൻ ചൗധരിയുടെ നേതൃത്വത്തിലാണ് ലോക്‌സഭയിൽ കേരളത്തിലെയും പശ്ചിമബംഗാളിലെയും അംഗങ്ങൾ ബഹളം വച്ചത്. രാജ്യത്തെ വിഭജിക്കാനുള്ള നീക്കമാണ് യോഗി ആദിത്യനാഥിന്റെതെന്ന് ചൂണ്ടിക്കാട്ടി കൊടിക്കുന്നിൽ സുരേഷ്, എൻകെ പ്രേമചന്ദ്രൻ, ടിഎൻ പ്രതാപൻ എന്നിവരാണ് നോട്ടീസ് നല്കിയത്.

എൻകെ പ്രേമചന്ദ്രൻ ചെയറിൽ ഇരുന്നപ്പോൾ തൃണമൂൽ കോൺഗ്രസിന്റെ സൗഗത റോയിക്ക് വിഷയം ഉന്നയിക്കാൻ അനുവാദം നല്കിയതിനെ ബിജെപി അംഗം നിഷികാന്ത് ദുബെ എതിർത്തത് ബഹളത്തിനിടയാക്കി. കശ്മീർ, ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളെ യോ?ഗി അപമാനിക്കുകയാണ് എന്ന് സൗഗത റോയി പറഞ്ഞു.

രാജ്യസഭയിൽ ജോൺ ബ്രിട്ടാസാണ് നോട്ടീസ് നല്കിയത്. മൂന്നൂ സംസ്ഥാനങ്ങളെ അപമാനിച്ച വിഷയം ഗൗരവമേറിയതെന്ന് എംപിമാർ വാദിച്ചെങ്കിലും ഇക്കാര്യം ഉന്നയിക്കാൻ അനുവാദം നല്കിയില്ല. തുടർന്നാണ് ഇടത് എംപിമാർ സഭയിൽ നിന്നിറങ്ങിപ്പോയത്.

ബംഗാളിലെ ജനങ്ങളെ പോലെ യുപിയും ബിജെപിയെ തള്ളണമെന്ന് തൃണമൂൽ കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു. യോഗിയുടെ കീഴിലെ യുപിയെക്കാൾ കശ്മീർ അടിസ്ഥാന സൗകര്യങ്ങളിൽ മുന്നിലാണെന്ന് ഒമർ അബ്ദുള്ള പ്രതികരിച്ചു. ധ്രുവീകരണ നീക്കങ്ങളുടെ തുടർച്ചയായ പ്രസ്താവന എന്നാൽ യുപിയിൽ ഫലം ചെയ്യും എന്ന വിലയിരുത്തലാണ് ബിജെപി നേതാക്കൾക്കുള്ളത്.