ന്യൂയോർക്ക്: അമേരിക്കയുടെ ആഗോള ഭീകരപട്ടികയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇന്ത്യൻ തലവൻ യൂസഫ് അൽ ഹിന്ദിയെയും ഉൾപ്പെടുത്തി. കർണാടക സ്വദേശിയായ മുഹമ്മദ് ഷാഫി അർമറാണ് കൊടുംഭീകരരുടെ പട്ടികയിലെത്തിയത്. ഐസിസിലേക്ക് മലയാളികളടക്കം നൂറുകണക്കിന് ഇന്ത്യൻ യുവാക്കളെ റിക്രൂട്ട് ചെയ്ത യൂസഫ്, ബംഗ്ലാദേശിൽനിന്നും ശ്രീലങ്കയിൽനിന്നും യുവാക്കളെ ഭീകരസംഘടനയിലെത്തിച്ചിട്ടുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് വിലയിരുത്തുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡതത്തിലെ ഐസിസിന്റെ ചീഫ് റിക്രൂട്ടറായാണ് ഇയാളെ വിശേഷിപ്പിക്കുന്നത്.

കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഐസിസിനോട് ആഭിമുഖ്യമുള്ള നിരവധി സംഘങ്ങൾക്ക് രൂപം നൽകുന്നതിന് ചുക്കാൻ പിടിച്ചത് യൂസഫാണെന്ന് അമേരിക്ക വിലയിരുത്തുന്നു. ജുനൂദ് അൽ ഖലീഫ ഇ ഹിന്ദടക്കമുള്ള സംഘടനകൾ ഇയാൾ സ്ഥാപിച്ചതാണ്. ഐസിസ് തലവൻ അബു ബക്കർ അൽ ബാഗ്ദാദിയുടെ വിശ്വസ്തനാണ് ഇയാളെന്നും ഇയാളെ ബാഗ്ദാദി നേരിട്ടാണ് ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നിയോഗിച്ചതെന്നുമാണ് വിവരം.

യൂസഫ് സിറിയിയൽനിന്ന് വെച്ച് കൊല്ലപ്പെട്ടിരുന്നുവെന്ന അഭ്യൂഹം നേരത്തെ ഉയർന്നിരുന്നു. അമേരിക്കയുടെ ഇപ്പോഴത്തെ നടപടിയിലൂടെ ഈ അഭ്യൂഹം അടിസ്ഥാനമില്ലാത്തതാണെന്ന് വ്യക്തമായി. ബാഗ്ദാദിയുമായുള്ള ഇയാളുടെ അടുപ്പത്തിനും സ്ഥിരീകരണം നൽകുന്നതാണ് ട്രഷറി ഡിപ്പാർട്ട്‌മെന്റിന്റെ നടപടി.

ഇന്ത്യയുടെ ആവശ്യപ്രകാരമാണ് യൂസഫിനെ ആഗോള ഭീകര പട്ടികയിൽ അമേരിക്ക ഉൾപ്പെടുത്തിയത്. ദേശീയ അന്വേഷണ ഏജൻസി കഴിഞ്ഞവർഷം നടത്തിയ അന്വേഷണത്തിൽ ജുനൂദ് അൽ ഖലീഫ് ഇ ഹിന്ദിൽ അംഗമായ 23 യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. അവരെ സംഘടനയിലെത്തിക്കുന്നതിൽ യൂസഫിന്റെ പങ്കും വെളിപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ഇയാളെ ആഗോള ഭീകരപട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഇന്ത്യ അമേരിക്കയോടും ഐക്യരാഷ്ട്ര സഭയോടും ആവശ്യപ്പെട്ടത്.

യൂസഫടക്കം മൂന്ന് ഐസിസ് ഭീകരരെയാണ് അമേരിക്ക പുതുതായി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഔസാമ അഹമ്മദ് അത്തർ, മുഹമ്മദ് ഇസ യൂസിഫ് സഖർ അൽ ബിനാലി എന്നിവരാണ് മറ്റുരണ്ടുപേർ. അമേരിക്കൻ പൗരന്മാരുടെ ജീവന് ഭീഷണിയായി നിൽക്കുന്നതും അമേരിക്കയുടെ ദേശീയ സുരക്ഷ, വിദേശ നയം, സമ്പദ്‌വ്യവസ്ഥ എന്നിവയ്ക്ക് ഭീഷണിയായവരെയുമാണ് ഈ പട്ടികയിൽ ഉൾപ്പെടുത്താറുള്ളത്. കർണാടകയിലെ ഭട്കൽ സ്വദേശിയാണ് യൂസഫ് അൽ ഹിന്ദി.