കൊല്ലം: കോൺഗ്രസ്സിന്റെ നിയമസഭാ സ്ഥാനാർത്ഥി പട്ടികയിലുള്ള നടൻ ജഗദീഷിനെതിരേ പത്തനാപുരത്ത് പോസ്റ്റർ ഒട്ടിച്ചതിന് പിന്നിൽ കെബി ഗണേശ് കുമാറെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് രംഗത്ത്. യൂത്ത് കോൺഗ്രസിന് ഈ പോസ്റ്ററുമായി യാതൊരു ബന്ധവുമില്ലെന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് സി ആർ മഹേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.

പത്തനാപുരത്ത് ജഗദീഷ് സ്ഥാനാർത്ഥിയാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേ തുടർന്നാണ് പോസ്റ്റർ. യൂത്ത് കോൺഗ്രസ്സിന്റെ പേരിലാണ് പോസ്റ്റർ പ്രതൃക്ഷപ്പെട്ടിട്ടുള്ളത്. കെട്ടിയിറക്കിയ സ്ഥാനാർത്ഥികളെ മണ്ഡലത്തിന് വേണ്ടെന്നും കൊല്ലത്തെ കോൺഗ്രസ് നേതാക്കൾ എങ്ങോട്ട് പോവണമെന്നും പോസ്റ്ററിൽ പറയുന്നു. ഏസി റൂമിൽ ഇരിക്കുന്ന സംസ്ഥാന നേതാക്കൾ ഇതിന് ഉത്തരം പറയണമെന്നും പോസ്റ്ററിൽ പറയുന്നു. കോൺഗ്രസിലെ ഭിന്നതയാണ് ഈ പോസ്റ്ററെന്നായിരുന്നു വിലയിരുത്തൽ. ഇതിനിടെയാണ് ജഗദീഷിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ ആർക്കും എതിർ്പ്പില്ലെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കുന്നത്. പോസ്റ്റർ ഒട്ടിച്ചത് ഗണേശനാണെന്നും ഈ വിഷയത്തിൽ അന്വേഷണം വേണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നു.

പത്തനാപുരത്തെ പ്രാദേശിക യൂത്ത് കോൺഗ്രസുകാരും ജഗദീഷിന് അനുകൂലമാണ്. പത്തനാപുരത്ത് ഏറ്റവും അനുയോജ്യനായ കോൺഗ്രസ് സ്ഥാനാർത്ഥി ജഗദീഷ് തന്നെയാണ്. താൻ കോൺഗ്രസുകാരനെന്ന് അഭിമാനത്തോടെ പറയുന്ന ജഗദീഷ് ഒരിക്കലും കെട്ടിയിറക്ക് സ്ഥാനാർത്ഥിയല്ല. യുഡിഎഫിന് തലവേദനയായ ഗണേശിനെ തോൽപ്പിക്കുകയെന്ന ലക്ഷ്യമാണ് ജഗദീഷിനെ സ്ഥാനാർത്ഥിയാക്കാൻ കെപിസിസി ആലോചിക്കുന്നതിന് പിന്നിൽ. മലയാളികൾ അംഗീകരിച്ച നടനാണ് ജഗദീഷിനെ ഗണേശൻ ഭയപ്പെടുന്നു. അതുകൊണ്ടാണ് പോസ്റ്റർ ഒട്ടിച്ചത്. ഇതിലേക്ക് യൂത്ത് കോൺഗ്രസിന്റെ പേര് വലിച്ചിഴച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ഇക്കാര്യത്തിൽ ആഭ്യന്തരവകുപ്പിനോട് അന്വേഷണം ആവശ്യപ്പെടുമെന്നും സിആർ മഹേഷ് മറുനാടനോട് പറഞ്ഞു. പത്തനാപുരത്തെ യൂത്ത് കോൺഗ്രസുകാരെല്ലാം ജഗദീഷിനെ സ്ഥാനാർത്ഥിയാക്കിയാൽ ജയിപ്പിക്കാനായി ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും മഹേഷ് കൂട്ടിച്ചേക്കുന്നു.

