മൂലമറ്റം: ഇടുക്കി മൂലമറ്റം അശോകക്കവലയിൽ ഹോട്ടലിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് വെടിവെപ്പിൽ യുവാവ് കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മൂലമറ്റത്ത് സർവീസ് നടത്തുന്ന ദേവി എന്ന സ്വകാര്യ ബസിന്റെ കണ്ടക്ടർ കീരിത്തോട് സ്വദേശി സനൽ ബാബു(32)വാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എ.കെ.ജി. കോളനിക്കടുത്ത് താമസിക്കുന്ന ഫിലിപ്പ് മാർട്ടിനെ(30) പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക വിവരം ഇങ്ങനെ; ശനിയാഴ്‌ച്ച രാത്രി 11 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.അശോക കവലയിൽ പുതുതായി പ്രവർത്തനം അരംഭിച്ച ഹോട്ടലിൽ ഫിലിപ്പും കൂട്ടാളികളും ഭക്ഷണം കഴിക്കാനെത്തി.സുനിലും മൂന്നുപേരുമാണ് സംഘത്തിലുണ്ടായിരുന്നത്.ഭക്ഷണത്തെച്ചൊല്ലി ഇവർ ഹോട്ടൽ ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെട്ടപ്പോൾ നാട്ടുകാർ വിഷയത്തിൽ ഇടപെട്ട് പരിഹരിക്കാൻ ശ്രമം നടത്തി.ഇതിൽ ക്ഷൂഭിതനായ ഫിലിപ്പ് നാട്ടുകാരോടും വഴക്കിട്ടു.

വഴക്ക് കയ്യാങ്കളിയിലേക്ക് മാറുകയും വിഷയത്തിൽ ഇടപെട്ട സനലിനെ ഫിലിപ്പ് മർദ്ദിച്ചതായും പറയുന്നു.ശേഷം അവിടെ നിന്നും രക്ഷപ്പെട്ട ഫിലിപ്പിനെ സനലും സംഘവും പിന്തുടരുകയായിരുന്നുവെന്നും മർദ്ദിച്ചതിന്റെ പ്രതികാരമെന്നോണം കാറിനെ പിന്തുടർന്നെത്തിയ സനലും കൂട്ടാളികളും മൂലമറ്റം വീനസ് സർവീസ് സെന്ററിനടുത്ത് വെച്ച് ഫിലിപ്പിനെ തടഞ്ഞതോടെ വീണ്ടും സംഘർഷമുണ്ടായി.ഇവിടെയും പ്രശ്‌നം രൂക്ഷമായതോടെ ഫിലിപ്പിന്റെ കാറ് അടിച്ചു തകർത്തായും മർദിച്ചതായും പറയുന്നു.

ഇതിനിടെ ക്ഷുഭിതനായ ഫിലിപ്പ് കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് വെടിവെക്കുകയായിരുന്നു. തോക്കുമായി വരുന്നതുകണ്ട് ബൈക്കിൽ രക്ഷപ്പെടാന് ശ്രമിക്കുന്നതിനിടെ സനലിന്റെ തലയ്ക്ക് പിന്നിലാണ് വെടിയേറ്റത്. ഇയാളെ മൂലമറ്റത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിന് പിന്നിൽ മുൻവൈരാഗ്യമില്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനമാണ് കാരണമായതെന്നും മുട്ടം പൊലീസ് അറിയിച്ചു. പ്രതി മുട്ടം പൊലീസ് സ്റ്റേഷനിലാണ് ഇപ്പോഴുള്ളത്. വെടിവയ്‌പ്പ് നടന്നത് കാഞ്ഞാർ പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കാഞ്ഞാർ പൊലീസും കേസന്വേഷിക്കുന്നുണ്ട്.