- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മുഖ്യമന്ത്രിയെ ആക്രമിച്ചു കൊല്ലാൻ ശ്രമിച്ചു'; വിമാനത്തിനുള്ളിൽ വച്ച് നിയമവിരുദ്ധ പ്രവർത്തനം നടത്തി; സംഘം ചേർന്ന് ഒരേ ഉദ്ദേശ്യത്തോടെ കുറ്റകൃത്യം ചെയ്യുക; വിമാനത്തിന് സുരക്ഷാ ഭീഷണി ഉണ്ടാക്കി; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് ചുമത്തിയത് സാധ്യമായ വകുപ്പുകളെല്ലാം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത് പരാമാവധി ചുമത്താൻ സാധിക്കുന്ന വകുപ്പുകളെല്ലാമാണ്. വിമാനത്തിൽ മുദ്രാവാക്യം വിളിച്ചവർ അദ്ദേഹത്തെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ). മുഖ്യമന്ത്രിയെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെ ഗൂഢാലോചന നടത്തിയെന്നും വലിയതുറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആരോപിക്കുന്നു.
യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് ചുമത്തിയ വകുപ്പുകൾ ഇവയാണ്:
ഇന്ത്യൻ ശിക്ഷാനിയമം 120 ബി: ഗൂഢാലോചന, 332:ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുന്നവിധം ഉദ്യോഗസ്ഥനെ ആക്രമിച്ചു പരുക്കേൽപ്പിക്കുക, 307:വധശ്രമം, 34: സംഘം ചേർന്ന് ഒരേ ഉദ്ദേശ്യത്തോടെ കുറ്റകൃത്യം ചെയ്യുക.
2021ലെ എയർക്രാഫ്റ്റ് (ഇൻവെസ്റ്റിഗേഷൻ ഓഫ് ആക്‌സിഡന്റ്‌സ് ആൻഡ് ഇൻസിഡന്റ്‌സ്) റൂൾസ് 22ാം വകുപ്പ്: വിമാനത്തിനുള്ളിൽ വച്ച് സംഘടിതമായും ബോധപൂർവവും കുറ്റകൃത്യത്തിൽ ഏർപ്പെടുക.
1934 ലെ എയർക്രാഫ്റ്റ് നിയമം 11 എ വകുപ്പ്: വിമാനത്തിനുള്ളിൽ വച്ച് നിയമവിരുദ്ധ പ്രവർത്തനം നടത്തുക (2 വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റം.)
1982 ലെ വ്യോമയാന സുരക്ഷയ്‌ക്കെതിരായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ അടിച്ചമർത്തുന്നതിനുള്ള നിയമം 3(1) എ വകുപ്പ്: പറന്നു കൊണ്ടിരിക്കുന്ന വിമാനത്തിൽ വച്ച് വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിധം അതിൽ സഞ്ചരിക്കുന്ന വ്യക്തിക്കെതിരെ നിയമവിരുദ്ധമായും ബോധപൂർവവും പ്രവർത്തിക്കുക. (ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം.)
അതേസമയം വിമാനം വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം നടന്ന സംഭവമാണെന്ന് ഇൻഡിഗോ കമ്പനി തന്നെ റിപ്പോർട്ട് നൽകിയിട്ടുള്ളതിനാൽ ഇതിൽ ഒടുവിൽ പറഞ്ഞിരിക്കുന്ന കുറ്റം നിലനിൽക്കില്ലെന്നു നിയമവിദഗ്ദ്ധർ പറയുന്നു. വ്യോമയാന നിയമങ്ങളിലെ വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തണമെങ്കിൽ വിമാനക്കമ്പനിയോ ഡിജിസിഎയോ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) അതുപോലെയുള്ള ഏജൻസികളോ പരാതി നൽകണം. എന്നാൽ, വിമാനക്കമ്പനി നൽകിയ പ്രാഥമിക റിപ്പോർട്ട് ഒഴികെ ഒരു പരാതിയും അത്തരം ഏജൻസികളിൽനിന്നു ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ, സുനിത് നാരായണൻ എന്നിവരാണു കേസിലെ പ്രതികൾ. സുനിത് ഒളിവിലാണെന്നു പൊലീസ് പറയുന്നു. മുഖ്യമന്ത്രിയുടെ ഗൺമാൻ എസ്.അനിൽ കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്. മുഖ്യമന്ത്രിക്കു നേരെ പ്രതികൾ മുദ്രാവാക്യം ഉയർത്തി പാഞ്ഞടുക്കുകയായിരുന്നെന്ന് എഫ്‌ഐആറിൽ പറയുന്നു. വിമാനം ലാൻഡ് ചെയ്യുമ്പോഴുള്ള നിയമപരമായ നിർദേശങ്ങൾ പാലിക്കാതെയും സീറ്റ് ബെൽറ്റ് ധരിക്കാതെയും വിമാനത്തിനകത്തു നടന്നു രാഷ്ട്രീയ മുദ്രാവാക്യങ്ങൾ വിളിച്ചു.
വിമാനത്തിലെ 20 എ സീറ്റിലിരുന്ന മുഖ്യമന്ത്രിക്കു നേരെ 'നിന്നെ ഞങ്ങൾ വച്ചേക്കില്ലെടാ' എന്ന് ആക്രോശിച്ചു കൊണ്ടു പാഞ്ഞടുത്ത പ്രതികൾ അദ്ദേഹത്തെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു. വിമാനത്തിനു സുരക്ഷാ ഭീഷണി ഉണ്ടാക്കി. മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരൻ തടയാൻ ശ്രമിച്ചപ്പോൾ ദേഹോപദ്രവം ഏൽപിച്ചു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി: എഫ്‌ഐആറിൽ പറയുന്നു.
എഫ്‌ഐആറിൽ ഇരയുടെ കോളത്തിൽ പിണറായി വിജയൻ എന്നാണുള്ളത്. വയസ്സ് 50-80 എന്നും. വിമാനത്തിലെ സംഭവം അന്വേഷിക്കാൻ കണ്ണൂർ ക്രൈംബ്രാഞ്ച് എസ്‌പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിൽ 6 അംഗ പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചു. കേസിന്റെ ഗൗരവം കണക്കിലെടുത്താണു പ്രത്യേക സംഘം രൂപീകരിച്ചതെന്നു ഡിജിപി അനിൽ കാന്ത് ഉത്തരവിൽ വ്യക്തമാക്കി.
കേസിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർ.കെ.നവീൻ കുമാർ, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ് എന്നിവരെ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് (11) 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവരുടെ ജാമ്യാപേക്ഷയിൽ ഇന്നു വിധി പറയും. യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നുവെന്ന് എൽഡിഎഫ് കൺവീനർ തുടക്കം മുതൽ ഉന്നയിച്ച ആരോപണം തെറ്റാണെന്ന് വ്യക്തമായിട്ടുണ്ട്.
നവീൻ കുമാറിനെയും ഫർസീൻ മജീദിനെയും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ വിമാനത്തിനുള്ളിൽ തള്ളിയിട്ടു തൊഴിക്കുകയും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ക്രൂരമായി മർദിക്കുകയും ചെയ്തുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