ലഖ്‌നൗ: ഉത്തർപ്രദേശിൽ സൗജന്യ റേഷൻ പദ്ധതി മൂന്ന് മാസത്തേക്ക് കൂടി നീട്ടി യോഗി ആദിത്യനാഥ് സർക്കാർ. രണ്ടാം യോഗി സർക്കാരിന്റെ ആദ്യ മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. കോവിഡ് കാലത്ത് ആരംഭിച്ച പദ്ധതി ഈ മാസം അവസാനിക്കാനിരിക്കെയാണ് നീട്ടുന്നതായി സർക്കാർ പ്രഖ്യാപിച്ചത്.

യുപി അഡീഷണൽ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായും മന്ത്രിസഭ യോഗത്തിന് ശേഷം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തി. ഉപ മുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യയും ബ്രജേഷ് പാഠക്കും യോഗത്തിൽ പങ്കെടുത്തു.

15 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ ഉപകാരപ്പെടുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 3270 കോടി രൂപയാണ് പദ്ധതി തുടരുന്നതിനായി നീക്കി വെക്കുന്നതെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് പറഞ്ഞു. കോവിഡ് വ്യാപന സമയത്ത് പ്രഖ്യാപിച്ച സൗജന്യ റേഷൻ പദ്ധതി മാർച്ച് മാസത്തോടെ അവസാനിക്കാനിരുന്നതായിരുന്നു

ഇന്നലെയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യ നാഥ് സത്യപ്രതിജ്ഞ ചെയ്തത്. യോഗിക്കൊപ്പം 52 മന്ത്രിമാർ കൂടി സത്യപ്രതിഞ്ജ ചെയ്ത് അധികാരത്തിലേറി. 16 പേർക്ക് ക്യാബിനറ്റ് പദവിയും സ്വതന്ത്ര ചുമതലയുള്ള 14 മന്ത്രിമാരും മന്ത്രിസഭയിൽ ഉണ്ടാവും. അഞ്ച് പേർ വനിതകളാണ്. ഒന്നാം യോഗി സർക്കാരിലെ 21 പേർ മന്ത്രിമാരായി തുടരും. 31 പേർ പുതുമുഖങ്ങളാണ്.

കഴിഞ്ഞ മന്ത്രിസഭയിലെ 22 മന്ത്രിമാർക്ക് വീണ്ടും അവസരം ലഭിച്ചില്ല.മുൻ ഉത്തരാഖണ്ഡ് ഗവർണർ ബേബി റാണി മൗര്യയും പുതിയ മന്ത്രിസഭയിൽ ഉണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്ര ദേവ്, നിഷാദ് പാർട്ടി നേതാവ് സഞ്ജയ് നിഷാദ്, പ്രധാനമന്ത്രിയുടെ അടുപ്പക്കാരനായ എകെ ശർമ്മ, കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ ജിതിൻ പ്രസാദ എന്നിവരാണ് മന്ത്രിസഭയിലേക്കെത്തിയ പ്രമുഖർ.

അടൽ ബിഹാരി വാജ്പേയി ഏകാന സ്റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, നിരവധി കേന്ദ്രമന്ത്രിമാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പാർട്ടി നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങിൽ സന്നിഹിതരായിരുന്നു.

അക്രമങ്ങളും, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും വലിയ വെല്ലുവിളിയായി നിലനിന്നിരുന്ന സംസ്ഥാനത്ത് ക്രമസമാധാനം പുനഃസ്ഥാപിച്ചു എന്നതാണ് ഭരണനേട്ടമായി ബിജെപി തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടിയത്. ബുൾഡോസർ ബാബ പോലുള്ള പ്രയോഗങ്ങളിലൂടെ ആ പ്രതിഛായ യോഗി ഊട്ടി ഉറപ്പിച്ചു. ക്രമസമാധാനം മെച്ചപ്പെടുത്തുക എന്നത് തന്നെയാവും രണ്ടാം ഭരണത്തിലും യോഗിക്ക് മുന്നിലെ പ്രധാന വെല്ലുവിളി.

ഹാത്രസ്, ഉന്നാവ്, ലഖിംപൂർഖേരി ഉൾപ്പടെ വിവിധ സംഭവങ്ങൾ കഴിഞ്ഞ ഭരണകാലത്ത് യോഗിക്ക് മേൽ നിഴൽ വീഴ്‌ത്തിയതാണ്. എന്നാൽ അതൊന്നും വോട്ടർമാരെ സ്വാധീനിച്ചില്ല. ഏന്റി റോമിയോ സ്‌ക്വാഡ് പോലുള്ള പദ്ധതികളിലൂടെ സ്ത്രീകളുടെ വിശ്വാസം നേടിയെടുക്കാൻ യോഗി ആദിത്യനാഥിനായി.

നിർബന്ധിത മതപരിവർത്തനം നടത്തുന്നവർക്ക് ഒരു ലക്ഷം രൂപ പിഴയും പത്തു വർഷം തടവും ശിക്ഷ ഏർപ്പെടുത്തുമെന്നതുൾപ്പടെ പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങളിലൂടെ ഭൂരിപക്ഷത്തിനെ ഒപ്പം കൂട്ടി. ഈ വാഗ്ദാനങ്ങൾ എത്രയും വേഗം യാഥാർഥ്യമാക്കാനാകും പുതിയ മന്ത്രിസഭയുടെ ആദ്യ ദൗത്യം.