തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ അർഹമായ സീറ്റുകൾ ലഭിച്ചില്ലെന്നു കാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ഖദർ ഷർട്ട് ഊരിയെറിഞ്ഞാണ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്.

35 ശതമാനം സീറ്റ് നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് ലഭിച്ചില്ലെന്നാണ് യൂത്ത് കോൺഗ്രസുകാരുടെ പരാതി. കോൺഗ്രസ് ഓഫീസിൽ പ്രവർത്തകർ പ്രകടനമായെത്തി ഷർട്ടൂരി പ്രതിഷേധിക്കുകയായിരുന്നു.

യൂത്ത് കോൺഗ്രസ് പാർലമെന്ററി കമ്മിറ്റി അംഗങ്ങളാണ് സീറ്റ് വിഭജനത്തിൽ അവഗണിച്ചെന്നാരോപിച്ച് തൃശൂരിൽ ഷർട്ടൂരി പ്രതിഷേധിച്ചത്. പാർലമെന്റ് കമ്മിറ്റി പ്രസിഡന്റ് ഷിജു വെളിയത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

പ്രതിഷേധത്തിൽ പങ്കെടുത്ത 30 ഓളം പ്രവർത്തകരാണ് ഷർട്ടൂരി നഗരത്തിൽ പ്രകടനം നടത്തിയത്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ യുവാക്കളെ പരിഗണിക്കണമെന്ന് കെപിസിസി തുടർ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, തൃശ്ശൂർ ഡിസിസി ഇത് പരിഗണിക്കാതിരുന്ന സാഹചര്യത്തിലാണ് വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസുകാർ രംഗത്തെത്തിയത്. സീറ്റ് കിട്ടിയില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണു യൂത്ത് കോൺഗ്രസുകാരുടെ ഭീഷണി.

പ്രതിഷേധം കോഴിക്കോട്ടും

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാർത്ഥിനിർണയത്തിൽ കോഴിക്കോട്ടും യൂത്ത് കോൺഗ്രസ് പ്രതിഷേധം. കോഴിക്കോട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.

അതിനിടെ, സ്ഥാനാർത്ഥി നിർണയത്തർക്കം പത്തനംതിട്ട ഡിസിസിയിലും രൂക്ഷമായി. മന്ത്രി അടൂർ പ്രകാശിന്റെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പ് നേതാക്കൾ ഡിസിസി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.