ലഖ്‌നൗ: കന്നുകാലികളുടെ വിൽപ്പന നിരോധിച്ച കേന്ദ്രസർക്കാർ വിജ്ഞാപനത്തിനെതിരെ കേരളത്തിൽ അരങ്ങേറുന്ന ബീഫ് ഫെസ്റ്റിവലുകൾ നിർഭാഗ്യകരമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 

മതേരതരത്വത്തിന്റെ പേരിൽ മറ്റുള്ളവരുടെ വികാരങ്ങൾ മാനിക്കുന്നതിനെക്കുറിച്ച് വാചാലരാവുന്നവർ എന്തുകൊണ്ട് കേരളത്തിൽ നടക്കുന്ന നിർഭാഗ്യകരമായ സംഭവങ്ങളെക്കുറിച്ച് നിശബ്ദത പാലിക്കുന്നുവെന്ന്, യൂത്ത് കോൺഗ്രസുകാർ കന്നുകാലിയെ പരസ്യമായി അറുത്ത സംഭവം പരാമർശിച്ചു കൊണ്ട് യോഗി ആദിത്യനാഥ് ചോദിച്ചു.

ലഖ്‌നൗവിൽ നടക്കുന്ന എബിവിപിയുടെ ദേശീയനിർവാഹകസമിതി യോഗത്തിൽ സംസാരിക്കുമ്പോൾ കോൺഗ്രസിനെ ലക്ഷ്യം വച്ചു കൊണ്ട് കേരളത്തിലെ സംഭവവികാസങ്ങളെക്കുറിച്ച് ആദിത്യനാഥ് സംസാരിച്ചത്.

കശാപ്പ് ചെയ്യുന്നതിനായി കന്നുകാലികളെ വിൽക്കുന്നതിനും വാങ്ങുന്നതിനും കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയതിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു കേരളത്തിൽ രണ്ട് ദിവസമായി അരങ്ങേറിയത്. ദളിതരേയും ന്യൂനപക്ഷങ്ങളേയും ലക്ഷ്യം വച്ചാണ് കേന്ദ്രസർക്കാരിന്റെ വിജ്ഞാപനം എന്ന വിമർശനം ബിജെപിയേയും പ്രതിരോധത്തിലാക്കി.

ഇതിനിടെയാണ് കണ്ണൂരിൽ റിജിൽ മാക്കുറ്റിയുടെ നേതൃത്വത്തിലുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാളക്കുട്ടിയെ പരസ്യമായി കശാപ്പ് ചെയ്തത്. ഇതോടെ ഈ വിഷയം ചർച്ചയാക്കി പ്രതിപക്ഷത്തെ തിരിച്ചടിക്കുകയാണ് ബിജെപി. ഇത് തിരിച്ചറിഞ്ഞാണ് കണ്ണൂർ സംഭവത്തിന് നേതൃത്വം നൽകിയവരെ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം ഇടപെട്ട് സസ്‌പെൻഡ് ചെയ്തത്.