കൊട്ടാരക്കര: ജൂവലറി ജീവനക്കാരിയെ ആറുദിവസം തടങ്കലിൽ പാർപ്പിച്ച് ഉടമ പീഡിപ്പിച്ചെന്ന് പരാതി. പൊലീസാണ് യുവതിയെ രക്ഷപ്പെടുത്തിയത്. കേസിൽ ഒന്നാം പ്രതിയുമായ കൊല്ലം ആശ്രാമം മണിഗ്രാമത്തിൽ ദിൽഷാദ് (45) ഒളിവിലാണ്. സ്വർണം അപഹരിച്ചെന്ന കുറ്റം ചാർത്തി പൊലീസിൽ ഏൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം

സംഭവവുമായി ബന്ധപ്പെട്ടു പ്രതിയുടെ പിതാവ് നെടുമ്പായിക്കുളം ഷീജാ കോട്ടേജിൽ അബ്ദുൽഖാദറിനെ (84) എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ അന്യായമായി തടങ്കലിൽ വച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് അറസ്റ്റ്. ഓയൂരിൽ പ്രവർത്തിക്കുന്ന ജൂവലറിയിൽ ആറു മാസം മുമ്പാണ് കോട്ടയം കുമരകം സ്വദേശിനിയും വിവാഹിതയുമായ 28 വയസുകാരി ജോലിക്കെത്തുന്നത്.

കടയുടെ മുകളിലത്തെ മുറിയിൽ ദിൽഷാദ് പലതവണ പീഡനത്തിനിരയാക്കിയെന്നു യുവതി മൊഴി നൽകി. എഴുകോൺ നെടുമ്പായിക്കുളത്തെ കുടുംബവീട്ടിൽ പൂട്ടിയിട്ടു പീഡിപ്പിച്ചെന്നും ഇതിനു അബ്ദുൽഖാദർ സഹായം നൽകിയെന്നും യുവതി പൊലീസിനോടു പറഞ്ഞു. രക്ഷപ്പെടാൻ ശ്രമിച്ചാൽ ജൂവലറിയിൽ നിന്നു സ്വർണം അപഹരിച്ചെന്നുകാട്ടി കേസ് കൊടുക്കുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

യുവതിക്ക് ലാൻഡ് ഫോണിൽ നിന്ന് പൊലീസിനെ ബന്ധപ്പെടാൻ അവസരം ലഭിച്ചു. ഇതോടെയാണ് സംഭവം പുറം ലോകത്ത് എത്തിയത്. തുടർന്നാണു പൊലീസെത്തി മോചിപ്പിച്ചത്. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ അബ്ദുൽഖാദറിനെ റിമാൻഡ് ചെയ്തു. ദിൽഷാദിനായി അന്വേഷണം ഊർജിതമാക്കി.