കൊല്ലം: കരിഞ്ചന്തയിലേക്ക് കടത്തുകയായിരുന്ന റേഷനരി ഡിവൈഎഫ്ഐ നേതാക്കൾക്ക് തടയുകയും പൊലീസ് കേസെടുക്കുകയും ചെയ്ത വൈരാഗ്യത്തിൽ വ്യാപാരിയെ വെട്ടിക്കൊല്ലാൻ കൊട്ടേഷൻ കൊടുത്ത കോൺഗ്രസ്സ് നേതാവ് അറസ്റ്റിൽ. മുൻ ആലപ്പുഴ യൂത്ത് കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറിയും ആദിനാട് ഷിബു മൻസിലിൽ മുഹമ്മദ് ബഷീറിന്റെ മകനുമായ ഷിബു ബഷീറിനെയാണ് കൊല്ലം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ പലചരക്ക് വ്യാപാരിയായ കുരിക്കശ്ശേരിൽ ഗോപിനാഥൻപിള്ളയെ ഇയാൾ കൊട്ടേഷൻ നൽകി വെട്ടി എന്ന കേസിലാണ് അറസ്റ്റ്.

2010 ജൂണിലാണ് കേസിനാസ്പദമായ സംഭവം. കുലശേഖരപുരത്തെ അൺ എയ്ഡഡ് സ്‌ക്കൂളിലെ അദ്ധ്യാപകനായ ഷിബു റേഷൻ കടയുടമകൂടിയാണ്. പിതാവിന്റെ പേരിലുണ്ടായിരുന്ന കട മരണശേഷം ഇയാൾ നോക്കി നടത്തുകയായിരുന്നു. റേഷൻ കടയിൽ നിന്നും സ്ഥിരമായി അരി കരിഞ്ചന്തയിലേക്ക് പോകുന്നത് പതിവായിരുന്നു. ഇതിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ സംഘടിക്കുകയും പിക്കപ്പിൽ കടത്താൻ ശ്രമിച്ച അരി തടയുകയും പൊലീസിനെയും റേഷനിങ് ഇൻസ്പെക്ടറെയും വിവരമറിയിക്കുകയും കേസാക്കുകയും ചെയ്തിരുന്നു. ഈ സംഭവം തൊട്ടടുത്തെ പലചരക്ക് സ്ഥാപനമുടമയും സിപിഎം പ്രവർത്തകനുമായ ഗോപിനാഥൻപിള്ള ഒറ്റുകൊടുത്തതുകൊണ്ടാണ് എന്നുറപ്പിച്ച ഷിബു ഇയാളെ വക വരുത്താൻ തീരുമാനിക്കുകയായിരുന്നു.

തുടർന്ന് ഇയാൾ ശിവസേന പ്രവർത്തകരായ കിരൺ, ഉണ്ണി എന്നിവർക്ക് കൃത്യം ചെയ്യാനായി കൊട്ടേഷൻ നൽകി. രാത്രിയിൽ പലചരക്ക് സ്ഥാപനം അടച്ച് വീട്ടിലേക്ക് മടങ്ങാൻ തുടങ്ങിയ ഗോപിനാഥൻപിള്ളയെ ഇവർ വടിവാൾ കൊണ്ട് തലയ്ക്ക് വെട്ടുകയും പച്ചമണ്ണ് വാരി ഇടുകയും ചെയ്തു. വെട്ടു കൊണ്ട ഭാഗം യാതൊരു കാരണവശാലും തുന്നിച്ചേർക്കുമ്പോൾ ഭേദമാകാതിരിക്കാൻ വേണ്ടിയാണ് മണ്ണ് വാരിയിട്ടത്. ഗോപിനാഥൻ പിള്ളയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമികൾ രക്ഷപെട്ടു. തക്ക സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതോടെ ഗോപിനാഥൻപിള്ളയെ രക്ഷിക്കാനായി.

സംഭവത്തെ പറ്റി പൊലീസിൽ പരാതി നൽകിയെങ്കിലും അന്വഷണം കാര്യക്ഷമമായി നടന്നില്ല. തുടർന്ന് അന്നത്തെ മുഖ്യ മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ ജന സമ്പർക്ക പരിപാടിയിൽ ഗോപിനാഥൻപിള്ള നേരിട്ട് പരാതി നൽകി. പരാതി ലഭിച്ചയുടൻ തന്നെ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. അന്നത്തെ കരുനാഗപ്പള്ളി സി.ഐ അനിൽകുമാറും എസ്.ഐ ഗോപകുമാറും ചേർന്ന് ഒന്നു രണ്ടും പ്രതികളായ ശിവസേന പ്രവർത്തകരായ കിരണിനെയും ഉണ്ണിയേയും അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും കൊട്ടേഷൻ നൽകിയത് ഷിബുവാണെന്ന് വ്യക്തമായതോടെ ഷിബുവിനെതിരെ കേസെടുത്തു.

ഇതോടെ ഇയാൾ ഒളിവിൽ പോകുകയും യൂത്ത് കോൺഗ്രസ്സ് ആലപ്പുഴ മണ്ഡലം സെക്രട്ടറി സ്ഥാനത്ത് നിന്നും പാർട്ടി പുറത്താക്കുകയും ചെയ്തു. ഷിബുവിനെതിരെ കേസെടുത്തകാരണത്താൽ കരുനാഗപ്പള്ളി എസ്.ഐ ഗോപകുമാറിനെ കണ്ണൂരിലേക്ക് ട്രാൻസ്ഫർ കൊടുത്ത് ജില്ലയിലെ നേതാക്കന്മാർ കലിപ്പ് തീർത്തു. എട്ട് വർഷത്തിന് ശേഷം കരുനാഗപ്പള്ളിയിലെ ബന്ധു വീട്ടിൽ നിന്നാണ് ക്രൈംബ്രാഞ്ച് എ.സി.പിഅശോകന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.