ആലപ്പുഴ: ഷിനു ഓടുന്നതു സ്വയം ജീവിക്കാൻ വേണ്ടിയല്ല. മറിച്ച് ജീവനുവേണ്ടി പോരടിക്കുന്ന കുരുന്നുകൾക്കും മുതിർന്നവർക്കും വേണ്ടിയാണ്. ബക്കറ്റിൽ വിഴുന്ന നാണയത്തുട്ടുകൾ അതേപടി സ്വരൂപിച്ച് രോഗികൾക്കു നല്കി അവർക്കു കൈത്താങ്ങാകാൻ ശ്രമിക്കുന്ന ഈ ചെറുപ്പക്കാരന്് കേരളത്തിലെ വിവിധ രോഗികൾ ഹൃദയപൂർവം നന്ദി രേഖപ്പെടുത്തുകയാണ്. തിരുവനന്തപുരം സ്വദേശിയായ ഷിനു എന്ന ചെറുപ്പക്കാരന്റെ ജീവിതകഥ ഇങ്ങനെ.

ഇളയമ്മയുടെ കാൻസർബാധയിൽനിന്നും ജിവിതത്തിന്റെ വലിയ പാഠം ഉൾക്കൊണ്ടാണ് ഷിനു എന്ന കായികതാരം തന്റെ ഓട്ടത്തിന്റെ ഗതി തിരിച്ചുവിട്ടത്. കടുത്ത വേദന മൂലവും ചികിൽസയ്ക്ക് പണമില്ലാതെയും ഏറെ ദുരിതം പേറിയ ഇളയമ്മയുടെ മരണം ഷിനുവെന്ന കായികതാരത്തെ വല്ലാതെ ഉലച്ചു. രാജ്യത്തിന്റെ യശസുയർത്തുന്ന കായികതാരമാകണമെന്ന് ഷിനുവിന്റെ മോഹത്തിന് ഇതോടെ കടിഞ്ഞാണായി. പിന്നീടുള്ള ഓട്ടം മുഴുവൻ രാജ്യത്ത് രോഗത്തോട് മല്ലടിക്കുന്ന പാവങ്ങൾക്കുവേണ്ടിയാക്കി. 2008 -ൽ തമിഴിനാട്ടിലെ കാമരാജ് ഫൗണ്ടേഷൻ നടത്തിയ മാരത്തൺ മൽസരത്തിൽ ജേതാവായ ഷിനു തനിക്ക് ലഭിച്ച സമ്മാനത്തുക ശിവാനിയെന്ന കുരുന്നിന്റെ ചികിൽസക്കായി നൽകിയാണ് പുതിയ ദൗത്യത്തിന് തുടക്കമിട്ടത്.

ഇപ്പോൾ സംസ്ഥാനത്തൊട്ടാകെ 56,000 കിലോമീറ്റർ ഓടി 25 ലക്ഷം രുപ സ്വരൂപിച്ച് നൂറോളം രോഗികൾക്ക് ആശ്വാസം നൽകിയ ശേഷമാണ് ഷിനു ഓട്ടം നിർത്തിയത്. പുതിയ രോഗികൾക്കായുള്ള ചികിൽസാസഹായം തേടി ഷിനു ആലപ്പുഴയിൽ നാളെ ഓട്ടത്തിന് തുടക്കമിടും. പിരിച്ചെടുക്കുന്ന പണം ഓരോ ജില്ലയിലെയും ഉത്തരവാദപ്പെട്ട ജനപ്രതിനിധികളുടെയോ ഉദ്യോഗസ്ഥമേധാവികളുടെയോ സാന്നിദ്ധ്യത്തിൽ നൽകുകയാണ് പതിവ്. എവിടെ നിന്നും രോഗികൾ സഹായം അഭ്യർത്ഥിച്ചാലും അവർക്കൊക്കെ സഹായം നൽകാൻ ഷിനു സദാസമയവും തയ്യാറാണ്. സഹായം അർഹരായവരിൽ എത്തുന്നതിനായി ജില്ലകൾ തോറും പ്രത്യേക സമിതിയെ രൂപീകരിച്ചിട്ടുണ്ട്. ഇവരുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സഹായം നൽകുന്നത്.

