- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓൺലൈൻ ചീട്ടുകളിയിൽ പണമെല്ലാം പോയി; കടം വാങ്ങിയ പണം തിരികെ നൽകാനുമായില്ല; 27കാരൻ ഒടുവിൽ ജീവനൊടുക്കി
കോയമ്പത്തൂർ: ഓൺലൈൻ ചീട്ടുകളിയിൽ പണമെല്ലാം നഷ്ടമായതോടെ 27-കാരൻ ജീവനൊടുക്കി. കോയമ്പത്തൂരിലാണ് സംഭവം. രാധാകൃഷ്ണൻ സ്ട്രീറ്റിലെ ആർ. മദൻ കുമാറാണ് ശീരനായ്ക്കൻപാളയത്തെ വീട്ടിൽ തൂങ്ങിമരിച്ചത്. പത്താംക്ലാസ് വരെ പഠിച്ച കുമാർ സ്വകാര്യബാങ്കിന്റെ കൗണ്ടംപാളയം ശാഖയിൽ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. ഓൺലൈൻ ചൂതാട്ടത്തിന് അടിമയായിരുന്നു കുമാറെന്ന് സുഹൃത്ത് പറഞ്ഞു. പലരിൽനിന്നും പണം കടം വാങ്ങിയിരുന്നു. ചിലർക്ക് തിരിച്ചുനൽകാനും കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാവാം ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു.
അവിവാഹിതനായ കുമാർ മദ്യത്തിനും അടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ആറുമാസം മുമ്പ് കുമാർ സാമിചെട്ടിപാളയത്തെ വാടകവീട്ടിലേക്ക് മാറിയിരുന്നു. കെട്ടിടനിർമ്മാണത്തൊഴിലാളിയായ അച്ഛൻ എസ്. രവിയും അമ്മ മനോമണിയും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ എട്ടരമണിയോടെ വീട്ടിൽനിന്ന് പോയ കുമാർ സാധാരണപോലെ വൈകീട്ട് വീട്ടിൽ തിരിച്ചുവന്നില്ല. വെള്ളിയാഴ്ചയും വീട്ടിലെത്തിയില്ല. ശീരനായിക്കൻപാളയത്തെ വീട്ടിൽ ആദ്യം മനോമണിയാണ് മകനെ അന്വേഷിച്ച് എത്തിയത്. വീടിന്റെ വാതിലിൽ മുട്ടിനോക്കിയപ്പോൾ പ്രതികരണമുണ്ടായില്ല. അവിടെയെത്തിയ ബന്ധു വേലുസ്വാമി കതക് ഇടിച്ചുതുറന്നപ്പോൾ കുമാർ സീലിങ് ഫാനിൽ സാരിത്തുമ്പിൽ തൂങ്ങിക്കിടക്കുന്നതാണ് കണ്ടത്.
മദ്യക്കുപ്പിയും കീടനാശിനിക്കുപ്പിയും അകത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആർ.എസ്. പുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിന് കൈമാറി.
മറുനാടന് ഡെസ്ക്