ലണ്ടൻ :  ബ്രിട്ടനിലെ യുവ മലയാളി വൈദികന്റെ തിരോധാനത്തിൽ പരക്കെ ആശങ്ക . ബുധനാഴ്ച രാവിലെ എഡിൻബറോ രൂപതയിലെ ക്രോസ്റ്റോഫിന് സെന്റ് ജോണ് ബാപിസ്‌റ് പള്ളിയിൽ  കുർബാന അർപ്പിക്കാൻ എത്തേണ്ടിയിരുന്ന വൈദികൻ മാർട്ടിൻ സേവ്യർ  താമസ സ്ഥലത്തു നിന്നും അപ്രത്യക്ഷമായതാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം . വൈദികന്റെ അസ്വാഭാവികമായ തിരോധാനത്തിൽ ആശങ്ക ഉയർന്നതിനെ തുടർന്ന് വിശ്വാസികൾ ബിഷപ്പിനെ വിവരം അറിയിക്കുകയും തുടർന്ന് പൊലീസിൽ ബന്ധപ്പെടുകയുമായിരുന്നു .

വൈദികൻ താമസിച്ചിരുന്ന മുറി തുറന്ന നിലയിലാണ് കാണപ്പെട്ടത് . പാസ്‌പോർട്ട് , പേഴ്സ് , മൊബൈൽ ഫോൺ എന്നിവയും ബുധനാഴ്ച രാവിലെ  മുറിയിൽ ഉണ്ടായിരുന്നതായി സൂചനയുണ്ട് . ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ ആയിരുന്നു . എന്നാൽ വൈദികനെ അന്വേഷിച്ചു വിശ്വാസികൾ വീണ്ടും ഉച്ചക്ക് എത്തിയപ്പോൾ മൊബൈൽ ഫോൺ അപ്രത്യക്ഷം ആയിരുന്നതായി പറയപ്പെടുന്നു . ഇക്കഴിഞ്ഞ ഏപ്രിലിൽ നടക്കാനിറങ്ങിയ വൈദികൻ അയർലണ്ടിൽ ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിൽ ഫാ മാർട്ടിന്റെ തിരോധാനം  വിശ്വാസി സമൂഹത്തിൽ പരക്കെ ആശങ്ക സൃഷ്ടിക്കുകയാണ് .

ഇക്കഴിഞ്ഞ ഒക്ടോബറിൽ ആണ് സി എം ഐ വിശ്വാസ സഭയുടെ അംഗമായ ഫാ മാർട്ടിൻ യുകെയിൽ എത്തുന്നത് . മലനിരകളാൽ പ്രകൃതി രമണീയമായ ക്രോസ്റ്റോഫിനിൽ ഫാ മാർട്ടിൻ സ്ഥിരമായി നടക്കാൻ പോകാറുള്ളതായി പ്രദേശ വാസികൾ പൊലീസിനോട് സൂചിപ്പിച്ചു . ഇക്കഴിഞ്ഞ ചൊവാഴ്ചയാണ് അദ്ദേഹത്തെ അവസാനമായി കണ്ടതെന്നു പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട് . മൂന്നു ദിവസമായിട്ടും യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിൽ സ്‌കോട്ടിഷ് പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചാണ് അന്വേഷണം ത്വരിതപ്പെടുത്തിയിരിക്കുന്നതു .

ചൊവാഴ്ച ഉച്ചക്ക് ഒരു മണിക്കാണ് ഇദ്ദേഹത്തെ അവസാനമായി കണ്ടതെന്ന് പൊലീസ് വെളിപ്പെടുത്തുന്നു . അഞ്ചരയടി ഉയരമുള്ള 33 വയസുള്ള ഫാ മാർട്ടിൻ ഉറച്ച ശരീര പ്രകൃതി ഉള്ള ആളാണെന്നു പൊലീസ് റിപ്പോർട്ടിൽ പറയുന്നു . ഇദ്ദേഹത്തിന്റെ തിരോധാനം ബി ബി സി അടക്കമുള്ള മാധ്യമങ്ങൾ പ്രത്യേക പ്രാധാന്യം നൽകി റിപ്പോർട്ട് ചെയ്തിട്ടുണ്ട് . ഇക്കാരണത്താൽ എന്തെങ്കിലും സൂചനകൾ ലഭിച്ചേക്കും എന്ന പ്രതീക്ഷയാണ് പൊലീസ് പങ്കിടുന്നത് .

