നാദാപുരം: നാദാപുരത്ത് നിന്നും വീണ്ടു പ്രവാസി യുവാവിനെ തട്ടിക്കൊണ്ടു പോയി. എളയടത്ത് നടക്കുന്ന വോളിബോൾ ടൂർണമെന്റ് കാണാൻ എത്തിയ പേരാമ്പ്ര പന്തീരിക്കര സ്വദേശിയായ പ്രവാസി യുവാവിനെയാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ഇന്നലെ അർധരാത്രിയാണ് സംഭവം. ഖത്തറിൽ നിന്നു നാട്ടിലെത്തിയ ചെമ്പോനടുക്കണ്ടിയിൽ പി.ടി. അജ്‌നാസിനെയാണ് (30) അഞ്ചംഗ സംഘം റാഞ്ചിയത്.

തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ വില്ല്യാപള്ളിയിലെ ഒരു വീട്ടിൽ നിന്നു പൊലീസ് കണ്ടെത്തി. വീട്ടിലെ യുവാവിനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സ്വർണക്കടത്തുമായി ബന്ധമുള്ള സംഘമാണു പിന്നിലെന്നാണു പൊലീസ് നൽകുന്ന സൂചന. തൂണേരിയിൽ പ്രവാസി വ്യവസായിയെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് സംഘം നാദാപുരത്തു ക്യാംപ് ചെയ്യുന്നതിനിടയിലാണു വീണ്ടും തട്ടിക്കൊണ്ടുപോകൽ.

സുഹൃത്തുക്കളായ ആറു പേർക്കൊപ്പമാണ് അജ്‌നാസ് വോളിബോൾ ടൂർണമെന്റ് കാണാനെത്തിയത്. കളി നടക്കുന്ന സ്ഥലത്തിന്റെ നൂറു മീറ്ററോളം ദൂരെ വാഹനം നിർത്തിയപ്പോൾ, അഞ്ചംഗ സംഘമെത്തി വാഹനത്തിന്റെ കാറ്റഴിച്ചുവിട്ട ശേഷം അജ്‌നാസിനെ ബലമായി കാറിൽ കയറ്റുകയായിരുന്നു. കൂടെയുള്ളവർ ചെറുത്തപ്പോൾ മർദിച്ചു. കുറ്റ്യാടി, എളയടം സ്വദേശികളായ ചിലരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കാറ്റഴിച്ചുവിട്ട വാഹനം ക്രെയിൻ ഉപയോഗിച്ചാണ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്.