കോഴിക്കോട്: കോൺഗ്രസ് നേതൃത്വത്തിന്റെ ഇന്നത്തെ നിലപാടുകളോട് യോജിക്കാൻ പറ്റില്ലെന്നും കോൺഗ്രസിനെ ശിഥിലമാക്കുകയാണ് നേതൃത്വമെന്നും ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിയെയും സംസ്ഥാന നേതൃത്വത്തെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ സംഘടനാ പ്രമേയം. നേതൃത്വത്തിന്റെ തീരുമാനങ്ങൾ പാർട്ടിയെ ശിഥിലമാക്കികൊണ്ടിരിക്കുകയാണെന്നും മോദിയോട് ഏറ്റുമുട്ടാൻ പോന്ന നേതൃത്വമില്ലാത്തത് പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്നതായും പ്രമേയത്തിൽ പറയുന്നു.

കഴിഞ്ഞ ദിവസം കുന്ദമംഗലം പൂവാട്ടു പറമ്പിൽ നടന്ന നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രവർത്തക കൺവെൺഷനിലായിരുന്നു നേതൃത്വത്തെ വിമർശിച്ച് പ്രമേയം അവതരിപ്പിച്ചത്. എം.കെ രാഘവൻ എംപി, അഡ്വ. ടി. സിദ്ദീഖ്, ഡീൻ കുര്യാക്കോസ് തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രമേയം പാസാക്കിയത്.

എന്നാൽ പ്രമേയത്തിനെതിരെ ജില്ലയിലെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കമ്മിറ്റികളിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. ജില്ലാ, ബ്ലോക്ക് യൂത്ത് കോൺഗ്രസ് ഘടകങ്ങളുമായി ആലോചിക്കാതെയാണ് നിയോജകമണ്ഡലം കമ്മിറ്റി സ്വയം ഇഷ്ടപ്രകാരം പ്രമേയം അവതിപ്പിച്ചതെന്നാണ് യൂത്ത് നേതാക്കളുടെ വാദം. കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധത്തോടൊപ്പം പ്രമേയത്തെ ചൊല്ലി യൂത്ത് കോൺഗ്രസ് ഘടകങ്ങളിലും ഉൾപ്പോര് ശക്തമായിരിക്കുകയാണ്.

കേന്ദ്രത്തിൽ അതിശക്തമായ നേതൃത്വം ഇല്ലെന്നു ചൂണ്ടിക്കാട്ടുന്നതോടൊപ്പം കേരളത്തിൽ ഹൈക്കമാന്റിന്റെ തീരുമാനങ്ങൾ അംഗീകരിക്കാത്ത തലത്തിലേക്ക് ഇവിടത്തെ ഗ്രൂപ്പുകൾ മാറിയിരിക്കുകയാണാണെന്നും വിമർശനമുണ്ട്. സ്ഥിരം പല്ലവിയായ സംഘടനാ, പാർലമെന്ററി രംഗത്ത് യുവ പ്രാതിനിധ്യം മേണമെന്ന് ആവർത്തിക്കുന്നു. യൂത്ത് കോൺഗ്രസ് ശക്തമായ ഇടപെടലുകളും സമരങ്ങളും സംഘടിപ്പിക്കുമ്പോൾ നേതാക്കളുടെ കെടുകാര്യസ്ഥതക്കെതിരെയാണ് പ്രമേയത്തിലെ കൂടുതൽ പരാമർശം. കോൺഗ്രസ് നേതാക്കൾ പലരും സ്വന്തം മക്കളെ പാർട്ടി പ്രവർത്തനത്തിനറക്കാതെ മറ്റു പാർട്ടികളുടെ കൊടി പിടിക്കുന്നത് കണ്ട് ആസ്വദിക്കുകയാണെന്ന ആക്ഷേപവും ഉയർന്നു.

