മുംബൈ: അച്ഛനെയും മുത്തച്ഛനെയും കുത്തിക്കൊന്ന ശേഷം ജീവനൊടുക്കിയ യുവാവിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പൊലീസ്. മുംബൈ എൽബിഎസ് മാർഗ് വസന്ത് ഓസ്‌കാർ ബിൽഡിങ്ങിൽ താമസിക്കുന്ന ശ്രാദുൽ മാംഗ്ലെ(20)യാണ് അച്ഛനായ മിലിന്ദ് മാംഗ്ലെ(55) മുത്തച്ഛൻ സുരേഷ് മാംഗ്ലെ(85) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആറാംനിലയിലെ ഫ്‌ളാറ്റിൽനിന്ന് ചാടി ആത്മഹത്യ ചെയ്തത്. വീട്ടിലെ സഹായി മാത്രമാണ് ഇയാളുടെ കത്തിക്കിരയാകാതെ രക്ഷപെട്ടത്.

വിവാഹമോചനം നേടിയ ശേഷം ശ്രാദുലിന്റെ മാതാപിതാക്കൾ രണ്ടിടങ്ങളിലായാണ് താമസം. പിതാവിനും മുത്തച്ഛനും ഒപ്പമായിരുന്നു ഇയാൾ കഴിഞ്ഞിരുന്നത്. 20-കാരനായ ശ്രാദുലിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നു. സ്ഥിരമായി മരുന്ന് കഴിക്കുന്ന ശ്രാദുൽ അടുത്തിടെ മരുന്നിന്റെ അളവ് കുറച്ചിരുന്നു. ഇതാകാം പെട്ടെന്നുള്ള പ്രകോപനത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം.

സംഭവസമയത്ത് ശ്രാദുലും അച്ഛനും മുത്തച്ഛനും ഇവരുടെ സഹായിയുമാണ് ഫ്‌ളാറ്റിലുണ്ടായിരുന്നത്. ശ്രാദുലിനോട് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പറഞ്ഞശേഷം സഹായിയായ കാംബ്ലെ അടുക്കളയിലേക്ക് പോയി. ഈ സമയം അടുക്കളയിലെത്തിയ ശ്രാദുൽ കത്തിയെടുക്കുകയും അച്ഛനെ കഴുത്തറുത്തുകൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച അച്ഛനെ പിന്തുടർന്ന് കുത്തിവീഴ്‌ത്തി. അച്ഛന്റെ മരണം ഉറപ്പിച്ചതിന് പിന്നാലെ കിടപ്പിലായ മുത്തച്ഛനെയും ഇയാൾ കുത്തിക്കൊന്നു. ശേഷം ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽനിന്ന് താഴേക്ക് ചാടുകയായിരുന്നു. തലയിലും മറ്റുശരീരഭാഗങ്ങളിലും മുറിവേറ്റ യുവാവ് തൽക്ഷണം മരിച്ചു. വീട്ടിലെ സഹായിയായ അമോൽ കാംബ്ലെ സംഭവസമയം ശൗചാലയത്തിൽ കയറി വാതിലടച്ചതിനാൽ രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്.