- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തവനൂരിൽ യുഡിഎഫിന്റെ സംസ്ഥാന നേതൃത്വം അടിച്ചേൽപിച്ച സ്ഥാനാർത്ഥിയാണ് ഫിറോസ് കുന്നുംപറമ്പിൽ; ഫേസ്ബുക്ക് ഉപയോഗിക്കാത്ത എത്ര പേർക്ക് ഫിറോസിനെ അറിയാം? തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ഫിറോസ് നടത്തിയ പ്രസ്താവനകൾ ബാലിശവും ദൗർഭാഗ്യകരവും; ഫിറോസ് കുന്നും പറമ്പിലിനെതിരെ യൂത്ത് കോൺഗ്രസ്
മലപ്പുറം: തവനൂർ മണ്ഡലത്തിൽ മുന്മന്ത്രി കെടി ജലീലിനോട് പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിലിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും തവനൂർ മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹിയുമായ ഇപി രാജീവ് രംഗത്ത്. തവനൂരിൽ നിന്ന് ആരും ആവശ്യപ്പെടാതെ തന്നെ യുഡിഎഫ് സംസ്ഥാന നേതൃത്വം തവനൂരിലെ ജനങ്ങൾക്ക് മേൽ അടിച്ചേൽപിച്ച സ്ഥാനാർത്ഥിയാണ് ഫിറോസ് കുന്നുംപറമ്പിലെന്ന് ഇപി രാജീവ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ചാരിറ്റി പ്രവർത്തകൻ എന്നതിലപ്പുറം യാതൊരു രാഷ്ട്രീയ പശ്ചാതലവുമില്ലാത്ത ആളാണ് ഫിറോസ്. ഫെയ്സ് ബുക്ക് ഉപയോഗിക്കാത്ത എത്ര പേർക്ക് ഫിറോസിനെ അറിയാമെന്നും ഇപി രാജീവ് ചോദിക്കുന്നു. എന്നിട്ടുപോലും തവനൂരിലെ യുഡിഎഫ് നേതൃത്വവും പ്രവർത്തകരും ഫിറോസിന് വേണ്ടി എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് പരാചയത്തിന് ശേഷം യുഡിഎഫിനെ കുറ്റപ്പെടുത്തികൊണ്ട് ഫിറോസ് നടത്തിയിട്ടുള്ള പ്രസ്താവനകൾ ബാലിശവും ദൗർഭാഗ്യകരവുമാണെന്നും ഇപി രാജീവ് ഫേസ്ബുക്ക് പോസ്്റ്റിൽ പറയുന്നു.
ഫിറോസിനു വേണ്ടി രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഈ കൊറോണക്കാലത്തും തവനൂരിലെ ഓരോ വീട്ടിലും കയറിയിറങ്ങി വോട്ടഭ്യർത്ഥിച്ച,പോസ്റ്ററൊട്ടിച്ച,പണം ചെലവഴിച്ച യു. ഡി. എഫ് പ്രവർത്തകരെ ഒറ്റു കൊടുക്കരുതെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും തവനൂർ മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹിയുമായിരുന്ന ഇപി രാജീവ് പറയുന്നു.
ഇ പി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
ശത്രുക്കളിൽ നിന്ന് അക്രമങ്ങൾ ഉണ്ടാകുമ്പോൾ വാലു മുറിച്ചോടുന്ന പല്ലിയെ പോലെ ഫിറോസ് കുന്നംപറമ്പിൽ മാറരുത്. യു. ഡി. എഫ് പ്രവർത്തകർ ഏറെ നിരാശരായ സന്ദർഭമാണിപ്പോൾ.ഫിറോസ് ഇന്ന് ചില മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനകൾ തീർത്തും ബാലിശവും ദൗർഭാഗ്യകരവുമാണ്.തവനൂരിലെ കോൺഗ്രസിൽ നിന്നും ഒരാൾ പോലും ആവശ്യപ്പെടാതെ യു. ഡി.എഫിന്റെ സംസ്ഥാന നേതൃത്വം അടിച്ചേൽപ്പിച്ച സ്ഥാനാർത്ഥിയാണ് ഫിറോസ്. ചാരിറ്റി പ്രവർത്തകൻ എന്നതിൽ കവിഞ്ഞ് വ്യക്തമായ ഒരു രാഷ്ട്രീയ പശ്ചാത്തലവും അദ്ദേഹത്തിനില്ല. എന്നിട്ടു പോലും അദ്ദേഹം തവനൂരിൽ വന്നിറങ്ങിയത് മുതൽ കോൺഗ്രസും ലീഗും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു.
യു. ഡി. എഫിൽ അനൈക്യം എന്ന് ഫിറോസ് പറഞ്ഞത് തീർത്തും തെറ്റായ വസ്തുതയാണ്. സജീവമായി പ്രവത്തിച്ച ഒരാളെന്ന നിലക്ക് എനിക്ക് ആധികാരികമായിത്തന്നെ അത് പറയാൻ കഴിയും.ഫിറോസെന്ന വ്യക്തിക്കാണു ജനങ്ങൾ വോട്ട് നൽകിയത് എന്ന രൂപത്തിൽ അദ്ദേഹം സംസാരിച്ചു. ഫിറോസ് എന്ന വ്യക്തിയെ ഫേസ് ബുക്ക് ഉപയോഗിക്കുന്നവർക്കല്ലാതെ എത്ര പേർക്ക് അറിയാമെന്ന് ഫിറോസ് ചിന്തിക്കണം.രാജാവിനു ചുറ്റുമിരുന്ന് മംഗള ഗാനം പാടുന്ന കൊട്ടാരം വിദൂഷകരുടെ പിടിയിൽ നിന്ന് മോചിതനായിക്കൊണ്ട് ഫിറോസ് യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാൻ പഠിക്കണം. പലതിൽ നിന്നും രക്ഷ നേടാൻ ഫിറോസിനു വേണ്ടി രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഈ കൊറോണക്കാലത്തും തവനൂരിലെ ഓരോ വീട്ടിലും കയറിയിറങ്ങി വോട്ടഭ്യർത്ഥിച്ച,പോസ്റ്ററൊട്ടിച്ച,പണം ചെലവഴിച്ച യു. ഡി. എഫ് പ്രവർത്തകരെ ഒറ്റു കൊടുക്കരുത്.
മറുനാടന് മലയാളി ബ്യൂറോ