- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കലാപമില്ല; വ്യവസായ സൗഹൃദം; കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതിൽ ഒന്നാം സ്ഥാനം; വാഗ്ദാനങ്ങൾ പൂർത്തിയാക്കി; യുപിയെ 'ഉത്തംപ്രദേശ്' ആക്കിയെന്ന് യോഗി ആദിത്യനാഥ്; 350 ലേറെ സീറ്റിൽ ബിജെപി ജയിക്കുമെന്നും പ്രതികരണം
ലക്നൗ: സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പ്രതിപക്ഷത്തിനെതിരെ ഒളിയമ്പുകൾ എറിഞ്ഞും ബിജെപി ഭരണകാലത്തെ ഉത്തർ പ്രദേശിന്റെ 'റിപ്പോർട്ട് കാർഡ്' അവതരിപ്പിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇക്കഴിഞ്ഞ നാലര വർഷം സദ്ഭരണത്തിലാണു ശ്രദ്ധിച്ചത്. തന്റെ സർക്കാർ അധികാരത്തിലേറിയ 2017 മുതൽ കലാപരഹിത സംസ്ഥാനമായി ഉത്തർപ്രദേശ് തുടരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന ഭരണത്തിൽ പരിപൂർണ മാറ്റം പ്രകടമാണ്. മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി അർഹരായവരിലേക്കു ക്ഷേമ പദ്ധതികൾ എത്തുന്നു. നാലര വർഷത്തെ ഭരണത്താൽ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ രാജ്യത്തു രണ്ടാമത് യു പി എത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'2017ൽ ലോക് കല്യാൺ സങ്കൽപ് പത്രയിൽ വാഗ്ദാനം ചെയ്തവയെല്ലാം ബിജെപി സർക്കാർ പൂർത്തിയാക്കി. 2022ലെ തിരഞ്ഞെടുപ്പിൽ 403 അംഗ നിയമസഭയിൽ 350ലേറെ സീറ്റിലും പാർട്ടി വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ട്.
44 കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതിൽ ഒന്നാം സ്ഥാനത്താണു സംസ്ഥാനം. വികസനം, ക്രമസമാധാനം, കോവിഡ് നേരിടൽ തുടങ്ങിയവയിലെല്ലാം മികച്ച നേട്ടമുണ്ടാക്കി. മുൻ സർക്കാരുകളെപ്പോലെ ആഡംബര വസതികൾ നിർമ്മിച്ചില്ല, പാവപ്പെട്ടവർക്കു വീടുണ്ടാക്കുന്നതിലായിരുന്നു ഞങ്ങളുടെ ശ്രദ്ധ' യോഗി പറഞ്ഞു.
മുൻഗാമികൾ സർക്കാർ ബംഗ്ലാവുകൾ ഇടിച്ചുനിരത്തുകയും ആഡംബര വീടുകൾ നിർമ്മിക്കുന്നതിൽ മത്സരിക്കുകയും ചെയ്തു. ഞങ്ങളാരും സ്വന്തമായി വീടുണ്ടാക്കിയില്ലെങ്കിലും സംസ്ഥാനത്തെ 42 ലക്ഷം പാവപ്പെട്ടവർക്കു വീട് നിർമ്മിച്ചു നൽകാനായി. ജാതിയോ മതമോ നോക്കാതെ ക്രിമിനലുകളെ കൈകാര്യം ചെയ്തു ക്രമസമാധാനം ഉറപ്പാക്കി. കോവിഡ് പരിശോധന, വാക്സിനേഷൻ എന്നിവയിൽ സംസ്ഥാനം മുന്നിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിവിധ ക്ഷേമ പദ്ധതികൾ നിറവേറ്റിയെന്നും അവ ആവശ്യക്കാരിലേക്ക് എത്തിക്കാൻ സർക്കാരിന് കഴിഞ്ഞുവെന്നും നാലര വർഷത്തെ ഭരണം വിലയിരുത്തിക്കൊണ്ടുള്ള റിപ്പോർട്ട് കാർഡ് അവതരിപ്പിച്ചുകൊണ്ട് യോഗി പറഞ്ഞു. കോവിഡ് മഹമാരിക്കെതിരെ ശക്തമായ പ്രതിരോധ മാർഗങ്ങളാണ് സംസ്ഥാനം കൈക്കൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശ് 2017 ന് മുമ്പ് സമ്പദ്വ്യവസ്ഥയിൽ ആറാമതെ സ്ഥാനത്തായിരുന്നു. യോഗിയുടെ ഭരണത്തിൽ രണ്ടാം സ്ഥാനത്തെത്തി. സാമ്പത്തികരംഗത്ത് വലിയ മുന്നേറ്റം നടത്തുന്ന യുപിയുടെ ലക്ഷ്യം ട്രില്യൺ ഡോളർ ഇക്കോണമിയാണ്. അതിനുള്ള മുന്നൊരുക്കങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ചൈനയെ ഉപേക്ഷിച്ച് പോയ വൻകിട കമ്പനികളെ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ യോഗിക്ക് കഴിഞ്ഞു.
