ചെന്നൈ: തമിഴ്‌നാട്ടിൽ പൊങ്കൽ ആഘോഷം നടക്കുന്നതിനിടെ ജെല്ലിക്കെട്ടിൽ പരിക്കേറ്റ് ഒരു യുവാവ് മരിച്ചു. മധുരയിലെ പാലമേട് നടന്ന ജെല്ലിക്കെട്ടിൽ ഡിണ്ടിഗൽ സ്വദേശിയാണ് മരിച്ചത്. പത്തൊമ്പതുകാരനായ കാളിമുത്തു എന്ന യുവാവ് ഫിനിഷിങ് പോയന്റിന് സമീപം ജെല്ലിക്കെട്ട് കണ്ടുനിൽക്കുന്നതിനിടെ കാള ഓടിയെത്തി കുത്തുകയായിരുന്നു.

25 പേർക്ക് പരിക്കേറ്റു. ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിണ്ടിഗലിന് സമീപം സനാർപെട്ടി സ്വദേശിയാണ് കാളിമുത്തു. അപകടകരമാം വിധം നടക്കുന്ന ജെല്ലിക്കെട്ട് എന്ന കാളപ്പോരിന് എതിരെ വലിയ പ്രതിഷേധം ഉയരുകയും ഇത് സുപ്രീംകോടതി നിരോധിക്കുകയും ചെയ്തിരുന്നു. എന്നാൽ വലിയ പ്രതിഷേധമാണ് തമിഴ്‌നാട്ടിൽ ഉയർന്നത്. വിലക്കു ലംഘിച്ച് പലയിടത്തും ജെല്ലിക്കെട്ട് നടക്കുന്നതും പതിവാണ്.