അബുദാബി: വീണ്ടും എംഎ യൂസഫലി തുണയായി. കേരളത്തിലെ നിക്ഷേപ സാധ്യതകൾ നേരിട്ടറിയാൻ യുഎഇ വ്യവസായികളുടെ സംഘം കേരളം സന്ദർശിച്ചേക്കുന്നതിന് പിന്നിൽ യൂസഫലിയുടെ ഇടപെടലാണ്. കേരളത്തെ നിക്ഷേപ സൗഹൃദമായി ഉയർത്തിക്കാട്ടാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കത്തിനാണ് യൂസഫലിയുടെ പിന്തുണ കിട്ടുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബി ചേംബർ ചെയർമാൻ അബ്ദുല്ല മുഹമ്മദ് അൽ മസ്‌റൂഇയുമായി ചർച്ച നടത്തവെയാണ് സംഘത്തെ കേരളത്തിലേക്കു ക്ഷണിച്ചത്. വ്യാപാര, വാണിജ്യ മേഖലകളിലെ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്തു. ഇതിന് പിന്നിൽ സാഹചര്യമൊരുക്കിയത് യൂസഫലിയാണ്. യുഎഇയിലെ രാജകുടുംബങ്ങളുമായുള്ള യൂസഫലിയുടെ ബന്ധവും തുണയായി. കിറ്റക്‌സും മറ്റും കേരളം വിട്ടത് വലിയ തിരിച്ചടിയായിരുന്നു. തെലുങ്കാനയിൽ നടത്തിയ നിക്ഷേപ സംഗമവും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് യുസഫലിയുടെ രക്ഷകന്റെ റോളിലെ അവതരണം.

അത് ഫലം കാണുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന് യുഎഇയിൽ കിട്ടിയ സ്വീകരണവും യൂസഫലിയുടെ വ്യക്തിബന്ധങ്ങളുടെ കരുത്തിലാണ്. വ്യവസായികളെ യുഎഇയിൽ നിന്നെത്തിച്ച് ചില സ്ഥാപനങ്ങൾ കേരളത്തിൽ തുടങ്ങും. സർക്കാർ സഹകരണത്തോടെ വമ്പൻ പദ്ധതികളിലും യുഎഇ വ്യവസായികളുടെ സഹകരണം ഉറപ്പാക്കും. ലുലു ഗ്രൂപ്പും ചില പുതിയ പദ്ധതികൾ തുടങ്ങിയേക്കും.

കേരളത്തിൽ നിക്ഷേപ അനുകൂല അന്തരീക്ഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഎഇയും ഇന്ത്യയും പ്രത്യേകിച്ച് കേരളവും അബുദാബിയുമായി ചരിത്രപരമായ ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ശക്തമായ പങ്കാളിത്തത്തിന് വലിയ സാധ്യതകളുണ്ടെന്നും പറഞ്ഞു. ഇമറാത്തി മനസ്സുകളിൽ മലയാളികൾക്ക് വലിയ സ്ഥാനമുണ്ടെന്ന് ഫെഡറേഷൻ ഓഫ് യുഎഇ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ കൂടിയായ അബ്ദുല്ല മുഹമ്മദ് അൽ മസ്‌റൂഇ പ്രതികരിച്ചത്.

ചർച്ചയിൽ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, വ്യവസായ മന്ത്രി പി. രാജീവ്, കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടർ എം.ജി രാജമാണിക്യം, മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി മിർ മുഹമ്മദ്, ഇൻകെൽ എം.ഡി. ഡോ. ഇളങ്കോവൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, അബുദാബി ചേംബർ ഡയറക്ടർ ജനറൽ മുഹമ്മദ് ഹിലാൽ അൽ മെറെയ് എന്നിവർ പങ്കെടുത്തു.

അബുദാബിയിൽ ചൊവ്വാഴ്ച നടത്തിയ ബിസിനസ് മീറ്റിലും കേരളത്തിലെ നിക്ഷേപാവസരങ്ങൾ വ്യവസായികൾക്കു മുന്നിൽ പ്രദർശിപ്പിച്ചു. നിക്ഷേപകർക്കു ഏകജാലക സംവിധാനവും വാഗ്ദാനം ചെയ്തു. കഴിഞ്ഞ 5 വർഷത്തെ വികസന പ്രവർത്തനങ്ങളും വിശദീകരിച്ചു. ഇതെല്ലാം പ്രതീക്ഷയോടെയാണ് ഗൾഫിലെ വ്യവസായികൾ കാണുന്നത്. യൂസഫലിയുടെ നയതന്ത്ര മികവാണ് ഈ പരിപാടികളെ വിജയമാക്കി മാറ്റിയത്. ഇന്ത്യൻ അംബാസിഡറെ അടക്കം കേരള മുഖ്യമന്ത്രിക്കൊപ്പം നിർത്താനായതും യുസഫലിയുടെ കരുത്താണ്.