പമ്പ: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് സുപ്രീം കോടതി വിധി വന്നതിന് ശേഷമുള്ള ആദ്യ യുവതിയുടെ ശബരിമല പ്രവേശനത്തിന് കളമൊരുങ്ങുന്നു. തുലാമാസ പൂജകൾക്കായി നട തുറന്ന് രണ്ടാം ദിവസമായ ഇന്ന് ഉത്തർപ്രദേശിലെ ലക്‌നൗ സ്വദേശിയായ സുഹാസിനി രാജ് ആണ് പമ്പ പിന്നിട്ട് കാനന പാതയിലൂടെ സന്നിധാനത്തേക്ക് നടക്കുന്നത്. ന്യൂയോർക്ക് ടൈംസ് ഡൽഹി ലേഖികയായ സുഹാസിനി രാജ് സഹപ്രവർത്തകനായ ഒരു വിദേശ യുവാവുമൊത്താണ് സന്നിധാനത്തേക്ക് പോകാൻ കാനന പാതയിലെത്തിയത്. ഇപ്പോൾ അവർ മല കയറുകയാണ്.

സ്വാമി അയ്യപ്പൻ റോഡ് ഒഴിവാക്കി കാനന പാതയിലൂടെയാണ് ഇവർ സന്നിധാനത്തേക്ക് നടക്കുന്നത്. കാര്യമായ എതിർപ്പില്ലാതെയാണ് ഇവർ പമ്പ വരെ എത്തിയത്. എന്നാൽ ഇവിടെ ഇവരെ പ്രതിഷേധക്കാർ തടഞ്ഞു. എന്നാൽ ബഹളം കേട്ട് പൊലീസുകാർ ഓടിക്കൂടിയതോടെ വീണ്ടും ഇവർക്ക് മുന്നോട്ട് പോകാൻ പൊലീസ് സുരക്ഷ ഒരുക്കി. കനത്ത പൊലീസ് സുരക്ഷയിലാണ് ഇവർ മല കയറുന്നത്. ഏതാണ്ട് അരമണിക്കൂറിനുള്ളിൽ ഇവർ സന്നിധാനത്ത് എത്തുമെന്നാണ് റിപ്പോർട്ട്. ഇവർക്ക് 50 വയസ്സിൽ താഴെയാണ് പ്രായമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് സംബന്ധിച്ച് വ്യക്തതയില്ല.

പമ്പയിൽ നിന്നുള്ള പ്രവേശന കവാടം കടന്ന് മുന്നോട്ട് പോകുംവരെ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായില്ല. അതുകഴിഞ്ഞ പരമ്പരാഗത കാനനപാത പിന്നിട്ട് മുകളിലേക്ക് കയറിയതോടെയാണ് പ്രതിഷേധക്കാർ തടഞ്ഞത്. നിരവധി അന്വേഷണാത്മക റിപ്പോർട്ടുകൾ തയ്യാറാക്കിയ ന്യൂയോർക്ക് ടൈംസിന്റെ ഇൻവെസ്റ്റിഗേറ്റിവ് ജേണലിസ്റ്റാണ് സുഹാസിനി. അതേസമയം താൻ ജോലി സംബന്ധമായാണ് സന്നിധാനത്തേക്ക് പ്രവേശിക്കുന്നതെന്നാണ് സുഹാസിനി പറയുന്നത്. തനിക്ക് ജോലി ആവശ്യവുമായി സന്നിധാനത്തേക്ക് പോയെ പറ്റൂ എന്നും ഇവർ പ്രതിഷേധക്കാരോട് വ്യക്തമാക്കി.

ആദ്യം ഇവർ പമ്പ പിന്നിട്ട് മുന്നോട്ട് വന്നപ്പോൾ ആരും തന്നെ അത് കാര്യമാക്കിയില്ല. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയതാകും അത്കൊണ്ട് തന്നെ അവർ മലകയറും എന്ന് ആരും തന്നെ പ്രതീക്ഷിച്ചുമില്ല. വളരെ പെട്ടെന്നാണ് അപ്രതീക്ഷിതമായി അവർ കാനനപാതയിലേക്ക് പ്രവേശിച്ചത്. പരമ്പരാഗത പാത കടന്ന് ഏകദേശം 50 മീറ്റർ മുന്നിലേക്ക് എത്തിയപ്പോൾ ആണ് ഇവർ മല കയറുന്നു എന്ന് മനസ്സിലാക്കിയത്. 100 മീറ്റർ പിന്നിട്ടതോടെ ഭക്തർ പ്രതിഷേധവുമായി വലിയ ശബ്ദത്തിൽ ശരണം വിളിച്ച് അടുത്തേക്ക് എത്തിയെങ്കിലും കൂടുതൽ പൊലീസ് എത്തി സുരക്ഷയ്ക്ക് എത്തുകയായിരുന്നു.

എന്തായാലും ഇവർക്ക് കനത്ത പൊലീസ് സുരക്ഷയാണ് ലഭിച്ചിരിക്കുന്നത്. ഏതാണ്ട് ഏഴുമണിയോട് കൂടിയാണ് റിപ്പോർട്ടിങിനെന്ന രീതിയിൽ ഇവർ വിദേശ സുഹൃത്തുമൊത്ത് ഇവിടെ എത്തിയത്. സന്നിധാനത്ത് എത്തിയാൽ സുപ്രീംകോടതി വിധിയുമായി മലചവിട്ടുന്ന ആദ്യ വനിതയായി സുഹാസിനി രാജ് ചരിത്രത്തിൽ ഇടംനേടും. സന്നിധാനത്തേക്ക് എത്തിയാൽ യുവതി പ്രവേശന വധി വന്നതിന് ശേഷം ശബരിമലയിൽ എത്തുന്ന ആദ്യത്തെ യുവതിയാകും സുഹാസിനി രാജ്. അതേസമയം ഇന്നലെ അയ്യപ്പ ദർശനത്തിനെത്തിയ മാധവി എന്ന ആന്ധ്രാ സ്വദേശിനിയും ഇന്ന് സന്നിധാനത്തേക്ക് എത്തിയേക്കും.

മാധവി ആഗ്രഹിച്ചാൽ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ അയ്യപ്പ ദർശനത്തിനുള്ള സൗകര്യമൊരുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കനത്ത സുരക്ഷയിൽ മാധവിയെ സന്നിധാനത്ത് എത്തിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.