കൊല്ലം: യുവ അഭിഭാഷകയുടെ ആത്മഹത്യക്ക് പിന്നിലെ കാരണം തേടി അവസാനം വന്ന ഫോൺ കോൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കൊട്ടാരക്കര കുടവട്ടൂർ അഷ്ടമിഭവനിൽ അഷ്ടമി അജിത്ത് കുമാറി(25)ന്റെ ആത്മഹത്യക്ക് പിന്നിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്ത് വന്നതോടു കൂടിയാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. ആത്മഹത്യക്ക് തൊട്ടു മുൻപ് അഷ്ടമി ഫോണിൽ കലഹിക്കുന്നത് നാട്ടുകാർ കേട്ടിരുന്നു. ഉച്ചത്തിലുള്ള സംസാരം ഏറെ നേരം അയൽവാസികൾ കേട്ടിരുന്നു. ഫോണിൽ ആരോടാണ് സംസാരിച്ചതെന്നാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. ഫോണിൽ സംസാരിച്ചയാളെ കിട്ടിയാൽ അഷ്ടമിയുടെ ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമാകൂ.

അഷ്ടമി ഒരു ഫോട്ടോ ഗ്രാഫറുമായി സൗഹൃദത്തിലായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്യും. ഇന്ന് സംസ്‌ക്കാര ചടങ്ങുകൾ ആയതിനാൽ മാതാപിതാക്കളെ നേരിൽ കണ്ട് നാളെ പൊലീസ് മൊഴിയെടുക്കും. പിന്നീടാകും ബാക്കി നടപടിക്രമങ്ങൾ. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം അഷ്ടമിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരൂർ അഷ്ടമിയിൽ അജിത്ത് കുമാറിന്റെയും റെനയുടെയും മകളാണ് അഷ്ടമി. കൊട്ടാരക്കര കോടതിയിലെ അഭിഭാഷകയാണ്. കഴിഞ്ഞ ജനുവരിയിലാണ് ഇവിടെ അഭിഭാഷകയായി പ്രവർത്തിച്ചു തുടങ്ങിയത്.

സംഭവം നടക്കുന്ന സമയം അഷ്ടമി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. വൈകിട്ട് ആറ് മണിയിക്ക് ശേഷം വീട്ടുകാരെത്തിയപ്പോഴാണ് തൂങ്ങിയനിലയിൽ കണ്ടെത്തിയത്. പിന്നാലെ ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അഷ്ടമിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അഷ്ടമിയുടെ ഫോൺ പരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. കൊല്ലം എസ്.എൻ ലോ കോളേജിൽ നിന്നും കഴിഞ്ഞ വർഷം നിയമബിരുദം പൂർത്തിയായ അഷ്ടമി 2022 ജനുവരി മുതലാണ് കൊട്ടാരക്കര കോടതിയിൽ പ്രാക്ടിസീനു പോയി തുടങ്ങിയത്.

വൈകുന്നേരം തൊഴിലുറപ്പ് ജോലിക്ക് പോയി തിരിച്ചു വന്ന മാതാവാണ് അഷ്ടമി തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉച്ചത്തിലുള്ള നിലവിളി കേട്ടാണ് സമീപത്തെ പറമ്പിൽ ജോലി ചെയ്തു കൊണ്ടിരുന്നവർ ഓടി എത്തിയത്. വീടിനുള്ളിലേക്ക് പ്രവേശിച്ചവർ കണ്ടത് കിടപ്പ്മുറിയിൽ തൂങ്ങി നിൽക്കുന്ന അഷ്ടമിയെയും സമീപത്ത് ബോധരഹിതയായ നിലയിൽ കിടക്കുന്ന മാതാവിനേയുമാണ്. ഉടൻ തന്നെ അഷ്ടമിയുടെ കഴുത്തിലേ കയർ അറുത്തുകൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പരിശോധനകൾ നടത്തി മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിലെക്ക് മാറ്റി. പൂയപ്പള്ളി പൊലീസ് എത്തി അഷ്ടമിയുടെ മുറി പരിശോധിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.