കടപ്പ: സഹോദരിയുമായുള്ള പ്രണയത്തെ എതിർത്തതിന്റെ പേരിൽ നടുറോഡിൽ യുവാവിനെ വെട്ടിക്കൊന്നു. ആന്ധപ്രദേശിലെ കടപ്പയിൽ തിരക്കേറിയ റോഡിൽവച്ചാണ് അക്രമം ഉണ്ടായത്. മുപ്പത്തിരണ്ടുകാരനായ മാരുതി റെഡ്ഡിയെന്ന യുവാവാണ് കൊല്ലപ്പെട്ടത്.

ഒട്ടേറെ ആളുകൾ നോക്കിനിൽക്കുമ്പോഴായിരുന്നു സംഭവം. പക്ഷേ, ആരും അക്രമികളെ തടയാൻ ശ്രമിച്ചില്ല. ജനം കാഴ്ചക്കാരായി നോക്കിനിൽക്കുകയും ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു എന്നുമാണ് റിപ്പോർട്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സംഭവശേഷം പ്രതികൾ പൊലീസിൽ കീഴടങ്ങി. റെഡ്ഡിയുടെ സഹോദരിയുമായി പ്രതികളുടെ സഹോദരൻ പ്രണയത്തിലായിരുന്നുവെന്നും അതിന്റെ പ്രശ്‌നങ്ങളാണ് കൊലയിലേക്കു നയിച്ചതെന്നും പൊലീസ് പറഞ്ഞു. ഇതേത്തുടർന്ന് ഇരുകുടുംബങ്ങളുമായി വഴക്കിലായിരുന്നു. അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

റെഡ്ഡി കോടതിയിലേക്കു പോകുമ്പോൾ രണ്ടുപേർ അദ്ദേഹത്തെ ഓട്ടോറിക്ഷയിൽനിന്ന് വലിച്ചിറക്കുകയും നടുറോട്ടിലിട്ട് വെട്ടി ക്കൊലപ്പെടുത്തുകയുമായിരുന്നു. ഓടി രക്ഷപെടാൻ റെഡ്ഡി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നാലെയെത്തിയ അക്രമികൾ. ഡിവൈഡറിന് സമീപത്തിന്ട്ട് വെട്ടിനുറുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പതിനൊന്നു വെട്ടുകളാണ് റെഡ്ഡിയുടെ ശരീരത്തിലുണ്ടായിരുന്നത്.

റെഡ്ഡിയെ കൊലപ്പെടുത്തുന്നതിനെതിരെ ഒരാൾ മാത്രമാണ് പ്രതികരിച്ചത്. മറ്റുള്ളവർ കാഴ്ചക്കാരായി നിന്നതേയുള്ളൂ. എന്നാൽ കൊലയാളികൾ സ്ഥലത്തുനിന്നു പോയതിനുപിന്നാലെയാണ് ചിലരെങ്കിലും മൃതദേഹത്തിനടുത്തേക്ക് എത്തിയത്. പക്ഷെ, കുറേയാളുകൾ അപ്പോഴും ഫോണിൽ വിഡിയോ പകർത്തുന്നിതിന്റെ തിരക്കിലായിരുന്നു.