ന്യൂയോർക്ക് : മലയാളത്തിലെ ആദ്യത്തെ ഹൈന്ദവ ആത്മീയ സാംസ്‌കാരിക ചാനലായ ജ്ഞാനയോഗി ടിവിയുടെ അമേരിക്കയിലെ പ്രവർത്തനങ്ങൾക്ക് നവംബർ 25നു തുടക്കമാകും. ന്യൂയോർക്കിലെ വിഷൻ ഔട്ട് റീച്ച് ഇന്റർനാഷണൽ ഹോളിൽ 25-ാം തീയതി നടക്കുന്ന ചടങ്ങിൽ പ്രമുഖ വേദപണ്ഡിതനും താന്ത്രികാചാര്യനുമായ സൂര്യകാലടിമന സുബ്രഹ്മണ്യ ഭട്ടതിരിപ്പാട് മുഖ്യപ്രഭാഷണം നടത്തും.

ജ്ഞാനയോഗി ചാനൽ ചീഫ് എക്‌സിക്ക്യുട്ടീവ് ഓഫീസർ മിൽട്ടൺ ഫ്രാൻസിസ് യോഗി നെറ്റ് വർക്ക് ലിമിറ്റഡ് ഡയറക്ടർ ഈ. ലോകേശ്വര, പ്രമുഖ ജ്യോതിഷ പണ്ഡിതൻ ആചാര്യ സേതുമാധവജി എന്നിവരും പരിപാടിയിൽ പങ്കെടുക്കും. ഹെരിറ്റേജ് ഓഫ് ഇന്ത്യ ഫൗണ്ടേഷൻ പ്രസിഡന്റ് സുധാകർത്താ, കേരളാ റ്റുഡേ എഡിറ്റർ ലാലു ജോസഫ്, സംബോധ് ഫൗണ്ടേഷൻ, ശിവഗിരി മഠം, ഇസ്‌കോൺ എന്നവയുടെ പ്രതിനിധികൾ, ഹൈന്ദവ ആത്മീയ നേതാക്കൾ, അമേരിക്കൻ മലായളികൾ, വ്യവസായികൾ മുതലായവരും പരിപാടിയിൽ പങ്കെടുക്കും.

ദക്ഷിണേന്ത്യയിലെ പ്രമുഖ ബ്രോഡ്കാസ്റ്റിങ് കമ്പനിയായ ജ്ഞാനയോഗി നെറ്റ് വർക്ക്‌സാണ് ജ്ഞാനയോഗി ടിവിയുടെ ഉടമസ്ഥർ. തെലുങ്കിൽ ഇപ്പോൾ തന്നെ ചാനൽ സംപ്രേഷണം ചെയ്തുവരുന്നുണ്ട്. സ്റ്റുഡിയോ വൺ എന്ന തെലുങ്കു ന്യൂസ് ചാനലും യോഗി നെറ്റ് വർക്ക്‌സിന്റെ ഉടമസ്ഥതയിൽ നടന്നു വരുന്നുണ്ട്. മുതിർന്ന മാധ്യമപ്രവർത്തകനും ബ്രോഡ്കാസ്റ്റിങ് വദഗ്ദ്ധനുമായ മിൽട്ടൺ ഫ്രാൻസിസ്സാണ് ചാനലിന്റെ സി. ഈ. ഓയും പ്രോഗ്രാം മേധാവിയുമായി ചുമതല വഹിക്കുന്നത്. ഭാരതീയ മൂല്യങ്ങൾക്കും സനാതന ധർമ്മങ്ങൾക്കും ഊന്നൽ നൽകുന്ന ജ്ഞാനയോഗി ചാനലിന്റെ ആസ്ഥാനം തൃശൂരാണ് സ്ഥിതിചെയ്യുന്നത്. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ സ്റ്റുഡിയോ കോംപ്ലക്‌സ് ക്ഷേത്രനഗരിയായ തൃശൂരിലെ പൂങ്കുന്നത്ത് സജ്ജീകരിച്ചിട്ടുണ്ട്.

പ്രമുഖ കേബിൾ ടിവി നെറ്റ് വർക്കുകലും യുപ് ടിവി പോലെയുള്ള ഐ പി ടിവി സംവിധാനങ്ങളിലും വിവിധ ഡി.റ്റി.എച്ഛുകളിലും ആൻഡ്രോയിഡ്, ആപ്പിൾ, ഐഓസ് സംവിധനങ്ങളിലൂടെ യോഗി ടിവി തത്സമയെ കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ പ്രമുഖ സംന്യസി ശ്രേഷ്ഠരായ സദ്ഗുരു ജഗ്ഗിവാസുദേവൻ, ശ്രീ ശ്രീ രവിശങ്കർ, സ്വാമി രാംബാബ, ബ്രഹ്മകുമാരീസ് തുടങ്ങിയവരുടെ ആത്മീയ പ്രഭാഷണങ്ങൾ ചാനൽ ദിവസവും സംപ്രേഷണം ചെയ്തു വരുന്നുണ്ട്.

