- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏജന്റ്മാർക്ക് യാത്ര ചെയ്യാൻ ബൈക്ക് മുതൽ ആഡംബര വാഹനങ്ങൾ വരെ സംഘത്തിന് ശേഖരം; നീലേശ്വരം പടന്നക്കാടിനെ മയക്കുമരുന്നിന്റെ ഹബ്ബാക്കി മാറ്റിയതും ഇതേസംഘം; വാഹനപരിശോധനയ്ക്കിടെ മാരകമായ എംഡിഎംഎയുമായി വിപണന സംഘം സൂത്രധാരൻ പിടിയിൽ
നീലേശ്വരം: വാഹനപരിശോധനയ്ക്കിടയിൽ മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. പടന്നക്കാട് അനന്തംപള്ളയിലെ മുഹമ്മദ് ജയ്ഷാലി (34)നെ യാണ് എസ്ഐ പി.കെ.സുമേഷും സംഘവും പിടികൂടിയത്. ഇയാൾ ഓടിച്ചിരുന്ന കെ.എൽ 60 എച്ച് 3860 നമ്പർ ആൾട്ടോ കാറും കസ്റ്റഡിയിലെടുത്തു.
പ്രാദേശിക വിപണിയിൽ ഇതിന് ഏതാണ്ട് മൂന്ന് ലക്ഷത്തോളം രൂപ വിലവരും. പടന്നക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ മയക്കുമരുന്ന് വിപണനസംഘത്തിന്റെ സൂത്രധാരനാണ് പിടിയിലായ ജയ്ഷാൽ എന്ന് പൊലീസ് പറയുന്നു. ഇയാളെ ഇന്ന് ഉച്ചക്ക് ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കാസർകോട് ജില്ലയിലെ പല സ്ഥലങ്ങളിലേക്കും മയക്കുമരുന്ന് കടത്തുന്നതും ജയ്ഷാലിന്റെ നേതൃത്വത്തിലുള്ള മയക്കുമരുന്ന് ലോബിയാണെന്ന് പൊലീസ് പറയുന്നു. ജയ്ഷാലിനായി നാർക്കോട്ടിക് സെല്ലും സെപെഷ്യൽ സ്ക്വാഡും ദിവസങ്ങളായി വലവിരിച്ച് കാത്തിരിക്കുകയായിരുന്നു.
ജയ്ഷാലിനെ പിടികൂടിയാൽ വൻതോതിൽ എംഡിഎംഎ പിടിച്ചെടുക്കാൻ കഴിയുമെന്നായിരുന്നു പൊലീസ് കരുതിയിരുന്നത്. എന്നാൽ ഇന്നലെ പിടിയിലാകുമ്പോൾ ജയ്ഷാലിന്റെ കൈവശം 14 ഗ്രാം മാത്രമെ എംഡിഎംഎ ഉണ്ടായിരുന്നുള്ളൂ. ഇതിന് മുമ്പും നിരവധി തവണ ജയ്ഷാലിനെ മയക്കുമരുന്നുമായി പൊലീസ് പിടികൂടിയിട്ടുണ്ട്. കോട്ടയം ക്രൈംബ്രാഞ്ച് ഏതാനും വർഷം മുമ്പ് മയക്കുമരുന്ന് പിടികൂടിയതിലും ഇയാൾക്ക് ബന്ധമുണ്ടെന്ന് സൂചനയുണ്ട്.
'പടന്നക്കാട് മയക്കുമരുന്നിന്റെ ഹബ്ബായി മാറി'യതായി വാർത്തകൾ വന്നിരുന്നു. ഇതിന് ശേഷം ജില്ലാ നർക്കോട്ടിക് സെല്ലും പൊലീസും നടത്തിയ വ്യാപക പരിശോധനയിൽ നിരവധി സ്ഥലങ്ങളിൽ നിന്നും ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയിരുന്നു. ഇവയിലെല്ലാം അറസ്റ്റിലായവരിൽ ആറുപേർ പടന്നക്കാട് സ്വദേശികളായിരുന്നു. പിടിക്കപ്പെട്ട മയക്കുമരുന്നുകൾ പടന്നക്കാടുനിന്നും വിൽപ്പനക്കായി കൊണ്ടുപോയതും പടന്നക്കാട്ടേക്ക് വിൽപ്പനക്കായി കടത്തിക്കൊണ്ടുവരുന്നവയുമായിരുന്നു. പ്രതിനിദിനം ലക്ഷങ്ങളുടെ മയക്കുമരുന്ന് ഇടപാടുകളാണ് പടന്നക്കാട് കേന്ദ്രീകരിച്ച് നടക്കുന്നത്.
ജയ്ഷാൽ സൂത്രധാരനായ ഈ സംഘത്തിന് കീഴിൽ നിരവധി ഏജന്റുമാരും അവർക്ക് സഞ്ചരിക്കാനും മയക്കുമരുന്ന് വിപണനത്തിനുമായി മോട്ടോർ ബൈക്ക് മുതൽ ആഡംബര വാഹനങ്ങൾ വരെ ഉള്ളതായി നർക്കോട്ടിക് സെല്ലിന് നേരത്തെ തന്നെ വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ സംഘത്തെ എളുപ്പത്തിൽ പിടികൂടാൻ കഴിയാറില്ല. കോടിക്കണക്കിന് രൂപയുടെ വരുമാനമാണ് പടന്നക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘങ്ങളിലെ പ്രധാനികൾക്ക് പ്രതിമാസം ലഭിക്കുന്നത്. എന്നാൽ ഇവരുടെ വരുമാന സ്രോതസ്സ് ഇതുവരെ കണ്ടെത്താനോ പരിശോധിക്കാനോ ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറായിട്ടില്ല. നിരവധി പ്രായപൂർത്തിയാകാത്ത കുട്ടികളടക്കം ഇവരുടെ ഇരകളായി മാറിയിരിക്കുകയാണ് . കാസർകോട് നൂറുകണക്കിന് പേരാണ് മംഗലാപുരത്ത് ആശുപത്രിയിൽ മയക്കുമരുന്ന് വിമുക്തതക്കുവേണ്ടി ചികിത്സിക്കുന്നത്.