നോയിഡയിൽ സാംസങ് സ്ഥാപിച്ച ലോകത്തെ ഏറ്റവും വലിയ മൊബൈൽ ഫാക്ടറി ഇതിന് ഉദാഹരണമാണ്. ബിസിനസ് റാങ്കിങ് പന്ത്രണ്ടാം സ്ഥാനത്ത് നിന്നിരുന്ന യുപി ഇപ്പോൾ രണ്ടാമത്താണ്. 2018 ൽ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്ത ഡിഫൻസ് കോറിഡോർ പദ്ധതി പുരോഗമിക്കുകയാണ്. പ്രതിരോധ മേഖലയ്ക്ക് ആവശ്യമായ ആയുധങ്ങളും ഉപകരണങ്ങളും നിർമ്മിക്കുകയാണ് ലക്ഷ്യം. ഡിഫൻസ് കോറിഡോറിലേയ്ക്ക് ശതകോടികളുടെ നിക്ഷേപമാണ് ഒഴുകുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ നാലര കൊല്ലത്തിനിടയിൽ മൂന്ന് ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപമുണ്ടായി.
ഇക്കാലയളവിൽ നാലര ലക്ഷം യുവാക്കൾക്ക് സർക്കാർ ജോലി നൽകി. സ്വകാര്യ മേഖലയിൽ സൃഷ്ടിച്ച 1.61 കോടിയിലധികം തൊഴിലവസരങ്ങൾക്ക് പുറമെയാണിത്. ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിൽ രണ്ടാമതാണ് ഇപ്പോൾ യുപിയുടെ സ്ഥാനം. 60 ലക്ഷത്തിലധികം വരുന്ന ചെറുകിട സംരംഭകർക്കും കരകൗശല തൊഴിലാളികൾക്കും വരുമാന വർദ്ധനവിനുള്ള വഴികൾ തുറന്നകൊടുക്കുന്നതിനായി നിരവധി പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്.
2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എസ്പി കോൺഗ്രസുമായി സഖ്യമുണ്ടാക്കിയാണ് മത്സരിച്ചത്. 312 സീറ്റുമായി ബിജെപി അധികാരം പിടിച്ചു. ബിജെപി ദേശീയ നേതൃത്വം യുപിയെ നയിക്കാൻ യോഗിയെ ഏൽപിക്കുകയായിരുന്നു. സംസ്ഥാനത്ത് ഇപ്പോൾ നാല് അതിവേഗ പാതകളുടെ നിർമ്മാണം പുരോഗമിക്കുന്നു. പൂർവാഞ്ചൽ, ബുന്ദേൽഖണ്ഡ്, ഖോരഗ്പൂർ, ഗംഗ എന്നീ എക്സ്പ്രസ് ഹൈവേകളാണ് നിർമ്മാണത്തിലുള്ളത്. ഇതിനുപുറമെ ഡൽഹി-മുംബൈ എക്സ്പ്രസ് ഹൈവയേുടെ പ്രധാന ഭാഗം കടന്നുപോകുന്നതും യുപിയിലൂടെയാണ്.
എക്സ്പ്രസ് ഹൈവേകൾ യാഥാർഥ്യമാക്കുന്നതോടെ സംസ്ഥാനത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ തന്നെ സാമൂഹ്യവും സാമ്പത്തികവുമായ സ്ഥിതിയിൽ വൻ മാറ്റങ്ങൾക്ക് വഴിവയ്ക്കും. ഇന്ത്യയിലെ ആദ്യത്തെ 14 വരി പാതയായ മീററ്റ്-ഡൽഹി ഹൈവേ ഗതാഗതത്തിനായി തുറന്നുകൊടുത്തു. മുമ്പ് രണ്ടര മണിക്കൂർ കൊണ്ടാണ് രാജ്യ തലസ്ഥാനത്തുനിന്നും മീററ്റിലെത്താൻ എടുത്തിരുന്നത്. ഇപ്പോൾ 45 മിനിറ്റ് മതി. പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിപ്രകാരം 44 ലക്ഷം ആളുകൾക്ക് വീടുകൾ നൽകി.
സംസ്ഥാനത്ത് 2.61 കോടി ശൗച്യാലയങ്ങൾ നിർമ്മിച്ചു നൽകി. കൊറോണ മഹാമാരിയുടെ ലോക്ക്ഡൗൺ കാലയളവിൽ സംസ്ഥാനത്തെ 15 കോടി ആളുകൾക്ക് സൗജന്യ റേഷൻ നൽകാൻ കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് പ്രവർത്തിച്ചു. സൗഭാഗ്യ പദ്ധതി വഴി 1.38 കോടി ആളുകൾക്ക് സൗജന്യ വൈദ്യുതി കണക്ഷൻ നൽകി.
ന്യൂസ് ഡെസ്ക്