കോന്നി: ഭർത്തൃവീട്ടിലെ കിടപ്പുമുറിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ. പയ്യനാമൺ പത്തലുകുത്തി കൊട്ടാരത്തിൽ മനുവിന്റെ ഭാര്യ കലാമോളുടെ (28) മരണവുമായി ബന്ധപ്പെട്ടാണ് പരാതി. ശനിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. ഒന്നാം നിലയിലെ കിടപ്പുമുറിയിലാണ് കലാമോളെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ ഭർത്താവും വീട്ടുകാരും ചേർന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്ന് മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കലമോൾ മരിച്ച വിവരം തന്നെ അറിയിച്ചില്ലെന്ന് മാതാവ് അതുമ്പുംകുളം ഞള്ളൂർ കലേഷ് ഭവനിൽ ആനന്ദവല്ലി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. മനു മകളെ ക്രൂരമായി ഉപദ്രവിച്ചിരുന്നുവെന്ന് പരാതിയിൽ ആനന്ദവല്ലി സൂചിപ്പിച്ചിട്ടുണ്ട്. മരിക്കുന്നതിന് തലേന്ന് വിദേശത്തുള്ള സഹോദരൻ കലേഷിനെ കലമോൾ വിളിച്ച് താൻ അനുഭവിക്കുന്ന ദുരിതങ്ങൾ പറഞ്ഞിരുന്നു. വസ്തു വാങ്ങാൻ മൂന്നുലക്ഷം രൂപ നൽകുകയോ അഞ്ചു സെന്റ് സ്ഥലം വാങ്ങി നൽകുകയോ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു മനു മർദിച്ചിരുന്നതെന്നും പറഞ്ഞു. തത്കാലം ഒരു ലക്ഷം രൂപ നൽകാമെന്നും ബാക്കി പിന്നീട് ശരിയാക്കാമെന്നും കലേഷ് പറഞ്ഞിരുന്നു. ഇത് അംഗീകരിക്കാതെ കലയെ മനു ക്രൂരമായി മർദിച്ചിരിക്കാമെന്ന് പരാതിയിലുണ്ട്. മകളുടെ മൃതദേഹവും ചെറുമകളായ ഗൗരിനന്ദനയെ (അഞ്ച്)യും തനിക്ക് വിട്ടു തരണമെന്നും ആനന്ദവല്ലി ആവശ്യം ഉന്നയിച്ചിട്ടുണ്ട്.