- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാസ്‌ക് ധരിക്കാത്തതിന് ഇനി മുതൽ കേസ് വേണ്ട; ആൾക്കൂട്ടത്തിനും നിയന്ത്രണമില്ല; കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം; കേസില്ലെങ്കിലും മാസ്‌ക് തുടരണമെന്ന് കേന്ദ്രവും മാസ്‌ക് ഒറ്റയടിക്ക് ഉപേക്ഷിക്കുവാനുള്ള സമയം ആയില്ലെന്ന് ആരോഗ്യ വിദഗ്ധരും
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ നിയമപ്രകാരം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കാൻ സംസ്ഥാനങ്ങൾക്കു കേന്ദ്ര നിർദ്ദേശം. പൊതു സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തതിനും സാമൂഹ്യ അകലം പാലിക്കാത്തിനും കേസ് എടുക്കരുതെന്ന് നിർദേശത്തിൽ പറയുന്നു. ഇതിനായി സംസ്ഥാനങ്ങൾപുതിയ ഉത്തരവിറക്കണം.
കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്ത് കോവിഡ് കുത്തനെ കുറഞ്ഞു വരികയാണ്. ടിപിആർ ഒരു ശതമാനത്തിനും താഴെയാണ്. കേസുകൾ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ ദുരന്ത നിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങൾ സംസ്ഥാനങ്ങൾക്ക് ാെഴിവാക്കാമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുള്ളത്.
കോവിഡ് മുൻകരുതൽ എന്ന നിലയിൽ വ്യക്തികൾക്ക് സ്വമേധയാ മാസ്‌ക് ധരിക്കുകയോ, ആൾക്കൂട്ടത്തിൽ നിന്ന് അകന്നു നിൽക്കുകയോ ചെയ്യാം. അതല്ലാതെ പൊതു ഇടങ്ങളിൽ മാസ്‌ക് ധരിച്ചില്ല എന്നതിനാൽ കേസെടുക്കുന്നത് അവസാനിപ്പിക്കണമെന്നാണ് കേന്ദ്രം നിർദേശിച്ചിട്ടുള്ളത്. ആൾക്കൂട്ടത്തിനും കോവിഡ് നിയന്ത്രണ ലംഘനത്തിനും കേസ് വേണ്ടെന്ന് നിർദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് നിലവിൽ പൊലീസ് ആക്ടും ദുരന്ത നിവാരണ നിയമപ്രകാരവുമുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്. മാസ്‌ക് ധരിക്കാതിരിക്കൽ, ആളുകൾ കൂട്ടം ചേരൽ, കോവിഡ് മാർഗനിർദേശങ്ങൾ ലംഘിക്കൽ തുടങ്ങിയവയ്ക്ക് കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു. ആറുമാസം വരെ തടവുശിക്ഷ വരെ ലഭിക്കാവുന്ന കേസുകളും രജിസ്റ്റർ ചെയ്തിരുന്നു. നിയന്ത്രണം കർശനമായി നടപ്പാക്കുന്നതിനായി സെക്ടറൽ മജിസ്ട്രേറ്റുമാരെയും നോഡൽ ഓഫീസർമാരെയും നിയോഗിച്ചിരുന്നു.
അതേസമയം കേസില്ലെങ്കിലും മാസ്‌ക് ഉപയോഗിക്കുന്നതും സാമൂഹ്യ അകലവും ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ തുടരണമെന്ന് കേന്ദ്രം. പരിശോധനകളും ഐസൊലേഷൻ ഉൾപ്പടെയുള്ള കാര്യങ്ങളും തുടരണമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയത്. സംസ്ഥാനങ്ങൾക്ക് അയച്ച ആരോഗ്യ സെക്രട്ടറിയുടെ കത്തിലാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്.
ഒപ്പം മാസ്‌ക്കുപയോഗം പൂർണമായും നിർത്താൻ സമയമായിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. എന്നാൽ എല്ലാ സ്ഥലങ്ങളിലും മാസ്‌ക് ഉപയോഗിക്കുന്നതിൽ അർത്ഥവുമില്ല. അതായത്, ഒറ്റയ്ക്ക് കാർ ഓടിക്കുമ്പോൾ മാസ്‌ക് ധരിക്കേണ്ടതില്ല. വ്യായാമം ചെയ്യുമ്പോൾ മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല. തിരക്കില്ലാത്ത സ്ഥലത്താണ് നിങ്ങൾ നിൽക്കുന്നതെങ്കിൽ അവിടയും മാസ്‌ക്കിന്റെ ആവശ്യമില്ല. ആശുപത്രിയിൽ പോകുമ്പോൾ നിർബന്ധമായും മാസ്‌ക് ധരിക്കണം. അടിച്ചിട്ട ചെറിയ മുറികളിലാണ് നിങ്ങൾ നിൽക്കുന്നതെങ്കിൽ നിർബന്ധമായും മാസ്‌ക് ധരിക്കണം. നിലവിൽ മാസ്‌ക് ഒറ്റയടിക്ക് ഒഴിവാക്കാനുള്ള സമയമായിട്ടില്ല. മാസ്‌ക്കിന്റെ ഉപയോഗം പതുക്കെ കുറയ്ക്കാനാണ് ശ്രമിക്കേണ്ടതെന്നും ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കുന്നു.
കോവിഡ് വ്യാപനം തടയാൻ 2020-ലാണ് മാസ്‌കും കൂടിച്ചേരലുകൾ അടക്കമുള്ള നിയന്ത്രണങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയിരിന്നത്. ആ ഉത്തരവിന്റെ കാലാവധി മാർച്ച് 25-ന് അവസാനിക്കുകയാണ്. ഇതിന് ശേഷം ഈ നിയന്ത്രണങ്ങൾ തുടരേണ്ടതില്ല എന്നാണ് നിർദ്ദേശം. കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതോടെയാണ് ഇളവുകൾ നൽകുന്നത്.കേന്ദ്ര നിർദേശത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച ഉത്തരവിറക്കും.
മറുനാടന് മലയാളി ബ്യൂറോ