കൊടൈക്കനാൽ: വെള്ളച്ചാട്ടത്തിന് മുന്നിൽ വീഡിയോയ്ക്ക് പോസ് ചെയ്യുന്നതിനിടെ വീണ് യുവാവ് ഒലിച്ചുപോയി. 26കാരനായ അജയ് പാണ്ഡ്യൻ എന്നയാളാണ് അപകടത്തിൽപ്പെട്ടത്. തമിഴ്‌നാട്ടിലെ കൊടൈക്കനാലിന് സമീപത്തെ പുല്ലാവേലി വെള്ളച്ചാട്ടത്തിലാണ് ഒലിച്ചുപോയത്.

ബുധനാഴ്ചയാണ് കൊടൈക്കനാലിന് സമീപമുള്ള താണ്ടിക്കുടിയിലെ സ്വകാര്യ എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന അജയനും സുഹൃത്തും പുല്ലാവേലി വെള്ളച്ചാട്ടം കാണാൻ പോയത്. അവർ അവിടെവച്ച് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. അജയ് വെള്ളച്ചാട്ടത്തിന് മുന്നിൽ നിൽക്കുന്ന വീഡിയോ സുഹൃത്ത് പകർത്തുന്നതിനിടെ അജയ് കാൽവഴുതി വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു.

ഉടൻ തന്നെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മഴയും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനങ്ങൾക്ക് തടസമായെന്നും പൊലീസ് പറഞ്ഞു.

കരൈക്കുടി സ്വദേശിയാണ് അജയ് പാണ്ഡ്യൻ. ഈ വെള്ളച്ചാട്ടം അതീവഅപകടകരമെന്നാണ് സമീപവാസികൾ പറയുന്നത്. ഇവിടെ പാറക്കെട്ടുകളിൽ കാൽ വഴുതി അഞ്ചുപേരോളം മരണമടഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറെ ദിവസങ്ങളായി കൊടൈക്കനാലിൽ കനത്ത മഴയാണ്. പാറയിൽ കൂടുതൽ വഴുക്കലുണ്ടാകാൻ ഇത് കാരണമായി.

സമാനമായ അപകടത്തിൽ, ബെംഗളൂരുവിൽ നിന്നുള്ള 26 കാരിയായ ടെക്കി നീലഗിരിയിലെ കാളഹട്ടിയിൽ നദിയിൽ മുങ്ങി മരിച്ചിരുന്നു. നദിയുടെ കരയിൽ സെൽഫി എടുക്കുന്നതിനിടെയായിരുന്നു അപകടം. കാളഹട്ടി ഭാഗത്ത് സ്വകാര്യ ലോഡ്ജിൽ തങ്ങുകയായിരുന്നു വനിതാ ടെക്കിയും സഹപ്രവർത്തകരും. കാളഹട്ടിയിലെ നിരോധിത മേഖലയിൽ രണ്ടാം തവണയാണ് വിനോദ സഞ്ചാരികളെ അനുവദിച്ചതെന്നും, അപകടം ക്ഷണിച്ചുവരുത്തുകയായിരുന്നുവെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.