നേരത്തെ മുഴുവൻ ആളുകൾക്കും നൽകിയിരുന്ന പണം പലപ്പോഴും മറ്റു കാര്യങ്ങൾക്കായി ഉപയോഗിക്കുന്നതു മൂലമാണ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സഹായം നൽകുന്നത്. 2008 ലെ കന്നി ഓട്ടത്തിൽ 19,000 രൂപയാണ് പിരിച്ചെടുക്കാൻ കഴിഞ്ഞത്. അന്ന് പാറശാല മുതൽ കാസർഗോഡ് വരെയായിരുന്നു ഓട്ടം . ഏറ്റവും കുറവ് പണം ലഭിച്ചത് കാസർഗോഡ് നിന്നായിരുന്നു. വെറും 650 രൂപ. എന്നാൽ തന്റെ ദൗത്യത്തിന്റെ വിശുദ്ധി മനസിലാക്കി പിന്നീട് നടത്തിയ ഓട്ടത്തിൽ കാസർഗോഡ് നിന്നും രണ്ടുലക്ഷം രൂപ ലഭിച്ചതായി ഷിനു പറഞ്ഞു.

കേരളം മുഴുവൻ ഓടിത്തീർത്ത ഷിനുവിനെ തേടി റെക്കോർഡുകൾ വന്നു തുടങ്ങിയെന്നു തന്നെ പറയാം. ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്, ലിംകാ ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് എന്നിവ കരസ്ഥമാക്കിയിട്ടുള്ള ഷിനുവിനു ലോകത്തിന്റെ നെറുകയിലെത്താൻ ഏഴുദിവസങ്ങൾ മാത്രം മതി. ഗിന്നസ് റെക്കോഡിലേക്കു വിവരമറിയിച്ചു ഷിനുവിന്റെ പേര് എഴുതിച്ചേർക്കാൻ ഭാരവാഹികൾ സമീപിച്ചെങ്കിലും ഷിനു ഇതിന് തയ്യാറായിട്ടില്ല. ഏഴുദിവസം കൊണ്ട് കേരളം മുഴുവൻ ഓടി തീർത്താൽ ഷിനു റെക്കോർഡിൽ ഇടംനേടും. പക്ഷെ ഇതിന്റെ പേരിൽ മാറാരോഗത്തിന്റെ പിടിയിലമർന്ന് വേദനിക്കുന്ന കുരുന്നുകൾക്ക് സഹായം എത്തിക്കുന്ന ദൗത്യത്തിൽനിന്നും മാറിനിൽക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഷിനു.

തലസ്ഥാന നഗരിയിലെ നെയ്യാറ്റിൻകരയിൽ പനയിൽപറമ്പിൽ ശ്രീനിവാസൻ - ശുഭാദേവി ദമ്പതികളുടെ മകനാണ് അവിവാഹിതനായ ഈ ചെറുപ്പക്കാരൻ. ജീവിക്കാൻ സഹോദരങ്ങൾക്കൊപ്പം പച്ചക്കറിവ്യാപാരം നടത്തുന്ന ഷിനുവിന് ഇപ്പോൾ ഇതിനായി സമയം ലഭിക്കുന്നില്ലെന്നാണ് പറയുന്നത്. കഴിഞ്ഞ വർഷം വീട്ടിൽ എത്തിയത് 12 ദിവസം മാത്രമായിരുന്നു. ബാക്കി മുഴുവൻ സമയവും നാടു മുഴുവൻ ഓടുകയായിരുന്നു. തന്റെ ദൗത്യം ജനങ്ങളിലെത്തിക്കാൻ.