ന്യൂയോർക്ക്: ഇന്ത്യൻ അമേരിക്കൻ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്‌സും ജസ്റ്റിസ് ഫോർ ഓൾ (ജെ.എഫ്.എ) പ്രസ്ഥാനവും സംയുക്തമായി സംഘടിപ്പിച്ച  ക്രിസ്മസ് പുതുവത്സരാഘോഷ പരിപാടികൾ പ്രൗഢഗംഭീരമായി. യോങ്കേഴ്‌സിൽ വച്ച് നടത്തിയ കുട്ടികൾക്കു വേണ്ടിയുള്ള പ്രസംഗ മത്സരത്തിലെ വിജയികൾക്കും മത്സരത്തിൽ പങ്കെടുത്തവർക്കും ന്യൂയോർക്ക് സ്‌റ്റേറ്റിന്റേയും യോങ്കേഴ്‌സ് സിറ്റിയുടേയും മെരിറ്റ് സർട്ടിഫിക്കറ്റുകൾ ഇതോടനുബന്ധിച്ച് നടന്ന പരിപാടിയിൽ അമേരിക്കയിലെ മുൻനിര രാഷ്ട്രീയ നേതാക്കൾ വിതരണം ചെയ്തു.

ജെ.എഫ്.എ സ്ഥാപകനും ചെയർമാനുമായ തോമസ് ജെ കൂവള്ളൂരിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ ന്യൂയോർക്ക് സ്‌റ്റേറ്റ് സെനറ്റർമാരായ ജോർജ് ലാറ്റിമർ, ആൻഡ്രിയ സ്റ്റുവർട്ട് കസിൻസ്, കോൺഗ്രസ്സ് മാൻ എലിയട്ട്  എൻഗൽ, അസംബ്ലിവുമൺ ഷെല്ലി മേയർ, യോങ്കേഴ്‌സ് സിറ്റി മൈനോറിറ്റി ലീഡർ മൈക്കിൾ സബറ്റിനോ, യോങ്കേഴ്‌സ് മേയർ  മൈക്ക് സ്പാനോയുടെ പ്രതിനിധിയും ജേർണലിസ്റ്റുമായ ആലി മുടാനോ, കോൺഗ്രസ്സ് മാൻ എലിയട്ട്  എൻഗലിന്റെ സ്റ്റാഫ് അസിസ്റ്റന്റ്  ജേ വെഗിമോട്ട്  എന്നീ  വിശിഷ്ട വ്യക്തികൾ പങ്കെടുത്തു.

'പ്രശ്‌നങ്ങളുണ്ടാകുമ്പോൾ തന്റേടപൂർവ്വം അത് സമൂഹമദ്ധ്യത്തിലും, അധികാരികളുടെ മുമ്പിലും ഉയർത്തിക്കാണിക്കാൻ നമുക്കു കഴിയണം. അതിന് വാക്ചാതുര്യവും, ചുറുചുറുക്കും തന്റേടവുമുള്ളവർക്കു മാത്രമേ സാധിക്കുകയുള്ളൂ. കുട്ടികളിൽ അത്തരത്തിലുള്ള കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടിയാണ്  ജെ.എഫ്.എ കുട്ടികളുടെ പ്രസംഗമത്സരം സംഘടിപ്പിച്ചത്. നവംബർ 29ന് നടത്തിയ 7 മുതൽ 17 വയസു വരെയുള്ള കുട്ടികളുടെ പ്രസംഗ മത്സരത്തിൽ 30 കുട്ടികൾ പങ്കെടുത്തിരുന്നു. അതിൽ വിജയിച്ചവർക്കും പങ്കെടുത്തവർക്കും ന്യൂയോർക്ക് സ്‌റ്റേറ്റിന്റേയും യോങ്കേഴ്‌സ് സിറ്റിയുടേയും മെരിറ്റ് സർട്ടിഫിക്കറ്റുകൾ ന്യൂയോർക്ക് ഗവൺമെന്റിന്റെ പ്രധാന ഭരണകർത്താക്കൾ വിതരണം ചെയ്തതിൽ സന്തോഷവും അഭിമാനവുമുണ്ട്,' തോമസ് കൂവള്ളൂർ പറഞ്ഞു.

