- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
85,000 രൂപ മാസ വാടക കൊടുക്കാൻ വരുമാനം എന്തുമാത്രം ഉണ്ടാവും! കൊക്കെയ്നും എൽഎസ്ഡിയും അടക്കം വിൽപ്പന; നടൻ പൃഥ്വിരാജിന്റെ കൊച്ചിയിലെ വാടക ഫ്ളാറ്റിൽ നിന്ന് പിടിയിലായ പുനലൂർ സ്വദേശിക്ക് സിനിമയിലും നല്ല പിടി; സഹോദരന്റെ വിവാഹത്തിന് എത്തിയത് ദുൽഖർ സൽമാൻ
കൊച്ചി: നടൻ പൃഥ്വി രാജ് സുകുമാരന്റെ വാടകയ്ക്ക് നൽകിയ ഫ്ളാറ്റിൽ നിന്നും കൊക്കെയ്ൻ, എൽ.എസ്.ഡി സ്റ്റാമ്പ്, കഞ്ചാവ് തുടങ്ങിയ ലഹരിപദാർഥങ്ങളുമായി യുവാവ് പിടിയിലായ സംഭവത്തിൽ ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചതായി എക്സൈസ്. കൊല്ലം പുനലൂർ വാളക്കോട് പാണങ്ങാട് നസീം വില്ലയിൽ നുജൂം സലിംകുട്ടി(33)യുടെ പക്കൽ നിന്നുമാണ് ഏതാനം ദിവസങ്ങൾ മുൻപ് എക്സൈസ് സംഘം ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. ഇയാൾ പഴം, പച്ചക്കറി വ്യവസായം നടത്തുന്നയാൾ എന്ന വ്യാജേനയാണ് ഇവിടെ താമസിച്ചു ലഹരി മരുന്ന് കച്ചവടം നടത്തിയിരുന്നത്. ഫ്ളാറ്റിന് 85,000 രൂപ പ്രതിമാസ വാടക ഇനത്തിൽ നൽകിയിരുന്നതായാണ് എക്സൈസ് സംഘത്തോട് പ്രതി വെളിപ്പെടുത്തിയത്. റിമാൻഡിലായിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തു വരുകയാണ്.
തേവര മാളിയേക്കൽ റോഡിലുള്ള അസറ്റ് കാസാ ഗ്രാൻഡെ ആഡംബര ഫ്ളാറ്റിൽ അർദ്ധരാത്രിയിൽ നടത്തിയ റെയ്ഡിലാണ് പ്രതി ലഹരി ഉത്പന്നങ്ങളുമായി പിടിയിലാവുന്നത്. നാലാം നിലയിലെ 4എ ഫ്ളാറ്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. എറണാകുളം എക്സൈസ് സിഐ അൻവർ സാദത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 6.927 ഗ്രാം കൊക്കെയ്നും 47.2 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പുകളും 148 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. കച്ചവടത്തിന് പുറമേ ഇയാൾ ലഹരിമരുന്നിനും അടിമയാണെന്ന വിവരമാണ് പുറത്ത് വരുന്നത്.
ഒരു വർഷത്തിലധികമായി നുജൂം പൃഥ്വി രാജിന്റെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റിൽ താമസിച്ചു വരികയായിരുന്നു. റെയ്ഡിനു പിന്നാലെ എക്സൈസ് സംഘം നടനുമായി ബന്ധപ്പെട്ടപ്പോൾ ഒരു ഏജൻസി വഴി വാടകയ്ക്ക് നൽകിയതാണെന്നും പ്രതിയെ അറിയില്ലെന്നും അറിയിച്ചു. പുനലൂരിലെ പ്രശസ്തമായ വ്യവസായ കുടുംബത്തിലെ അംഗമാണ് നുജൂം. ഇയാളുടെ സഹോദരന്റെ വിവാഹത്തിന് ദുൽഖർ സൽമാൻ എത്തിയത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.
പുനലൂർ നഗരത്തിൽ വിവിധ ഇടങ്ങളിലായി വലിയ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടങ്ങൾ പ്രതിയുടെ കുടുംബത്തിനുണ്ട്. വർഷങ്ങളായി വിദേശത്ത് ബിസിനസ് നടത്തുകയാണ് ഇയാളുടെ പിതാവ്. നാട്ടുകാരാരോടും വലിയ അടുപ്പമില്ലാത്തവരാണ് ഇവർ. സിനിമാ മേഖലയിൽ വലിയ ബന്ധമുണ്ട്. സിനിമാക്കാർക്കടക്കം ഇയാൾ ലഹരി നൽകിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യങ്ങൾ എക്സൈസ് പരിശോധിച്ചു വരികയാണ്.
ഉന്നത സ്വാധീനമുള്ളതിനാൽ പ്രതിയെ പറ്റിയുള്ള മറ്റു വിവരങ്ങൾ എക്സൈസ് പുറത്തു വിടുന്നില്ല. ഇയാളുടെ ചിത്രങ്ങൾ പോലും മാധ്യമങ്ങൾക്ക് നൽകിയിട്ടില്ല. കൊച്ചിയിലെ ഇന്നത എക്സൈസ് ഉദ്യോഗസ്ഥന്റെ ഇടപെടൽ മൂലമാണ് മാധ്യമങ്ങൾക്ക് പ്രതിയുടെ ചിത്രം നൽകാത്തതെന്ന് ആക്ഷേപമുണ്ട്. പ്രതിയെ ഏതു വിധേനയും ജാമ്യം നൽകാൻ കഴിയുന്ന സഹായങ്ങൾ ഈ ഉന്നതന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്നാണ് ചില എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.