ഫാദർ വാഴച്ചിറ എന്ന് വിളിക്കപ്പെടുന്ന വൈദികന് സമീപ പ്രദേശങ്ങളെ കുറിച്ച് കൃത്യമായ ധാരണ ഉള്ള വെക്തി കൂടിയാണെന്ന് അംനൗഷാന സംഘത്തിന് നെത്ര്വതം നൽകുന്ന ഇൻസ്പെക്ടർ ക്രൈഗ് റോജേഴ്സൺ സൂചിപ്പിച്ചു . മലനിരകളിലെ നടത്തത്തിനിടയിൽ അദ്ദേഹത്തിന് വഴി തെറ്റിയതാകുമോ എന്ന സംശയത്തിനും പൊലീസ് ഊന്നൽ നൽകുന്നുണ്ട് . നടക്കാൻ ഇറങ്ങിയതാണെങ്കിൽ ഫോൺ കയ്യിൽ കരുതേണ്ടത് ആണെന്നും ആദ്യം മുറിയിൽ ഉണ്ടായിരുന്ന ഫോൺ പിന്നീട് അപ്രത്യക്ഷം ആയതെങ്ങനെ എന്ന ചോദ്യവും ദുരൂഹത സൃഷ്ടിക്കുന്നുണ്ട് . എന്നാൽ ഇക്കാര്യത്തെ കുറിച്ച് പൊലീസ് തൽക്കാലം വെളിപ്പെടുത്തലുകൾ നടത്തിയിട്ടില്ല എന്നതും സ്രെധേയമാണ് . എന്നാൽ വൈദികൻ ഏതെങ്കിലും തരത്തിൽ ആക്രമിക്കപ്പെട്ടോ എന്ന കാര്യത്തിൽ നിഗമനത്തിൽ എത്തുന്നത് ഈ സന്ദർഭത്തിൽ അനുചിതം അല്ലെന്നാണ് പൊലീസ് നിലപാട് . ഏതെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗത്തിൽ പൊലീസിനെ ബന്ധപ്പെടണം എന്ന് മാത്രമാണ് ഇപ്പോൾ പൊലീസ് ആവശ്യപ്പെടുന്നത് .

അതെസമയം അറബ് വംശജർ ധരിക്കുന്ന തരം വെളുത്ത ളോഹ അണിയുന്ന മലയാളി വൈദികരെ തെറ്റിദ്ധരിക്കപ്പെടാൻ ഏറെ സാധ്യത ഉണ്ടെന്നു അടുത്തിടെ ഉണ്ടായ ചില സംഭവങ്ങൾ തെളിയിക്കുന്നു . ടൗണുകളിലും മറ്റും വൈദിക വേഷത്തിൽ പ്രത്യേകശപ്പെടേണ്ടി വന്ന മലയാളി വൈദികരോട് അറബിയാണോ എന്ന ചോദ്യം ഉണ്ടായതാണ് മുസ്ലിം ആണെന്ന തെറ്റിദ്ധാരണയിൽ ആക്രമിക്കപെടാൻ ഉള്ള സാധ്യതയിലേക്കു വിരൽ ചൂണ്ടുന്നത് . ഇക്കാര്യം യുകെയിലെ വൈദികർക്കിടയിൽ ചർച്ച ചെയ്യപ്പെട്ടതിനെ തുടർന്ന് പലരും ദേവാലയ ചടങ്ങുകളിൽ വൈദിക വേഷം ധരിക്കുകയും പുറത്തുള്ള യാത്രകളിൽ സാധാരണ വസ്ത്രം ധരിക്കാൻ നിര്ബന്ധിതരാകുകയുമാണ് . ഇക്കഴിഞ്ഞ ഏപ്രിലിൽ അയർലണ്ടിൽ ഫാദർ  മാനുവൽ കരിപ്പോട്ട് ബിയർ ഗ്ലാസ് കൊണ്ടുള്ള ആക്രമണത്തിൽ പരുക്കേറ്റിരുന്നു . ഇദ്ദേഹത്തെയും നടക്കാൻ ഇറങ്ങിയ സമയത്താണ് പ്രദേശ വാസികളായ യുവാക്കൾ ആക്രമിച്ചത് . സമീപവാസികളായ ആളുകളെ കൂടി ഉൾപ്പെടുത്തി ധ്യാനം നടത്താൻ ഉള്ള ഒരുക്കങ്ങൾ നടത്തിവരവെയാണ് ഫാ മാനുവൽ ആക്രമിക്കപ്പെട്ടത് .

തിരുവനന്തപുരം സെന്റ് ജോസഫ് പ്രോവിന്‌സിന്റെ കീഴിലാണ് ഫാ മാർട്ടിൻ സേവനം അനുഷ്ഠിക്കുന്നത് . നാട്ടിൽ സഭ അധികൃതരെയും വീട്ടുകാരെയും വിവരം അറിയിച്ചിട്ടുണ്ട് . ഫാ മാർട്ടിന്റെ മടങ്ങി വരവിനായി സകലരുടെയും സഹായം ഉണ്ടാകണമെന്ന് കുടുംബ വൃത്തങ്ങൾ അഭ്യർത്ഥിച്ചു . ചങ്ങനാശേരി രൂപതയിലെ പുളിക്കുന്നു ഇടവക അംഗമാണ് ഫാ മാർട്ടിൻ . നാല് വർഷമായി വൈദിക സേവനം ചെയുന്ന ഫാ മാര്ട്ടിന് ക്രൊസ്റ്റർഫിൻ ഇടവകയുടെ പൂർണ ചുമതല ഉണ്ടായിരുന്നതായി രൂപത വൃത്തങ്ങൾ അറിയിച്ചു . കഴിഞ്ഞ വര്ഷം ജൂലൈയിൽ ഫള്കരിക് ഇടവകയിൽ എത്തിയ അദ്ദേഹം ഒക്ടോബർ മുതലാണ് ക്രൊസ്റ്റർഫിനിൽ ചുമതലയേൽക്കുന്നത് .