സെൻട്രൽ പാർക്ക് അവന്യൂവിലുള്ള യോങ്കേഴ്‌സ് പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് ഒരു മണിയോടെ തുടങ്ങിയ സ്‌നേഹവിരുന്നിനു ശേഷം ചടങ്ങാരംഭിച്ചു. കവിയും, ഗാനരചയിതാവും ഗായകനുമായ അജിത് നായരായിരുന്നു എം സി.   ഇന്ത്യൻ അമേരിക്കൻ  മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ് വൈസ് പ്രസിഡന്റ് ഷെവെലിയാർ ഇട്ടൻ ജോർജ് പടിയേടത്ത് സ്വാഗതമാശംശിച്ചു. ഗ്രെഗറി പോളിന്റെ ദേശീയ ഗാനലാപനത്തിനു ശേഷം വിശിഷ്ടാതിഥികളും ജെ.എഫ്.എ ഭാരവാഹികളും ചേർന്ന് ദീപം തെളിയിച്ച്  ചടങ്ങ് ഔപചാരികമായി ഉത്ഘാടനം ചെയ്തു. ജെ.എഫ്.എ നാഷണൽ ട്രെഷറർ അനിൽ പുത്തൻചിറ ക്രിസ്മസ് പുതുവത്സരാശംസകൾ നേർന്നു. ഷാജി തോമസ്, ക്രിസ്റ്റി കാടാപ്പുറം എന്നിവർ വിശിഷ്ടാതിഥികളെ സദസ്സിനു പരിചയപ്പെടുത്തി.

ന്യൂയോർക്ക് സ്‌റ്റേറ്റ് അസംബ്ലിയും യോങ്കേഴ്‌സ് മേയറും ജെ.എഫ്.എയുടെ പ്രവർത്തനങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള പ്രൊക്ലമേഷൻ ചടങ്ങിൽ വച്ച് സംഘടനയുടെ ചെയർമാൻ തോമസ് കൂവള്ളൂരിന് നൽകി അനുമോദിച്ചു.  യുവതലമുറ അമേരിക്കയുടെ രാഷ്ട്രീയമേഖലയിലേക്ക്  കടന്നു വന്ന്  രാജ്യത്തിന് വിലയേറിയ സംഭാവനകൾ നല്കണമെന്ന്  അസംബ്ലിവുമൺ ഷെല്ലി മേയർ ആശംസ പ്രസംഗത്തിൽ പറഞ്ഞു. ന്യൂയോർക്ക് സ്‌റ്റേറ്റ് സെനറ്റർ ആൻഡ്രിയ സ്റ്റുവർട്ട് കസിൻസ്  ജെ.എഫ്.എയുടെ നിസ്വാർത്ഥ സേവനങ്ങളെ അഭിനന്ദിച്ചു. ഇന്ത്യയും അമേരിക്കയും ഊഷ്മളമായ ബന്ധം നിലനിർത്തണമെന്നും, യോജിച്ചു പ്രവർത്തിക്കണമെന്നും കോൺഗ്രസ്മാൻ എലിയട്ട് എൻഗൽ ആവശ്യപ്പെട്ടു. ന്യൂയോർക്ക് സ്‌റ്റേറ്റ് സെനറ്ററായ ജോർജ് ലാറ്റിമറും സംഘടനയുടെ  പ്രവർത്തനങ്ങളെ ശ്ലാഘിക്കുകയുണ്ടായി.

