കണ്ണൂർ: കോൺഗ്രസ്സ് എന്ന ദേശീയ പ്രസ്ഥാനത്തിന് ശക്തിയും ഊർജ്ജവും നൽകുന്നത് യൂത്ത് കോൺഗ്രസ്സായിരുന്നു. ഒരു കാലത്ത് ചന്ദ്രശേഖർ, കൃഷ്ണകാന്ത് എന്നീ യുവ നേതാക്കളെ അവരുടെ പ്രവർത്തന മികവിന്റെ ഫലമായി യുവ തുർക്കികൾ എന്നായിരുന്നു സംബോധന ചെയ്തിരുന്നത്. ബംഗാളിലെ പ്രിയരംഞ്ജൻദാസ് മുൻഷിയെപ്പോളുള്ള നേതാക്കൾ നയിച്ചപ്പോഴും ദേശീയ തലത്തിൽ പ്രവർത്തന സജജ്മായ പ്രസ്ഥാനമായിരുന്നു യൂത്ത് കോൺഗ്രസ്സ് കേരളത്തിലാണെങ്കിൽ ഓണത്തിന് ഒരു പറനെല്ല് എന്ന ആശയപ്രചാരണവുമായി എ.കെ. ആന്റണി മുതൽ വി എം. സുധീരൻ വരെയുള്ളവർ നയിച്ചപ്പോഴും യുവ മനസ്സുകളിൽ യൂത്ത് കോൺഗ്രസ്സ് ഒരു വികാരമായിരുന്നു.

എന്നാൽ കന്യാകുമാരിയിൽ നിന്നും ആരംഭിച്ച് കാശ്മീരിൽ അവസാനിക്കുന്ന യൂത്ത് കോൺഗ്രസ്സിന്റെ ഒരു ദേശീയ ജാഥ കേരളവും തമിഴ്‌നാടും കടന്ന് തെലുങ്കാനയിലെത്തിയ വിവരം കേരളത്തിലെ പ്രധാന നേതാക്കൾ പോലും അറിഞ്ഞില്ല. ദേശീയ പ്രസിഡണ്ട് കേശവ് ചന്ദ് യാദവായിരുന്നു യുവക്രാന്തിയാത്ര എന്ന പേരിൽ നടന്ന യാത്ര നയിച്ചത്. അംഗീകാരമില്ലാത്ത ഒരു പ്രാദേശിക പാർട്ടി നടത്തുന്ന പരിപാടിപോലും പ്രചരണത്തിൽ മുന്നിട്ട് നിൽക്കുമ്പോൾ യൂത്ത് കോൺഗ്രസ്സിന്റെ ദേശീയ ജാഥക്ക് കേവലമൊരു വിനോദയാത്രയുടെ പരിവേഷം പോലും ലഭിച്ചില്ല.

ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ പുതിയ വോട്ടർമാരേയും ചെറുപ്പക്ാരേയും പ്രസ്ഥാനവുമായി അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച യൂത്ത് കോൺഗ്രസ്സ് യുവ ക്രാന്തി യാത്രയാണ് തീർത്തും ചടങ്ങുമാത്രമായി കേരളം വിട്ടത്. സംഘാടനത്തിലും പ്രചാരണത്തിലും തികഞ്ഞ പോരായ്മ തുടക്കം മുതലേ ജാഥയെ ഗ്രസിച്ചിരുന്നു. കേരളത്തിലെ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ഭാരവാഹികളിൽ ഭൂരിഭാഗവും ഇങ്ങിനെ ഒരു യാത്രയെക്കുറിച്ച് അറിഞ്ഞേയില്ല.

ഇത്രയും പ്രധാനപ്പെട്ട ദേശീയ ജാഥക്ക് മുന്നോടിയായി സംസ്ഥാന ഭാരവാഹികളുടെ യോഗം പോലും വിളിച്ചിരുന്നില്ല. യൂത്ത് കോൺഗ്രസ്സിന്റെ സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിഞ്ഞതും മെമ്പർഷിപ്പ് കാര്യത്തിലെ പ്രശ്നങ്ങളും കാരണം കേരളത്തിലെ യൂത്ത് കോൺഗ്രസ്സ് ഇപ്പോൾ നിർജ്ജീവാവസ്ഥയിലാണ്. ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംഘടനാ തെരഞ്ഞെടുപ്പ് വേണ്ടെന്ന കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളുടെ നിർദ്ദേശവും യൂത്ത് കോൺഗ്രസ്സ് പ്രവർത്തനത്തിന് തിരിച്ചടിയായിരുന്നു.

എ.ഐ.സി.സി. നൽകിയ ഫണ്ട് ഉപയോഗിച്ചാണ് യൂത്ത് കോൺഗ്രസ്സിന്റെ ദേശീയ ജാഥ സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തിയ പുതിയ യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളുടെ പരിചയക്കുറവും ആത്മാർത്ഥതയില്ലായ്മയും ദേശീയ ജാഥയുടെ നിറം മങ്ങാൻ കാരണമായി. യൂത്ത് ലീഗ് നടത്തിയ സംസ്ഥാന ജാഥപോലും കേരളത്തിലെ ജനങ്ങളുടെ ശ്രദ്ധയാകർഷിച്ചപ്പോൾ യൂത്ത് കോൺഗ്രസ്സിന്റെ ദേശീയ ജാഥ പാർട്ടി ഭാരവാഹികൾ പോലുമറിഞ്ഞില്ല.

കേരളത്തിലും കർണ്ണാടകത്തിലുമാണ് ജാഥ യാതൊരു പ്രതികരണവും ഉളവാക്കാഞ്ഞത്. എന്നാൽ കോൺഗ്രസ്സിന് വേരോട്ടം ശക്തമല്ലാത്ത തമിഴ്‌നാട്ടിൽ യുവാക്കളുടെ ബാഹുല്യമുണ്ടായി. ദേശീയ ജാഥയുടെ പരാജയത്തെക്കുറിച്ച് കേരളത്തിലേയും കർണ്ണാടകത്തിലേയും യൂത്ത് കോൺഗ്രസ്സ് നേതാക്കൾ എ.ഐ.സി.സി. പ്രസിഡണ്ട് രാഹുൽഗാന്ധിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ്.

കേരളത്തിൽ യൂത്ത്കോൺഗ്രസ്സിന്റെ പ്രവർത്തനം പൊതുവേ നിലച്ച മട്ടിലാണ്. കടുത്ത തിരിച്ചടികൾക്കും പ്രതിസന്ധികൾക്കും ശേഷം ദേശീയ തലത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് മുന്നേറുമ്പോഴും യൂത്ത് കോൺഗ്രസ്സ് ജീവൻ നിലച്ച മട്ടിലാണ്. ദേശീയ രാഷ്ട്രീയത്തിൽ തിരിച്ചു വരവിനൊരുങ്ങുന്ന കോൺഗ്രസ്സിന് താങ്ങായി നിൽക്കേണ്ട യൂത്ത് കോൺഗ്രസ്സിന്റെ ദയനീയ അവസ്ഥയാണ് കേരളവും കർണ്ണാടകവും കണ്ടത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ ഐക്യം ശക്തമാവുമ്പോഴും കാഴ്ചക്കാരായി നോക്കി നിൽക്കേണ്ട അവസ്ഥയിലാണ് യൂത്ത് കോൺഗ്രസ്സ്.