മണ്ണാർക്കാട്: മണ്ണാർക്കാട് കോടതിപ്പടിയിലെ തുണിക്കടയിൽ കയറി മൂന്നംഗ സംഘം കുത്തക്കൊനന്നത് മുസ്ലിം ലീഗ് കൗൺസിറുടെ മകനെ. അടുത്തകാലത്തായി നിലനിൽക്കുന്ന സംഘർഷത്തിന്റെ തുടർച്ചയായാണ് ആക്രമണം ഉണ്ടായതെന്നാണ് അറിയുന്നത്. കുന്തിപ്പുഴ സ്വദേശിയും മണ്ണാർക്കാട് നഗരസഭ കൗൺസിലർ വറോടൻ സിറാജുദ്ദീന്റെ മകനുമായ സഫീറാണ് (23) മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. പരിക്ക് ഗുരുതരമായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

കൊലപാതകത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ മണ്ണാർക്കാട് നിയോജക മണ്ഡലത്തിൽ മുസ്‌ലിം ലീഗ് ഹർത്താലിന് ആഹ്വാനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാർക്കാട് യൂനിറ്റും ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.

സഫീറിന്റെ ഉടമസ്ഥതയിലുള്ള ന്യൂയോർക്ക് ജെൻഡ്‌സ് ഷോപ്പിലെത്തിയ മൂന്നംഗ സംഘമാണ് കുത്തിയത്. ഇവർ സഫീറിനെ കുത്തിയ ശേഷം ഓടി രക്ഷപെടുകയായിരുന്നു. സഫീർ യൂത്ത് ലീഗ്-എം.എസ്.എഫ് പ്രവർത്തകനാണ്. കുന്തിപ്പുഴ മത്സ്യമാർക്കറ്റുമായി ബന്ധപ്പെട്ട് പ്രദേശത്ത് സിപിഐ-മുസ്‌ലിം ലീഗ് സംഘർഷം നിലനിന്നിരുന്നു. നേരത്തേ സഫീറിന്റെ വീടിനുനേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവമുണ്ടായിരുന്നു.

കുന്തിപ്പുഴ നമ്പിയൻകുന്ന് സ്വദേശികളായ മൂന്നുപേരാണ് അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് സംഘർഷാവസ്ഥയെത്തുടർന്ന് പൊലീസ് കാവലേർപ്പെടുത്തി. യൂത്ത്‌ലീഗ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. മൃതദേഹം വട്ടമ്പലം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: മുനീർ, ഷെഹ്‌ല.

അതിനിടെ എം.എസ്.എഫ് പ്രവർത്തകൻ കൂടിയായ സഫീറിനെ കുത്തി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച എം.എസ്.എഫ് പ്രതിഷേധ ദിനം ആചരിക്കുന്നു. തിങ്കളാഴ്ച കാമ്പസുകളിലും നിയോജക മണ്ഡലം കേന്ദ്രങ്ങളിലും പ്രതിഷേധ ദിനം ആചരിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ ജന സെക്രട്ടറി എംപി നവാസ് എന്നിവർ ആഹ്വാനം ചെയ്തു.