ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രജയം നേടി ഉത്തർപ്രദേശിൽ അധികാരം നിലനിൽത്തിയ ബിജെപിയിൽ മന്ത്രിസഭാ രൂപീകരണ ചർച്ച പുരോഗമിക്കുന്നു. മന്ത്രിസഭാരൂപീകരണ ചർച്ചകൾക്കായി യോഗി ആദിത്യനാഥ് ഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി യോഗി ഇന്ന് ചർച്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി, എൻഡിഎ മുഖ്യമന്ത്രിമാർ അടക്കമുള്ളവർ ഹോളിക്ക് മുമ്പ് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കയിരുന്നു.

ഉത്തർപ്രദേശിൽ കഴിഞ്ഞ സർക്കാരിലെ ആരെയൊക്കെ നിലനിർത്തണം, ഏതൊക്കെ പുതുമുഖങ്ങളെ ഉൾപ്പെടുത്തണമെന്നത് ചർച്ചയാകും. കൂടാതെ ദളിത് - പിന്നോക്ക വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ജാതി വിഭാഗങ്ങളുടെ പ്രാതിനിധ്യം കൃത്യമായി ഉറപ്പാക്കിയേ മന്ത്രി സ്ഥാനങ്ങളിൽ തീരുമാനമെടുക്കാനാകൂ.

നിലവിൽ പത്ത് മന്ത്രിമാർ തെരഞ്ഞെടുപ്പിൽ തോറ്റിട്ടുണ്ട്. ആ സ്ഥാനങ്ങളിലേക്ക് പുതിയ ആളുകൾ എത്തിയേക്കും. തോറ്റ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യക്ക് പകരം ആര് എന്നതും തീരുമാനിക്കേണ്ടതുണ്ട്. ബിജെപി അധ്യക്ഷൻ സ്വതന്ത്രദേവ് സിങ്, ബേബി റാണി മൗര്യ, ബ്രിജേഷ് പാഠക് എന്നിവരുടെ പേരുകളാണ് നിലവിൽ പരിഗണനയിൽ ഉള്ളത്. ഒബിസി മുഖമായ കേശവ് പ്രസാദിന് ഒരു വട്ടം കൂടി അവസരം നൽകുമോ ദേശീയ തലത്തിലേക്ക് നിയോഗിക്കുമോയെന്നതും കണ്ടറിയണം.

കുർമി വിഭാഗക്കാരനാണ് സ്വതന്ത്രദേവ്. ബിഎസ്‌പിയുടെ വോട്ട് ബാങ്കായ ജാഠവ് വിഭാഗക്കാരിയാണ് ബേബി റാണി മൗര്യ. ബ്രാഹ്‌മിൺ വിഭാഗക്കാരനാണ് ബ്രിജേഷ് പാഠക്. നോയിഡയിൽ നിന്ന് വീണ്ടും വൻ വിജയം നേടിയ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങിന്റെ മകൻ പങ്കജ് സിങിനെയും നേതൃത്വം പരിഗണിക്കും. ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, അമിത് ഷാ, സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് എന്നിവരും പങ്കെടുക്കും.

മുലായം സിങ് യാദവിന്റെ മരുമകൾ അപർണ യാദവ്, കോൺഗ്രസിൽനിന്ന് ബിജെപിയിലെത്തിയ അതിഥി സിങ് എന്നിവർക്കും മന്ത്രി സ്ഥാനം ലഭിക്കാനിടയുണ്ട്. 9 തവണ എംഎൽഎ ആയ മുൻ മന്ത്രി സുരേഷ് കുമാർ സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടും. ഘടകക്ഷികളായ അപ്നാദളിന് മൂന്നും നിഷാദ് പാർട്ടിക്ക് രണ്ട് മന്ത്രി സ്ഥാനവും നൽകാനുള്ള സാധ്യതയാണ് കാണുന്നത്. തുടർഭരണം ലഭിച്ച സുരക്ഷാ- വികസന മോഡലിന് തന്നെയാകും രണ്ടാം യോഗി സർക്കാരിന്റെയും ഊന്നൽ.

അതേസമയം ഉത്തരാഖണ്ഡിൽ ആര് മുഖ്യമന്ത്രിയാകുമെന്നതിൽ ഒരാഴ്ചക്കുള്ളിൽ ബിജെപി കേന്ദ്രനേതൃത്വം തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. മണിപ്പൂരിൽ ബിരേൻ സിങ് തന്നെ മുഖ്യമന്ത്രിയായി തുടരും. മന്ത്രിസഭാ രൂപീകരണചർച്ചകൾ ഉടൻ തുടങ്ങും. ഉത്തരാഖണ്ഡിൽ ആറ് പേരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചർച്ചയാകുന്നത്. ഇതിൽ ഒരാഴ്ചക്കുള്ളിൽ ദേശീയ നേതൃത്വം തീരുമാനമെടുക്കും.

ഈ മാസം പതിനെട്ടിന് ഹോളി ആഘോഷിക്കുന്നതിന് മുൻപ് രണ്ടാം യോഗി സർക്കാരിന്റെ സത്യപ്രതിജ്ഞ ഉണ്ടായേക്കും. ഈ മാസം പതിനാലിനും പതിനേഴിനും ഇടയിൽ സത്യപ്രതിജ്ഞ നടക്കാനാണ് സാധ്യത.