- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യൂത്ത് കോൺഗ്രസ് വക്താക്കളെ തിരഞ്ഞെടുത്തത് 'യുവ ഇന്ത്യയുടെ ശബ്ദം' മത്സരത്തിലൂടെ; പ്രസംഗ പരിചയവും അഭിമുഖവും കണക്കാക്കി അന്തിമ പട്ടിക തയ്യാറാക്കി; വിവാദമായത് നിയമനം സംസ്ഥാന നേതൃത്വത്തിലെ ആരും അറിയാതെ വന്നതോടെ
ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താക്കളെ തെരഞ്ഞെടുത്തതിലും വേഗത്തിലാണ് ലിസ്റ്റ് റദ്ദാക്കിയത്. കോൺഗ്രസിലെ പുനഃസംഘടനാ തർക്കത്തിനു പിന്നാലെയാണ് ഈ വിഷയവും വിവാദമായി വന്നത്. കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണനടക്കം അഞ്ച് പേരെ വക്താക്കളായി നിയമിച്ച നടപടി കേരളത്തിൽ ഉയർന്ന എതിർപ്പിനെ തുടർന്നു ദേശീയ നേതൃത്വം മരവിപ്പിക്കുകയായിരുന്നു.
യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താക്കളെ ദേശീയ നേതൃത്വം നിയമിച്ചത് രാജ്യവ്യാപകമായി നടത്തിയ മത്സരത്തിലൂടെ. സജീവ രാഷ്ട്രീയത്തിനു പുറത്തു നിന്നുള്ള യുവാക്കളെ സംഘടനയുടെ വക്താക്കളാക്കുക എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ ഒന്നര വർഷം മുൻപ് ആരംഭിച്ച 'യുവ ഇന്ത്യയുടെ ശബ്ദം' എന്ന മത്സരത്തിലൂടെയാണ് അർജുൻ രാധാകൃഷ്ണൻ ഉൾപ്പെടെ 5 പേരെ തിരഞ്ഞെടുത്തത്.
അർജുൻ അടക്കമുള്ളവർ സജീവ രാഷ്ട്രീയത്തിൽ ഉള്ളവരല്ലെന്നാണു സംസ്ഥാന നേതൃത്വത്തിന്റെ പരാതി. അത്തരത്തിലുള്ള യുവാക്കളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് വ്യത്യസ്ത രീതിയിലുള്ള മത്സരം സംഘടിപ്പിച്ചതെന്നാണു ദേശീയ നേതൃത്വത്തിന്റെ നിലപാട്. കേരളം പോലെ രാഷ്ട്രീയമായി സജീവമായ സംസ്ഥാനത്ത് അരാഷ്ട്രീയ വക്താക്കളെ വേണ്ടെന്നു സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
മത്സരത്തെക്കുറിച്ച് എല്ലാ സംസ്ഥാനങ്ങളിലും പരസ്യം നൽകിയിരുന്നു. അതിലേക്ക് അപേക്ഷിച്ചവരെ ഉൾപ്പെടുത്തി ദേശീയ നേതൃത്വത്തിന്റെ മീഡിയ വിഭാഗം പല വാട്സാപ് ഗ്രൂപ്പുകൾ ഉണ്ടാക്കി. തൊഴിലില്ലായ്മ, വിലക്കയറ്റം, കോവിഡ് വാക്സിനേഷൻ, ലോക്ഡൗൺ, കർഷക പ്രക്ഷോഭം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ 2 മിനിറ്റ് സംസാരിക്കുന്ന വിഡിയോ അയയ്ക്കാൻ അവരോട് ആവശ്യപ്പെട്ടു. അതിൽ മികവു പുലർത്തിയവരെ അഭിമുഖത്തിനു ക്ഷണിച്ചു. അഭിമുഖത്തിലെ പ്രകടനം കൂടി കണക്കിലെടുത്താണ് വക്താക്കളുടെ അന്തിമ പട്ടിക തയാറാക്കിയത്. കൂടുതൽ വക്താക്കളെ കണ്ടെത്താൻ മത്സരത്തിന്റെ രണ്ടാം സീസൺ ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാന നേതൃത്വം അറിയാതെയാണ് നിയമനം എന്നാണ് ഷാഫി പ്രതികരിച്ചത്. എങ്കിൽ നിയമനത്തിനെതിരെ കേരള ഘടകം ഉടൻ പ്രമേയം പാസാക്കി അറിയിക്കണമെന്ന് ആവശ്യം ഉയർന്നു. ഇതോടെ, അറിയിക്കാതെ നിയമനം നടത്തിയതിലുള്ള പ്രതിഷേധം കേരളത്തിന്റെ ചുമതലയുള്ള യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ഏബ്രഹാം റോയ് മാണിയെ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ അറിയിച്ചു. പിന്നാലെ ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസുമായി ഏബ്രഹാം വിഷയം ചർച്ച ചെയ്തു. തുടർന്നാണ്, നിയമനം മരവിപ്പിക്കുകയാണെന്നറിയിച്ച് അർധരാത്രിയോടെ വാർത്താക്കുറിപ്പിറക്കിയത്.
അർജുന്റെ കാര്യത്തിൽ മാത്രമല്ല അഭിപ്രായ വ്യത്യാസം. പട്ടികയിലുള്ള നീതു ഉഷ യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ ഭാരവാഹിയാണ്. മറ്റുള്ളവർ യൂത്ത് കോൺഗ്രസ് ഭാരവാഹികൾക്കു തന്നെ പരിചയമുള്ളവരല്ല. അതതു സംസ്ഥാനങ്ങളിൽ നിന്നു നൽകുന്ന പട്ടിക അടിസ്ഥാനമാക്കി ദേശീയ നേതൃത്വം നിയമനങ്ങൾ നടത്തുന്നതാണു പതിവ്. ഇതു പ്രഖ്യാപിക്കുന്നതിനു മുൻപായി സംസ്ഥാന നേതൃത്വങ്ങളെ അറിയിക്കാറുമുണ്ട്. എന്നാൽ, സംസ്ഥാന പ്രസിഡന്റ് അറിയാതെ നിയമനം നടക്കുമോ എന്ന ചോദ്യം ഒരു വിഭാഗം ഉയർത്തി. ആദ്യം പ്രതിഷേധം അറിയിച്ചതു താനാണെന്നു ഷാഫി പ്രതികരിച്ചു. കോൺഗ്രസിൽ എ വിഭാഗം നേതാവായ തിരുവഞ്ചൂർ പുനഃസംഘടനാ തർക്കത്തിലടക്കം പുതിയ നേതൃത്വത്തിന്റെ തീരുമാനത്തെ അംഗീകരിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