വിവാദത്തിനിടയാക്കിയ, യൂത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി ഇ.കെ നിധീഷ് മാവൂർ അവതരിപ്പിച്ച സംഘടനാ പ്രമേയത്തിലെ ചില ഭാഗങ്ങൾ ഇങ്ങിനെയാണ്: 'കോൺഗ്രസ് എന്ന മാതൃസംഘടനക്ക് തകർച്ചയോ തെറ്റുകളോ സംഭവിച്ചാൽ ഉയർത്തിക്കൊണ്ടുവരുവാനും തിരുത്താനും എന്നും യൂത്ത് കോൺഗ്രസ് ധീരമായ നിലപാടുകൾ എടുത്തിട്ടുണ്ട്. എന്നിരുന്നാലും ഇന്നത്തെ കോൺഗ്രസ് നിലപാടുകളോട് നൂറ് ശതമാനം കൂടെ നിൽക്കാൻ യൂത്ത് കോൺഗ്രസിന് സാധിക്കില്ല. കാരണം ഇന്നത്തെ നേതൃത്വത്തിന്റെ തീരുമാനങ്ങൾ ഇന്ത്യയിലെ ഏറ്റവും വലുതെന്ന് അവകാശപ്പെടുന്ന മതേതര-ജനാധിപത്യ-രാഷ്ട്രീയ സംഘടനയായ കോൺഗ്രസിനെ ശിഥിലമാക്കി കൊണ്ടിരിക്കുകയാണ്. വ്യക്തമായി പറഞ്ഞാൽ നരേന്ദ്ര മോദിയുടെ ' കോൺഗ്രസ് മുക്ത ഭാരതം' എന്നതിലേക്ക് നമ്മുടെ നേതൃത്വം ചെന്ന് നിന്ന് കൊടുക്കുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നിലപാടുകൾക്കെതിരെ അതിശക്തമായി പ്രവർത്തിക്കാൻ കോൺഗ്രസിന് സാധിക്കണം. കേന്ദ്രത്തിൽ കോൺഗ്രസിന് അതിശക്തമായി ഒരു നേതൃത്വത്തിന്റെ ഇപ്പോഴത്തെ അഭാവം പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്നു. അതിന് മാറ്റം വരണം. മോദിയെ പോലുള്ളവരോട് ഏറ്റുമുട്ടാൻ അതിശക്തനായ വ്യക്തി നമ്മുടെ നേതൃത്വത്തിന് ഉണ്ടാവണം.

കേരളത്തിൽ ഹൈക്കമാന്റിന്റെ തൂരുമാനങ്ങൾ അംഗീകരിക്കാനോ നടപ്പിലാക്കാനോ ശ്രമിക്കാത്ത തരത്തിലേക്ക് നേതൃത്വം ഗ്രൂപ്പ് അടിസ്ഥാനത്തിൽ മാറിക്കഴിഞ്ഞു. ഇത് താഴെ തട്ടിലുള്ള പ്രവർത്തകരുടെ മനോവീര്യം തകർക്കുകയും ഹൈക്കമാൻഡിലുള്ള വിശ്വാസം നഷ്ടപ്പെടുകയും ചെയ്തു. മുതിർന്നവർ സ്ഥാനമാനങ്ങളിൽ നിന്ന് മാറി നിന്നാലെ യുവാക്കൾക്ക് അവസരം ലഭിക്കുകയുള്ളൂവെന്ന് പരസ്യമായി വിഴുപ്പലക്കുന്ന നേതൃത്വങ്ങളോട് ഞങ്ങൾക്ക് പറയാനുള്ളത്, നിങ്ങൾ പ്രവർത്തിച്ച് മറ്റുള്ളവർക്ക് മാർഗ ദർശികളായി വിമർശനത്തിന് തുനിയണം എന്നാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സംഘടന തീരുമാനിച്ച സ്ഥാനാർത്ഥികളെ പാകപ്പിഴവുകൾ ഉണ്ടെങ്കിൽ പരാജയപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ നടപടി സ്വീകരിച്ച നേതൃത്വം നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ പരാജയപ്പെടാനുണ്ടായ കാരണങ്ങൾ വിശദമായി അന്വേഷിക്കാനോ കാരണക്കാർക്കെതിരെ ശക്തമായ നടപടികൾ എടുക്കാനോ തയ്യാറാവാതിരുന്നത് അപമാനകരമാണ്. നേതാക്കൾക്ക് ഒരു നിയമവും പ്രവർത്തകർക്ക് വേറൊരു നിയമവും എന്ന വ്യവസ്ഥ സംഘടനക്ക് ഭൂഷണമല്ല.' കേന്ദ്ര, സംസ്ഥാന നേതാക്കളെ അതിരൂക്ഷമായി വിമർശിക്കുന്ന അഞ്ച് പേജടങ്ങുന്ന പ്രമേയമാണ് കമ്മിറ്റിക്കു വേണ്ടി ജനറൽ സെക്രട്ടറി അവതരിപ്പിച്ചത്. ഘടകങ്ങൾക്കും ഗ്രൂപ്പുകൾക്കുമിടയിൽ ഉൾപ്പോരിന് ഇടയാക്കിയിരിക്കുകയാണ് പ്രമേയം.