കൊല്ലം ഡിസിസി ജഗദീഷിന്റെ കാര്യത്തിൽ അനുകൂല തീരുമാനമെടുത്തതോടെ താര പോരാട്ടത്തിന് പത്തനാപുരം വേദിയാവുകയാണ്. ഇതിനിടെയാണ് പോസ്റ്റർ വിവാദം എത്തിയത്. കോൺഗ്രസിൽ ജഗദീഷിനോട് താൽപ്പര്യക്കുറവുണ്ടെന്ന് വരുത്താനുള്ള ബോധപൂർവ്വമുള്ള ശത്രുപക്ഷത്തെ പ്രവർത്തിയാണിതെന്നാണ് യൂത്ത് കോൺഗ്രസിന്റെ വാക്കുകൾ നൽകുന്ന സൂചന. ഗണേശ് കുമാറിന്റെ വ്യക്തിപ്രഭാവം മറികടക്കാൻ സിനിമാരംഗത്തുള്ള ഒരാളെ മൽസരിപ്പിക്കണമെന്നാണ് കോൺഗ്രസ് നിലപാട്. കോൺഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തിയകാര്യം ജഗദീഷും സ്ഥിരീകരിക്കുന്നു. പത്തനാപുരത്ത് ചില പൊതുപരിപാടികളിൽ ജഗദീഷ് പങ്കെടുക്കുകയും ചെയ്തു. കാലങ്ങളായി കോൺഗ്രസ് വേദികളിലെ സജീവ സാന്നിധ്യമാണ് ജഗദീഷ്.

പല തെരഞ്ഞടുപ്പിലും ജഗദീഷിനെ സ്ഥാനാർത്ഥിയായി ആദ്യ ഘട്ടങ്ങളിൽ പരിഗണിച്ചിരുന്നു. ഇത്തവണ കാര്യങ്ങൾ ജഗദീഷിന് അനുകൂലമാക്കുകയാണ് സിനിമാ പ്രേമി കൂടിയായ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും താൽപ്പര്യം. വളരെ മുമ്പേ തന്നെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജഗദീഷിനെ മത്സരിപ്പിക്കണമെന്ന അഭിപ്രായം തുറന്നുപറയുകയും ചെയ്തിരുന്നു. ഇതോടെ മൂവരും ജഗദീഷിന് അനുകൂലമായി. ജഗദീഷിന് പത്തനാപുരമെന്നത് മുഖ്യമന്ത്രിയുടെ നിർദ്ദേശമാണ്. ഇതിലൂടെ ഗണേശിനെ വീഴ്‌ത്താമെന്നാണ് കണക്ക് കൂട്ടൽ. പത്താനാപുരത്ത് മൂന്ന് തവണയായി ഗണേശാണ് എംഎൽഎ. മൂന്ന് തെരഞ്ഞെടുപ്പിലും സിനിമാക്കാരുടെ പട തന്നെ പ്രചരണത്തിനായി എത്തി. ഈ ഗ്ലാമറും ഗണേശ് കുമാറിന്റെ വിജയത്തെ സ്വാധീനിച്ചിട്ടുണ്ട്.

ഇത്തവണയും ഈ കളിക്ക് ഗണേശ് തയ്യാറാകും. ഇടതു പക്ഷമാകുമ്പോൾ കൂടുതൽ പേരെത്തും. ഇതിന് തടയാൻ ജഗദീഷാണ് മികച്ച സ്ഥാനാർത്ഥിയെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. ജഗദീഷ് സ്ഥാനാർത്ഥിയാകുമ്പോൾ ഗണേശിനായി വോട്ട് ചോദിച്ച് വെള്ളിത്തിരയിലെ പ്രധാനികൾ ആരും എത്തില്ല. ഇത് ഗണേശിന്റെ ജനപ്രിയത കുറയ്ക്കും. സിനിമാക്കാർക്ക് പോലും ഗണേശിനെ താൽപ്പര്യമില്ലെന്ന് വരുത്താനാണ് നീക്കം. പ്രചരണ യോഗത്തിലേക്ക് സിനിമാ നടന്മാരുടെ ഗ്ലാമർ കാട്ടി ആളെ കൂട്ടാനുള്ള ഗണേശിന്റെ തന്ത്രം പൊളിയും. ഈ നിർദ്ദേശം ഏറ്റെടുക്കാൻ ജഗദീഷും തയ്യാറായെന്നതാണ് വസ്തുത.