- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാഭ്യാസം എട്ടാംക്ലാസ്; ഹാക്കിങ് പഠിച്ചത് യൂട്യൂബ് വീഡിയോകളിലൂടെ; സാമൂഹിക മാധ്യമങ്ങളിൽ തെരഞ്ഞുപിടിച്ച് ഹാക്ക് ചെയ്തത് 400-ഓളം പെൺകുട്ടികളുടെ അക്കൗണ്ടുകൾ; സ്വകാര്യ ചിത്രങ്ങളുടെ പേരിൽ ഭീഷണിപ്പെടുത്തി പണം തട്ടുന്ന യുവാവ് ലഖ്‌നൗവിൽ പിടിയിൽ
ലഖ്‌നൗ: സാമൂഹികമാധ്യമങ്ങളിൽ പെൺകുട്ടികളുടെ അക്കൗണ്ടുകൾ തെരഞ്ഞുപിടിച്ച് ഹാക്ക് ചെയ്ത് ഭീഷണിപ്പെടുത്തി പണംതട്ടുന്ന യുവാവ് ലഖ്‌നൗവിൽ പൊലീസിന്റെ പിടിയിൽ. വിനീത് മിശ്ര(26) എന്നയാളെയാണ് ലഖ്‌നൗ പൊലീസിന്റെ സൈബർ ക്രൈം യൂണിറ്റ് കഴിഞ്ഞദിവസം പിടികൂടിയത്. അക്കൗണ്ട് ഹാക്കിങ്ങിന് ഇരയായ ഒരു പെൺകുട്ടി പരാതിയുമായി സമീപിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിനീത് മിശ്രയെ പിടികൂടിയത്.
തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തെന്നും സ്വകാര്യചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരാൾ പണം ആവശ്യപ്പെടുന്നുണ്ടെന്നുമായിരുന്നു പെൺകുട്ടിയുടെ പരാതി. തുടർന്ന് സൈബർ പൊലീസ് ശാസ്ത്രീയമായ അന്വേഷണം നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. 400-ഓളം പെൺകുട്ടികളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകൾ പ്രതി ഹാക്ക് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വിനീത് മിശ്രയുടെ ലാപ്‌ടോപ് പരിശോധിച്ചതോടെയാണ് ഇയാൾ കൂടുതൽ പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയതായി കണ്ടെത്തിയത്. ഏകദേശം നാനൂറോളം പെൺകുട്ടികളുടെ അക്കൗണ്ടുകൾ ഇയാൾ ഹാക്ക് ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്നവിവരം. എട്ടാംക്ലാസിൽ പഠനം നിർത്തിയ വിനീത് മിശ്ര യൂട്യൂബ് വീഡിയോകളിലൂടെയാണ് ഹാക്കിങ് രീതികൾ പഠിച്ചത്.
പെൺകുട്ടികളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകൾ കണ്ടെത്തി ഇവർക്കെല്ലാം ഒരു ലിങ്ക് അയക്കുന്നതാണ് ഇതിന്റെ ആദ്യഘട്ടം. ഈ ലിങ്കിൽ പ്രവേശിച്ചാൽ തന്റെ കൈവശമുള്ള നിങ്ങളുടെ സ്വകാര്യചിത്രങ്ങൾ കാണാമെന്ന സന്ദേശവും അയക്കും. ഇതോടെ പരിഭ്രാന്തരാകുന്ന പെൺകുട്ടികൾ ലിങ്ക് ക്ലിക്ക് ചെയ്യും. ലിങ്കിൽ പ്രവേശിക്കണമെങ്കിൽ ഇ-മെയിൽ ഐഡിയും പാസ് വേർഡും നൽകണമെന്ന് ആവശ്യപ്പെടും. ഇത് നൽകുന്നതോടെ ഈ വിവരങ്ങളെല്ലാം യുവാവിന് അതേപടി ലഭിക്കും. പിന്നീട് ഇതുപയോഗിച്ചാണ് പെൺകുട്ടികളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകൾ പ്രതി ഹാക്ക് ചെയ്തിരുന്നത്.
അക്കൗണ്ടുകൾ ഹാക്ക് ചെയ്ത പ്രതി ഞൊടിയിടയിൽ സ്വകാര്യചിത്രങ്ങളും ചാറ്റുകളും ഡൗൺലോഡ് ചെയ്‌തെടുക്കും. പലരുടെയും സ്വകാര്യവീഡിയോകളും ഇത്തരത്തിൽ ഡൗൺലോഡ് ചെയ്തിരുന്നു. പിന്നീട് ഈ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുമെന്ന ഭീഷണിസന്ദേശമാകും പെൺകുട്ടികൾക്ക് ലഭിക്കുന്നത്. ആവശ്യപ്പെടുന്ന പണം നൽകിയില്ലെങ്കിൽ ചിത്രങ്ങൾ പരസ്യമാക്കുമെന്നും ഭീഷണിപ്പെടുത്തും. സ്വകാര്യചിത്രങ്ങൾ പരസ്യമാകുമെന്ന് ഭയന്ന് മിക്കവരും പ്രതിക്ക് ആവശ്യപ്പെടുന്ന പണം നൽകുകയായിരുന്നു പതിവ്. എന്നാൽ ഹാക്കിങ്ങിനിരയായ ഒരു പെൺകുട്ടി പരാതി നൽകിയതോടെ വിനീത് മിശ്ര പൊലീസിന്റെ പിടിയിലാവുകയായിരുന്നു.
പ്രതിയുടെ മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
ന്യൂസ് ഡെസ്ക്