തിരുവനന്തപുരം: ഫോർട്ട് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറായ മാലു മുരളിക്ക് നേരെ ആക്രമണം നടന്നതിൽ സ്വമേധയാ കേസെടുത്ത് സംസ്ഥാന യുവജന കമ്മീഷൻ. സംഭവത്തിൽ കമ്മീഷൻ സംസ്ഥാന പൊലീസ് മേധാവിയിൽ നിന്ന് റിപ്പോർട്ടും തേടിയിട്ടുണ്ട്.ഓഗസ്റ്റ് അഞ്ചിന് അർദ്ധരാത്രിയായിരുന്നു തിരുവനന്തപുരം നഗരപരിധിയിലെ ഫോർട്ട് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ അതിക്രമിച്ച് കയറിയ ഒരു സംഘം അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തത്.

ക്യൂ പാലിക്കാതെ ആശുപത്രിയിലേക്ക് അതിക്രമിച്ച് കയറുകയും പരിക്കേറ്റത് കണ്ട് അതിനെക്കുറിച്ച് ചോദിക്കുകയും ചെയ്തപ്പോഴാണ് സംഘം ആക്രമിച്ചത്. ഇവരിൽ റഷീദ്, റഫീക്ക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.അക്രമികൾ ഡോക്ടറുടെ കൈ പിടിച്ച് തിരിക്കുകയും വസ്ത്രം കീറുകയും ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിക്കുകയും ചെയ്തു. പരിക്കേറ്റ ഡോക്ടറും സെക്യൂരിറ്റിയും ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.