മഹാത്മ ഗാന്ധിയുടെയും മാർട്ടിൻ ലൂതർകിങ് ജൂനിയറിന്റെയും മഹത്തായ സിദ്ധാന്തങ്ങളിൽ ഉറച്ചുനിന്ന് കൊണ്ട്  ജെ.എഫ്.എ എന്ന പ്രസ്ഥാനം ജാതി മത വർണ്ണ വ്യത്യാസങ്ങൾക്കതീതമായി അമേരിക്കയിൽ അനീതി നേരിടുന്ന വ്യക്തികൾക്ക് വേണ്ടി രാജ്യവ്യാപകമായി പോരാടുമെന്ന്  ചെയർമാൻ തോമസ് കൂവള്ളൂർ തന്റെ പ്രസംഗത്തിൽ ഊന്നി പറഞ്ഞു. പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആദിഷ് വെൽമണി, ടെസിയ തോമസ്, ക്രിസ്റ്റി കാടാപ്പുറം, ജൊയെൽ അലക്‌സാണ്ടർ, രണ്ടാം സ്ഥാനം നേടിയ ആകാശ് വർഗീസ് , നിഖിത ജോസഫ് , അരിൻ രവീന്ദ്രൻ, ആൽവിൻ ജോൺ, മൂന്നാം സ്ഥാനം നേടിയ ആഷ്‌ലി അലക്‌സാണ്ടർ, മാർകസ് സക്കറിയ, ഷെറിൽ  ഫ്രാൻസിസ് , എമിലി ജോൺ എന്നിവർക്കും മത്സരത്തിൽ പങ്കെടുത്ത മറ്റു കുട്ടികൾക്കും ന്യൂയോർക്ക് സ്‌റ്റേറ്റിന്റേയും യോങ്കേഴ്‌സ് സിറ്റിയുടേയും മെരിറ്റ് സർട്ടിഫിക്കറ്റുകൾ വിശിഷ്ടാതിഥികൾ വിതരണം ചെയ്തു.

ചടങ്ങിൽ പങ്കെടുത്ത കുട്ടികൾ, തോക്കുകൾ കൊണ്ടുള്ള ആക്രമണങ്ങൾ അവ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത, യുവതലമുറയിലെ വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ, വിദ്യാലയങ്ങളിൽ നടന്നു വരുന്ന ബുള്ളിയിങ് പ്രശ്‌നവും പരിഹാര മാർഗങ്ങളും തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. മയൂര ഡാൻസ് ഗ്രൂപ്പ് അംഗങ്ങളായ ഗായത്രി അജിത് നായർ, പ്രസീത ഉണ്ണി, പ്രിയങ്ക ഉണ്ണി, നാട്യ മുദ്ര ഡാൻസ് സ്‌കൂളിലെ ജെസീക്ക ആടുകുഴിയിൽ, ദിവ്യ ആടുകുഴിയിൽ എന്നിവർ നൃത്തങ്ങൾ അവതരിപ്പിച്ചു.

ഫൊക്കാന നാഷണൽ ട്രെഷറർ ജോയ് ഇട്ടൻ, വെസ്‌റ്‌ചെസ്റ്റർ മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, സെക്രട്ടറി ടെറൻസൺ തോമസ്   മാർക്ക് പ്രസിഡന്റ്  ഗോപിനാഥകുറുപ്പ്, കൈരളി ടി വി യു എസ് എ ഡയറക്ടർ ജോസ് കാടാപ്പുറം, മാദ്ധ്യമ പ്രവർത്തക വിനീത നായർ, സ്‌പോൺസർ വിനു സക്കറിയ  തുടങ്ങിയവർ പരിപാടികളിൽ പങ്കെടുത്തു.   ജെ.എഫ്.എ ഡയറക്ടർ എം. കെ. മാത്യൂസ് ഏവർക്കും നന്ദി പറഞ്ഞു.

ജെ.എഫ്.എ എന്ന പ്രസ്ഥാനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: തോമസ് കൂവള്ളൂർ : (914 409 5772), tjkoovalloor@live.com, അനിൽ പുത്തൻചിറ : (732 319 6001), anil@puthenchira.com