ലക്‌നൗ: ഇന്ത്യൻ തൊഴിലാളികളുടെ രക്തത്താലും, വിയർപ്പിനാലും പടുത്തുയർത്തിയതാണ് താജ്മഹലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ഈ മാസം 25 ന് താജ്മഹൽ അടക്കമുള്ള സ്മാരകങ്ങൾ സന്ദർശിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ആദിത്യനാഥ് താജ്മഹലിനെ വാഴ്‌ത്തിയത്.സുപ്രധാന സ്മാരകമാണ് താജ്മഹലെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി വിനോദ സഞ്ചാരികൾക്ക് എല്ലാ സൗകര്യങ്ങളും, സുരക്ഷയും ഒരുക്കുന്നത് സർക്കാരിന്റെ മുൻഗണനയിലുണ്ടെന്നും പറഞ്ഞു.

വഞ്ചകാരണ് താജ്മഹൽ നിർമ്മിച്ചതെന്ന ബിജെപി എംഎൽഎ സംഗീത് സോമിന്റെ പ്രസ്താവന വിവാദമായതിനെ തുടർന്നാണ് യോഗി ആദിത്യനാഥിന്റെ പ്രതികരണം.താജ്മഹലിനെ യുപി ടൂറിസം വകുപ്പിന്റെ ബുക് ലെറ്റിൽ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ടാണ് സംഗീത് സോം താജ്മഹലിന്റെ ചരിത്രപ്രാധാന്യത്തെ ചോദ്യം ചെയ്തത്.സ്വന്തം പിതാവിനെ തടങ്കലിലാക്കുകയും, ഹിന്ദുക്കളെ ആക്രമിക്കുകയും ചെയ്ത വ്യക്തിയാണ് സ്മാരകം നിർമ്മിച്ചതെന്നും, അക്‌ബർ, ഔറംഗസീബ്, ബാബർ തുടങ്ങിയവർ വരുത്തിയ കളങ്കം ചരിത്ര പുസ്തകങ്ങളിൽ നിന്ന് നീക്കാനുമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നതെന്നും സംഗീത് സോം പറഞ്ഞിരുന്നു.

എന്നാൽ സംഗീത് സോം ചരിത്ര വസ്തുതകളെ വളച്ചൊടിക്കുകയാണെന്ന ആക്ഷേപവും ഉയർന്നു. താജ്മഹൽ നിർമ്മിച്ച ഷാജഹാൻ ആരെയും തടങ്കലിലാക്കിയിരുന്നില്ല. ഷാജഹാന്റെ മകൻ ഔറംഗസീബാണ് ഷാജഹാനെ അവസാന നാളുകളിൽ തടവറയിലാക്കിയത്.താജ്മഹലിനെ കുറിച്ചുള്ള സംഗീത് സോമിന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് ബിജെപിയും വ്യക്തമാക്കിയിരുന്നു, എന്നാൽ ഇസ്ലാമിക ഭരണകാലം കടുത്ത ചൂഷണത്തിന്റെയും, അസഹിഷ്ണുതയുടെയുമാണെന്നാണ് പാർട്ടി നിലപാട് .