കൊല്ലം: ഗർഭിണിയായ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയുടേയും കാമുകന്റെയും വിവാഹം വീട്ടുകാർ രഹസ്യമായി നടത്തി. സംഭവമറിഞ്ഞ നാട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് കാമുകനെ അറസ്റ്റ് ചെയ്തു. കുളത്തൂപ്പുഴ മീത്തിക്കോണം കോളനി സ്വദേശി പ്രശാന്തി (26) നെയാണ് കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

പതിനഞ്ചുകാരിയും പ്രശാന്തും തമ്മിൽ പ്രണയത്തിലായിരുന്നു. പല ദിവസങ്ങളിലും രാത്രിയിൽ ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തുകയും ലൈംഗിക ബന്ധത്തിലേപ്പെടുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഇതിനിടെ പെൺകുട്ടി ഗർഭിണിയായി. ഇതറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ
സമീപത്തെ ആശുപത്രിയിലെത്തിച്ച് അബോർഷൻ നടത്താൻ തീരുമാനിച്ചു.

എന്നാൽ ഡോക്ടർ വിസമ്മതിച്ചതോടെ പെൺകുട്ടിയുടെ മാതാപിതാക്കൾ പ്രശാന്തിന്റെ വീട്ടുകാരുമായി സംസാരിക്കുകയും ആരുമറിയാതെ വിവാഹം നടത്താം എന്ന തീരുമാനത്തിലെത്തുകയുമായിരുന്നു. കഴിഞ്ഞ ആഴ്ച രക്ഷിതാക്കൾ പെൺകുട്ടിയുമായി പ്രശാന്തിന്റെ വീട്ടിലെത്തി. പ്രശാന്തിന്റെ രക്ഷിതാക്കളുമായി സംസാരിച്ച് ധാരണയുണ്ടാക്കി താലിക്കെട്ടിച്ച് രഹസ്യ വിവാഹം നടത്തി. വിവാഹ ശേഷം കുട്ടിയെ പ്രശാന്തിനൊപ്പമാക്കി രക്ഷിതാക്കൾ മടങ്ങിപ്പോയി.

കഴിഞ്ഞ ദിവസം കോളനിയിലെ അയൽ വീട്ടുകാർ പെൺകുട്ടിയെ കാണാനിടവരുകയും സംശയം തോന്നി സാമൂഹ്യ സുരക്ഷ അധികൃതരെ വിവരം ധരിപ്പിക്കുകയുമായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ വിവരം പൊലീസിന് കൈമാറുകയും ചെയ്തതോടെ പ്രതിയെ കുളത്തൂപ്പുഴ പൊലീസ് പിടികൂടി. പെൺകുട്ടിയുടെ മൊഴിയെടുത്ത് വൈദ്യപരിശോധന നടത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് പൊലീസ് കേസ്സെടുത്തു. പെൺകുട്ടിയെ പൊലീസ് സംരക്ഷണയോടെ കൊല്ലം ചൈൽഡ് ലൈൻ പ്രവർത്തകർക്ക് കൈമാറി.