സിറിയയിലും ഇറാഖിലും മനുഷ്യക്കുരുതി നടത്തുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്ക് പാശ്ചാത്യലോകത്ത് ഏറ്റവും കൂടുതൽ പിന്തുണ ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് ബ്രിട്ടൻ. ഐസിസിന്റെ ആശയങ്ങളിൽ ആകൃഷ്ടരായി സിറിയയിലെ യുദ്ധമുഖത്തേയ്ക്ക് ജിഹാദികളാകാൻ ഇറങ്ങിപ്പുറപ്പെട്ടത് ഒട്ടേറെ ബ്രിട്ടീഷുകാരാണ്. ഏഷ്യൻ വംശജയയായ ജോയ ചൗധരിയുടെയും ജീവിതം അത്തരത്തിലൊന്നാണ്. മതംമാറി ഐസിസിൽ ആളെച്ചേർക്കൽ പരിപാടിക്ക് നേതൃത്വം നൽകിയിരുന്ന അമേരിക്കക്കാരനെ കെട്ടി സിറിയയിലേക്ക് പോയ ജോയ, ഇപ്പോൾ തെറ്റു തിരിച്ചറിഞ്ഞ് ബ്രിട്ടനിൽ തിരിച്ചെത്തിയിരിക്കുന്നു.

റോക്ക്‌ഡേലിൽനിന്നുള്ള ജോയ തുടക്കം മുതൽക്കെ വീട്ടുകാർ പറയുന്നത് കേൾക്കാതെ നടക്കുന്നതിലായിരുന്നു ഹരം കണ്ടെത്തിയത്. അത്തരമൊരു ജീവിതത്തിനിടെയാണ് അമേരിക്കക്കാരൻ ജോൺ ജോർജെലാസിനെ ഓൺലൈനിൽ കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും. 2004-ൽ ലങ്കാഷയറിലെ റോക്ക്‌ഡേലിലുള്ള ടൗൺഹാളിൽ ഇരുവരും വിവാഹിതരായി. കുടുംബത്തിൽനിന്നുയർന്ന കടുത്ത എതിർപ്പ് അവഗണിച്ചുകൊണ്ടായിരുന്നു ഈ വിവാഹം.

ആരാണ് ജോൺ എന്നറിയാതെയായിരുന്നു ജോയ അയാളുമായി ബന്ധം സ്ഥാപിച്ചത്. ഐസിസിന്റെ പാശ്ചാത്യലോകത്തെ ഏറ്റവും സീനിയറായ പ്രവർത്തകനായിരുന്നു മുസ്ലിം മതത്തിലേക്ക് മാറിയ ജോൺ. അമേരിക്കൻ സൈനിക കുടുംബത്തിൽനിന്നായിരുന്നു അയാളുടെ വരവ്. അച്ഛൻ വ്യോമസേനയിലെ ഡോക്ടറായിരുന്ന തിമോത്തി. അപ്പൂപ്പൻ രണ്ടാം ലോകയുദ്ധത്തിൽ അമേരിക്കയ്ക്കുവേണ്ടി യുദ്ധം ചെയ്തയാൾ.

1980-കളിൽ അച്ഛന് ബ്രിട്ടനിലേക്ക് സ്ഥലം മാറ്റം കിട്ടുന്നതോടെയാണ് ജോൺ ബ്രിട്ടനിലെത്തുന്നത്. 2001-ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനുശേഷമാണ് അൽ ഖ്വെയ്ദയുടെ ആക്രമണത്തിൽ ആകൃഷ്ടനായി മതം മാറുന്നത്. ഇസ്ലാമിക് സ്‌റ്റേറ്റ് പ്രവർത്തനം ആരംഭിക്കുന്നതിനുമുന്നെ, വിവിധ ഭീകര സംഘടനകളിലേക്ക് യുവാക്കളെ ആകർഷിക്കുന്നതിൽ മുൻപന്തിയിലായിരുന്നു ജോൺ.

മൂന്നുമക്കളെ പ്രസവിച്ച്, നാലാമത്തെ കുട്ടിയ വയറ്റിൽ ചുമക്കവെയാണ് ജോയയോട് സിറിയിയലേക്ക് പോകാമെന്ന് ജോൺ പറയുന്നത്. ജോണുമായുള്ള സഹവാസം ജോയയെയും ഒരു ജിഹാദിയാക്കി മാറ്റിയിരുന്നു. സിറിയയിൽ പോരാടാൻ ഏഴ് ജിഹാദികളെ പ്രസവിക്കണമെന്ന ആഗ്രഹത്തിലായിരുന്നു അവൾ. 2013-ൽ അവർ സിറിയയിലെത്തി. എന്നാൽ, ജിഹാദികളുടെ യഥാർഥ ജീവിതം തിരിച്ചറിയാൻ ജോയക്ക് ഒരു മാസം പോലും വേണ്ടിവന്നില്ല.

ജോയക്കും മക്കൾക്കും സിറിയയിൽവച്ച് അസുഖം പിടിപെട്ടു. ശരിയായ ചികിത്സയോ മരുന്നോ ലഭിക്കാതെ കഷ്ടപ്പെട്ടുപോയ ദിവസങ്ങൾ. ഒരുമാസം കൊണ്ടുതന്നെ സിറിയയിൽനിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്ന അവസ്ഥയിലേക്ക് ജോയ എത്തി. ഐസിസ് ക്യാമ്പിൽനിന്ന് മക്കളുമായി രക്ഷപ്പെട്ട ജോയ അമേരിക്കയിലേക്ക് കടന്നു. അവിടെ ജോണിന്റെ കുടുംബത്തോടൊപ്പമായി താമസം.

ജോൺ ആരാണെന്ന് ബോധ്യപ്പെട്ടതോടെ, വിവാഹബന്ധവും വേണ്ടെന്നുവെക്കാൻ ജോയ തയ്യാറായി. 2014 ഒടുവിൽ അവർ അമേരിക്കൻ കോടതിയിലൂടെ വിവാഹമോചനം നേടി. വീണ്ടും പാശ്ചാത്യ ജീവിതത്തിലേക്ക് തിരിച്ചുവന്ന ജോയ ഇപ്പോൾ ഇടതുപക്ഷ ആശയങ്ങൾ ഉൾക്കൊണ്ട് ജീവിക്കാനാണ് ഇഷ്ടപ്പെടുന്നത്. ബംഗ്ലാദേശുകാരായ കുടുംബം ജോണുമായുള്ള വിവാഹത്തോടെ ജോയയെ കൈവിട്ടതാണ്.

പഠിക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന അൾജീരിയൻ വിദ്യാർത്ഥികളാണ് ജോയയുടെ മനസ്സുമാറ്റിയതെന്നാണ് കരുതുന്നത്. മുസ്ലിം വിവാഹ സൈറ്റുകൾ പരതി ഭാവിവരനെ കണ്ടെത്തുന്നതായിരുന്നു ഇവരുടെ ഹോബികളിലൊന്ന്. ജോയ ജോണിനെ കണ്ടെത്തുന്നത് അങ്ങനെയാണ്. എന്നാൽ, 2003-ൽ ജോണിനെ കണ്ടെത്തുന്നതുമുന്നെ ജോയ ബുർഖ ധരിക്കാൻ തുടങ്ങുകയും പൂർണ മതവിശ്വാസിയായി മാറുകയും ചെയ്തിരുന്നുവെന്ന് പഴയ കൂട്ടുകാർ ഓർക്കുന്നു.