യോഗാഭ്യാസം ക്ഷേത്രവാർത്തകൾ, ലളിതായനം, നാരയണീയം, ക്ഷേത്രകലകൾ, സപ്താഹങ്ങൾ, ഉപനിഷത്ത്, ഭഗവത്ഗീത, ശങ്കരദർശനം തുടങ്ങി ഹൈന്ദവ ജീവിതത്തിലെ സമസ്തമേഖലകളും സ്പർശിക്കുന്ന പരിപാടികൾ യോഗീ ടിവിയിലൂടെയാണ് മലയാളികൾക്ക് ലഭ്യമായി വരുന്നത്. വിവിധ ക്ഷേത്രോത്സവങ്ങളും ആത്മീയ സാംസ്‌കാരിക പരിപാടികളും ആത്മീയ പ്രഭാഷണങ്ങളും തത്സമയം സംപ്രേഷണം ചെയ്യാനുള്ള സംവിധാനം ജ്ഞാനയോഗിക്കു സ്വന്തമായുണ്ട്. സംന്യാസി ശ്രേഷ്ഠരുമായുള്ള തത്സമയം സംവാദം, ആയുർവേദം, യോഗാഭ്യാസം, കുണ്ഡലിനിയോഗം, ജ്യോതിഷ പരിപാടികൾ തുടങ്ങിയവ ശാസ്ത്രീയമായി അവതരിപ്പിക്കുന്ന സനാതന ധർമ്മത്തിലധിഷ്ഠിതമായ പരിപാടികൾ യോഗി ടിവിയുടെ മാത്രം പ്രത്യേകതയാണ്.

പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനകം തന്നെ കേരളത്തിലെ ഹൈന്ദവ കുടുംബങ്ങളിൽ ആത്മീയ തേജസ് ചൊരിയുവാൻ യോഗി ടിവിക്കായി എന്ന് ചാനൽ സി. ഇ. ഓ. മിൽട്ടൺ ഫ്രാൻസിസ് പറഞ്ഞു. കേരളത്തിലെ ബഹുഭൂരിപക്ഷം കുടുംബങ്ങളിലും യോഗി ടിവി അഭിവാജ്യ ഘടകമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. കേരളത്തിലെ പ്രമുഖ ആശ്രമങ്ങളായ ചിദാനന്ദപുരിയുടെ കൂളത്തൂർ ആശ്രമം, ഉദിത് ചൈതന്യയുടെ ഭാഗവത ഗ്രാമം, ശിവഗിരി മഠം, വിദ്യാധിരാജാ ആശ്രമം, സ്‌കൂൾ ഓഫ് ശാന്തി യോഗാ സ്‌കൂൾ തുടിങ്ങിയവയുടെ മാധ്യമ പങ്കാളികൂടിയാണ് യോഗി ചാനൽ.

ഹൈന്ദവ ആചാരങ്ങളും അനുഷ്ഠാനങ്ങളും വരും തലമുറയ്ക്ക് പകർന്നു കൊടുക്കുക എന്ന ലക്ഷ്യം ചാനൽ പൂർത്തീകരിച്ചുകൊണ്ടിരിക്കുകയാണ് എന്ന് മിൽട്ടൺ ഫ്രാൻസിസ് പ്രസ്താവിച്ചു. അമേരിക്കയിലെ ഹൈന്ദവ കുടുംബങ്ങൾക്കു ജ്ഞാനയോഗി ടിവി പുതിയൊരു അനുഭവവും ആത്മീയ വഴികാട്ടിയുമാകുമെന്ന് മിൽട്ടൺ ഫ്രാൻസിസ് പ്രതീക്ഷ പകടിപ്പിച്ചു. അമേരിക്കൻ മലയാളികൾക്ക് യോഗി നെറ്റ് വർക്ക്‌സിന്റെ സമ്മാനമാണ് ജ്ഞാനയോഗി മലയാളം എന്ന് ചാനൽ എംഡിയും യോഗി നെറ്റ് വർക്ക്‌സ് ഗ്രൂപ്പ് ഡയറക്ടറുമായ ഈ. ലോകേശ്വര പറഞ്ഞു. ന്യയോർക്ക് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ചാനലിന് ഉടൻ തന്നെ പ്രതിനിധികളെ നിയമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അമേരിക്കയിലെ ക്ഷേത്ര വിശേഷങ്ങളും ഹൈന്ദവ ആത്മീയ പരിപാടികളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രത്യേക പരിപാടികൾ പതിവായി സംപ്രേഷണം ചെയ്യാൻ ഉദ്ദേശിച്ചിട്ടുള്ളതായി ചാനൽ സി. ഇ. ഓ. അറിയിച്ചു. പ്രമുഖ വേദപണ്ഡിതനും താന്ത്രികാചാര്യനുമായ സൂര്യകാലടി മന സുബ്രഹ്മണ്യ ഭട്ടതിരിപ്പാടിന്റെ പരിപാടികൾ യോഗി ടിവി വിവിധ നഗരങ്ങളിൽ സംഘടിപ്പിച്ചിട്ടുണ്ട്. സുപ്രസിദ്ധ ജ്യോതിഷ പണ്ഡിതനായ സേതുമാധവ്ജിയുടെ ജ്യോതിഷ സംബന്ധിയായ സംശയ നിവാരണ പരിപാടിയും ഇതോടൊപ്പം ഉണ്ടായിരിക്കും. കുടുംബ ഐശ്വര്യം, ദാമ്പത്യം, തൊഴിൽ, സാമ്പത്തിക ഉന്നമനം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നപരിഹാരമാണ് പരിപാടിയിൽ അദ്ദേഹം നിർദ്ദേശിക്കുക.

യോഗി ടിവിയുടെ വരവ് യു. എസ്. എയിലെ ഹൈന്ദവ സമൂഹത്തിന് പുതിയ പ്രതീക്ഷകൾ നൽകുന്നുവെന്ന് യോഗി ടിവി അമേരിക്കൻ ഓപ്പറേഷൻ ഹൗഡ് സുധാകർത്ത പറഞ്ഞു. ന്യൂയോർക്കിനു പുറമെ ന്യൂ ജഴ്‌സി, വാഷിങ്ടൺ ഡി.സി.,ഫിലാഡൽഫിയ, കാലിഫോർണ്ണിയ എന്നീ നഗരങ്ങളിൽ യോഗി ടിവി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും കർത്ത അറിയിച്ചു.