തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സ്വന്തം പണം കൊടുത്ത് വീട്ടമ്മ സ്വന്തമാക്കിയ ഓട്ടോറിക്ഷയുടെ ക്രെഡിറ്റ് സ്വന്തം പേരിലാക്കി സിപിഎം. തവണകളായി പണം അടച്ച് വീട്ടമ്മ സ്വന്തമാക്കിയ ഓട്ടോറിക്ഷയാണ് സി പി എമ്മിന്റെ നേതൃത്വത്തിലുള്ള പെരുങ്കടവിള പഞ്ചായത്ത് ഭരണസമിതി തങ്ങളുടെ നേട്ടങ്ങളുടെ പട്ടികയിലാക്കിയത്. തിരഞ്ഞെടുപ്പ് കാലത്ത് ഭരണസമിതിയുടെ നേട്ടങ്ങൾ നിരത്തുമ്പോഴാണ് ഈ ഓട്ടോയും പാർട്ടി പത്രമായ ദേശാഭിമാനി ചുളുവിൽ പാർട്ടിയുടെ അക്കൗണ്ടിലിട്ടത്.

'ലളിതകുമാരിക്ക് ഇത് ജീവിതത്തിലേക്കുള്ള ട്രിപ്പ്' എന്ന തലക്കെട്ടിലാണ് ദേശാഭിമാനിയിലെ വാർത്ത. രോഗിയായ ഭർത്താവിന്റെ ചികിത്സാ ചെലവും ജീവിതച്ചെലവും താങ്ങാനാകാതെ വന്നതോടെ, പെരുങ്കടവിള പഞ്ചായത്താണ് ലളിത കുമാരിക്ക് കൈത്താങ്ങായതെന്ന് വാർത്തയിൽ പറയുന്നു. വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ പഞ്ചായത്തിലെ 16 വാർഡിലായി 16 സ്ത്രീകൾക്കാണ് ഓട്ടോ നൽകിയത്. നാല് വർഷമായി ലളിത കുമാരിയുടെ ഭർത്താവ് ചന്ദ്രൻ നായർ കാൻസർ ബാധിച്ച് കിടപ്പിലാണ്. ഇന്നിപ്പോ ശരാശരി 500 രൂപയ്‌ക്കെങ്കിലും ലളിത കുമാരിക്ക് ഓട്ടം കിട്ടുമെന്നും, കുടുംബത്തിന് അത് വലിയ ആശ്വാസമാകുമെന്നും സഹായം നൽകിയ എൽഡിഎഫ് സർക്കാരിനെ ഇവർ നന്ദിയോടെയാണ് സ്മരിക്കുന്നതെന്നും ദേശാഭിമാനി വാർത്തയിൽ പറയുന്നു.

വാർത്തയോടൊപ്പം ഓട്ടോറിക്ഷയ്ക്ക് മുന്നിൽ പുഞ്ചിരിച്ച് നിൽക്കുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെയും വാർഡ് മെമ്പറുടെയും പടവും പ്രസിദ്ധികരിച്ചിരുന്നു.വനിതകളുടെ സ്വയംതൊഴിൽ സംരംഭ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ പതിനാറു വാർഡുകളിലും ഓട്ടോ നൽകിയെന്നും ഇതേ പദ്ധതിയിലാണ് ലളിത കുമാരിക്കും ഓട്ടോ അനുവദിച്ചതെന്നുമായിരുന്നു പഞ്ചായത്ത് വാദം. ഒപ്പം ലളിതകുമാരിയുടെ ഭർത്താവ് അസുഖബാധിതനായി കിടപ്പിലാണെന്നും വാർത്തയിൽ പരാമർശമുണ്ടായി.

ഇതോടെ ദേശാഭിമാനി വാർത്തയ്‌ക്കെതിരെ ലളിതകുമാരിയുടെ മകൻ വിഷ്ണു ഫേസ്‌ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തി.സംഗതി പാർട്ടി പത്രത്തിന്റെയും സിപിഎമ്മിന്റെയും ബഡായി ആണെന്നാണ് അദ്ദേഹം പോസ്റ്റിൽ പറയുന്നത്. ഏഴുവർഷം മുന്നെ ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് തവണകളായി അടച്ച് വാങ്ങിയതാണ് ഓട്ടോയൊന്നും അല്ലാതെ ആരും സൗജന്യമായി തന്നതല്ലെന്നുമാണ് വിഷ്ണു പ്രതികരിച്ചിരിക്കുന്നത്. മാത്രമല്ല തന്റെ അച്്ഛൻ ഒരു മാസംപോലും കിടപ്പിലായിട്ടില്ലെന്നും ആ മനുഷ്യനെയാണ് ഇങ്ങനെ പറഞ്ഞ് രോഗിയാക്കുന്നതെന്നും മകൻ വിശദീകരിക്കുന്നു. സഖാക്കളോട് ഒരു അപേക്ഷയുണ്ട് 'ഉപകാരം ചെയ്തില്ലേലും ഉപദ്രവിക്കരുത് പ്ലീസ്' എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ...

നമസ്തേ...

ദേശാഭിമാനിയിൽ വന്ന ഒരു വാർത്തയാണ്. അതിൽ പറയുന്ന ലളിത കുമാരി എന്റെ അമ്മയാണ്.
പെരുങ്കടവിള പഞ്ചായത്തിലെ പ്രസിഡന്റും, വാർഡ് മെമ്പറും തള്ളി മറിക്കുന്ന ഈ ഓട്ടോ ഏഴ് വർഷങ്ങൾക്ക് മുൻപ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കിട്ടിയതാണ് അത് ആരും ചുമ്മാ തള്ളി തന്നതല്ല. തവണകളായി പണമടച്ച് മേടിച്ചത് ആണ് ആ ഓട്ടോ ആണ് പെരിങ്കടവിളയിലെ സഖാക്കൾ ഇലക്ഷൻ അടുത്തപ്പോൾ ഒന്നുകൂടെ ഫ്രീയായി കൊടുത്തത്. ചന്ദ്രൻ നായർ നാലുവർഷമായി കിടപ്പിലാണ്. ഞങ്ങളാരും ഇത് അറിഞ്ഞിട്ടില്ല. അസുഖം വന്നപ്പോൾ ഇവിടെയുള്ള ഒരു രാഷ്ട്രീയപാർട്ടികളും ഒരു സഹായവും ചെയ്തില്ല ഞങ്ങളുടെ പണത്തിന് തന്നെയാണ് ആണ് അച്ഛനെ ചികിത്സിച്ചത്. ഇപ്പോൾ സുഖമായി എണീറ്റ് നടക്കുന്നു നാലുവർഷം പോയിട്ട് ഒരു മാസം പോലും കിടക്കേണ്ടി വന്നിട്ടില്ല അങ്ങനെയുള്ള ഒരാളിനെ നാലു വർഷമായി കിടപ്പിൽ ആക്കിയിരിക്കുകയാണ് പെരിങ്കടവിള പഞ്ചായത്തിലെ ഭരണവർഗങ്ങൾ. വോട്ടിനുവേണ്ടി ദയവായി ചെറ്റത്തരം കാണിക്കരുത്. സഖാക്കളോട് ഒരു അപേക്ഷയുണ്ട് 'ഉപകാരം ചെയ്തില്ലേലും ഉപദ്രവിക്കരുത് പ്ലീസ്'